കൊച്ചി: വ്യവസായ സൗഹൃദമാണ് കേരളമെന്ന് പറയുന്ന സർക്കാർ. പക്ഷേ അത്ര സൗഹൃദമല്ല കേരളം. സർക്കാർ അനുകൂലമെങ്കിലും തൊഴിലാളി യൂണിയനുകൾ പിണങ്ങാതെ നോക്കണം. എങ്കിൽ മാത്രമേ കേരളത്തിൽ വ്യവസായത്തിന് നിലനിൽപ്പുള്ളൂ. ഇതിന്റെ നേർ ചിത്രമാണ് ആലുവയിലെ കാഴ്ച.

ആലുവയിൽ കൂലി തർക്കത്തെ തുടർന്ന് കണ്ടെയ്‌നറിൽ വന്ന ചരക്ക് കെട്ടിക്കിടക്കുന്നു. കെംടെക് എന്ന സ്ഥാപനത്തിലേക്ക് വന്ന വാട്ടർ പ്യൂരിഫയർ ആണ് കണ്ടെയ്‌നറിൽ ഉള്ളത്. ഒരു പ്രവാസി തുടങ്ങിയ സ്ഥാപനമാണ് കെംടെക്. ഇറക്കാൻ കൂടുതൽ തുക വേണമെന്ന് സിഐടിയു തൊഴിലാളികൾ ആവശ്യപ്പെട്ടതായാണ് ആരോപണം. രാവിലെ വന്ന കണ്ടെയ്‌നറിൽ നിന്ന് വൈകുന്നേരമായിട്ടും ചരക്ക് ഇറക്കാൻ സാധിച്ചിട്ടില്ല. ലേബർ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തൊഴിലാളികൾ ഈ ആരോപണം നിഷേധിക്കുന്നുണ്ട്. പെട്ടി ഇറക്കി കെട്ടിടത്തിൽ മുകളിൽ കൊണ്ട് വയ്ക്കണം. ഒരു പെട്ടിക്ക് 20 രൂപയാണ് ഇറക്കാനായി ആവശ്യപ്പെട്ടത്. 15 അല്ലെങ്കിൽ 14 രൂപയെങ്കിലും കിട്ടണം. ഒമ്പത് രൂപ മാത്രമാണ് ഉടമ പറഞ്ഞത്. ഇതിന് ശേഷം പറഞ്ഞുവിട്ടെന്നും പിന്നെ വിളിച്ചിട്ടില്ലെന്നും തൊഴിലാളി പറയുന്നു.

30 മീറ്ററോളം പെട്ടിയുമായി നടക്കേണ്ടതുണ്ട്. സംസാരിച്ചാൽ പ്രശ്‌നം പരിഹരിക്കാവുന്നതാണ് എന്നും തൊഴിലാളി പറഞ്ഞു. ചോദിക്കുന്ന തുക നൽകിയില്ല എന്നുണ്ടെങ്കിൽ ലോഡ് ഇറക്കാൻ സമ്മതിക്കില്ല എന്നാണ് തൊഴിലാളികൾ പറഞ്ഞതെന്നാണ് ഉമടയുടെ പ്രതികരണം. സാധാരണ ഉള്ളതിൽ നിന്ന് മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. 21 രൂപയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നും ഉടമ സജിത് ചോലയിൽ പറഞ്ഞു.

സ്ഥാപന ഉടമയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

വളരെ പ്രതീക്ഷയോടെ ആണ് ഞങൾ എറണാകുളം ഷോറൂം തുടങ്ങിയത് ,
ചുമട്ടു തൊഴിലാളി യൂണിയൻ കാരണം പൂട്ടിപോകേണ്ടി വരുമെന്നാണ് തോന്നുന്നത് ....
വലിയ വാടകക്ക് എടുത്ത ഷോറൂം ആണ് 4 മാസത്തോളമായി വാടക കൊടുത്തു തുടങ്ങിയിട്ട് ... ഇന്റീരിയർ സ്റ്റാഫ് ,ലൈസൻസ് അങ്ങനെ അങ്ങെനെ എത്ര ചെലവ് ...ഇപ്പോൾ TATA യുടെ ആദ്യ ലോഡ് കണ്ടൈനർ ഇന്നലെ വന്നു കെടുക്കുന്നതാണ് .. ലോഡ് ഇറക്കാൻ അമിത കൂലിയാണ് ചോദിക്കുന്നത്
മലപ്പുറം 1000,കുന്നംകുളം 1400 ,കാഞ്ഞങ്ങാട് 1400
അത് എറണാകുളത്ത് എത്തുമ്പോൾ മാത്രം 4,000/-
പൊന്നു ചേട്ടന്മാരെ നിങ്ങളിത് ഇവിടെ ഇറക്കാൻ സമ്മതിക്കില്ലെന്ന് അറിയാം .. Kemtech എറണാകുളത്തേക്കു വരുന്നത് തടയാൻ ആരെങ്കിലും നിങ്ങളെക്കൊണ്ട് അമിത കൂലി പറഞ്ഞു നിങൾ ചെയ്യുന്നതായിരിക്കും .
30 കൊല്ലം പ്രവാസിയായി കഷ്ടപ്പെട്ട് ഇപ്പോൾ നാട്ടിൽ ഒന്ന് സെറ്റിൽ ആയി സ്വന്തം കുടുംബത്തെ കണ്ടു ജീവിക്കാൻ തുടങ്ങിയ പാർട്ണർ #അശോകേട്ടന്റെ സ്വപനങ്ങൾക്കും ,അവിടെ ജോലി കിട്ടാൻ സാധ്യതയുള്ള 25 ഓളം കുടുംബങ്ങളുടെ നെഞ്ചത്തേക്ക് കൂടെയാണ് നിങ്ങളെ കത്തിവെക്കുന്നത് ...
കുറെ ദിവസമായി ഇതേ തൊഴിലാളി സുഹൃത്തുക്കളോട് പിന്നാലെ നടന്നു ചോദിക്കുന്നു വണ്ടി വരുന്നുണ്ട് ഇത് പോലുള്ള സാധനമാണ് വരുന്നത് ,ഇവിടെയാണ് വെക്കേണ്ടത് , ഇറക്കാൻ എത്രരൂപയാകുമെന്നു .. ഇന്നലെ ഒരു വില പറഞ്ഞു അടുക്കാൻ പറ്റാത്തത് ,പിന്നെ ഇന്ന് രാവിലെ കണ്ടെയ്‌നർ കണ്ടപ്പോൾ മട്ടുമാറി 40% കൂലി പിന്നെയും കൂട്ടി .. അവർക്കറിയാം എന്തായാലും വണ്ടി വന്നല്ലോ പിന്നെ ഇത് തിരിച്ചു കൊണ്ടുപോകാൻ പറ്റില്ലല്ലോ എന്ന് ....
വേണമെങ്കിൽ ഞങ്ങൾ പറയുന്ന റേറ്റിൽ ഇറക്കിക്കോ ,ഇല്ലെങ്കിൽ പൂട്ടിപോകുകയോ എതെന്കികും ചെയ്യെന്നാണ് ഈ യൂണിയൻ ചേട്ടൻ പറയുന്നത് ...
ബഹുമാനപ്പെട്ട മിനിസ്റ്റർ P Rajeev. സാർ ,V Sivankutty സർ ..
എന്താണ് സർ ഞാൻ ചെയ്യേണ്ടത് ?
വണ്ടിക്ക് ഓരോ ദിവസം കൂടുന്തോറും വെയ്റ്റിങ് ചാർജ് കൂടിക്കൊടിരിക്കും ,അത് കൂടി കൊടുത്താൽ പിന്നെ അത് ഇറക്കിയിട്ടും വലിയ കാര്യം ഉണ്ടാകില്ല ... ??????