കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജിന്റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ. ഏറ്റെടുക്കാൻ ആരുമില്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര പ്രവർത്തകർ അന്തിമകർമങ്ങൾക്ക് ഒരുങ്ങിയിട്ടും മൃതദേഹം സർക്കാർ വിട്ടുനൽകിയില്ല. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.

മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്താണ് അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉയർന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആർട്ടിസ്റ്റായ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുറേകാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. ബന്ധുക്കൾ ആരുമില്ലാത്ത അദ്ദേഹം കലൂർ ഉള്ള പുത്തൻ ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്.

അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്. അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയന്റെ സഹായത്തോടുകൂടിയായിരുന്നു ജീവിച്ചിരുന്നത്. കഴിഞ്ഞദിവസം മോർച്ചറിക്ക് മുന്നിലായിരുന്നു കെ.ഡി. ജോർജിന്റെ പൊതുദർശനം. നാളെ ജോർജിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും.

സത്യനും ജയനുമെല്ലാം വെള്ളിത്തിരയിലെത്തിയപ്പോൾ ഫ്രെയിമിൽ കെഡിക്കും ഒരിടമുണ്ടായിരുന്നു. അഭിനയത്തിൽ നിന്ന് പിന്നീട് കെ.ഡി. ജോർജ് ശബ്ദകലയിലേക്ക് തിരിഞ്ഞു. പണ്ടുമുതലേ ഒറ്റയ്ക്കായിരുന്നു ജീവിതം. ഒടുവിൽ ഡിസംബർ 29 ജോർജിനെയും മരണം വിളിച്ചു. ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ വലിയ കലാകാരന്റെ ശരീരം രണ്ടാഴ്ചയായി മോർച്ചറിയിൽ തന്നെ തുടരുകയാണ്.

ഏറ്റെടുക്കാൻ ആരുമില്ലെന്ന് ജോർജിനെ അറിയുന്ന കലാകാരന്മാർ മരിച്ച അന്ന് തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. എങ്കിലും നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യം പത്രപരസ്യം കൊടുക്കുകയായിരുന്നു. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും വന്നില്ല. 7 ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകാമെന്ന് പൊലീസും കോർപറേഷനും വാക്കുനൽകി. എന്നാൽ വാക്കെല്ലാം തെറ്റുകയായിരുന്നു.

ഒടുവിൽ മൃതദേഹം സർക്കാർ തന്നെ സംസ്‌കരിക്കുമെന്നായി തീരുമാനം. അങ്ങനെ അന്തിമോപചാരവും പൊതുദർശനവും മോർച്ചറിക്ക് മുന്നിൽ തന്നെയാക്കുകയായിരുന്നു. ഇന്നു രാത്രി കൂടി മോർച്ചറിയിൽ സൂക്ഷിച്ച് നാളെ ജോർജിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും.