തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ 10 രൂപ ടിക്കറ്റ് നൽകിയുള്ള കെ.എസ്.ആർ.ടി.സിയുടെ യാത്ര തുടരില്ലെന്നും അത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നെന്നും ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പ്രസ്താവന മുൻ മന്ത്രി ആന്റണി രാജുവിനുള്ള ഒളിയമ്പോ? ആന്റണി രാജു കെട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ് ഇത്. അതിനിടെ ഗണേശിന്റെ ഇത്തരം പ്രസ്താവനകളിൽ മുൻ മന്ത്രി കൂടിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു നിരാശയിലാണ്. ഇടതു നേതൃത്വത്തെ ആന്റണി രാജു പരാതി അറിയിക്കും.

ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കാരങ്ങൾ എല്ലാം തെറ്റെന്ന തരത്തിൽ പ്രചരണം നടക്കുന്നുവെന്നതാണ് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആരോപണം. അതിനിടെ ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി ഗണേശ് കുമാർ പറയുന്നു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ''ആനവണ്ടി.കോം'' ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാക്കി നിറത്തിലുള്ള പാന്റ്‌സും ഷർട്ടുമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനവണ്ടി.കോം ഇ-ബുക്ക് ആയി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.എസ്.ആർ.ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും സർവീസുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യം മാറ്റങ്ങൾ കൊണ്ടുവരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നിന്നുള്ള എംഎൽഎയാണ് ആന്റണി രാജു. ഈ സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ തീരുമാനങ്ങൾ ഗണേശ് തിരുവനന്തപുരത്ത് തിരുത്തുമ്പോൾ ചർച്ച സജീവമാകുന്നത്.

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി സ്വിഫ്റ്റിൽ പുതുതായി വാങ്ങിയ രണ്ട് ഓപ്പൺ ഡബിൾ ഡെക്കർ ബസ്സുകൾ മന്ത്രി പരിശോധിച്ചു. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആള് കേറാനായി എടുത്ത തീരുമാനം സർക്കാരിന്റെ പണം കളയുന്നതാണെന്നും സർക്കാരിന്റെ പണം പാഴായിപ്പോകുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. നിരക്കുകൾ കുറയ്ക്കുകയല്ല, നല്ല സൗകര്യങ്ങൾ നൽകുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ചെലവ് കുറച്ച് വരവ് പരമാവധി കൂട്ടിക്കൊണ്ടു വന്നാൽ മാത്രമേ കെഎസ്ആർടിയിസുടെ അക്കൗണ്ടിൽ പണമുണ്ടാകൂവെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പരിഹരിച്ചിരുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ അനാവശ്യ റൂട്ടുകൾ നിർത്തുകയും ചില റൂട്ടുകൾ പരിഷ്‌കരിക്കുകയും ചെയ്യും. ഒരോ ബസിന്റെയും കോസ്റ്റ് ആക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് ബസുകൾ വിജയമല്ലെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗണേശ് കുമാർ പറഞ്ഞു. ഇതും ആന്റണി രാജുവിനെതിരായ വിമർശനമായി വിലയിരുത്തപ്പെട്ടു.

'ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അത് ഒരു വിജയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മിക്കവാറും ബസുകളിൽ ആളില്ല. അതുകൊണ്ടുതന്നെ തുച്ഛമായി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കെഎസ്ആർടിസി ഏറ്റവും കൂടുതൽ ഓടുന്നത് റെയിൽവേ സൗകര്യം ഇല്ലാത്ത മലയോര മേഖലകളിലാണ്. കെഎസ്ആർടിസിക്ക് പണമുണ്ടാക്കി കൊടുക്കുന്നത് ആ മേഖലകളിലാണ്.

അത്തരം മേഖലകളിലേക്ക് ഇത് പോകാൻ ബുദ്ധിമുട്ടാണ്. മിക്കവാറും ഇലക്ട്രിക് ബസിൽ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേർക്ക് കയറാൻ ഇതിൽ സൗകര്യമില്ല. നൂറുപേർ കയറിയാൽ തന്നെ പത്തുരൂപ വച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന് കറന്റ് ചാർജ് എത്ര രൂപ വേണം? ഡ്രൈവർക്ക് ശമ്പളം എത്രവേണം. കിലോമീറ്ററിന് 28 പൈസ വച്ച് കെഎസ്ആർടിസി, സ്വിഫ്റ്റിന് കൊടുക്കണം. നൂറു കിലോമീറ്റർ ഓടുമ്പോളോ, എത്ര രൂപ മിച്ചമുണ്ട്'' മന്ത്രി ചോദിച്ചു.