- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത് അപ്രതീക്ഷിതമായി

പിണറായി
കൊച്ചി: സുരേഷ്ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കും മറ്റു വിവിധ പരിപാടികൾക്കുമായി ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയത് ഏറെ ശ്രദ്ധേയമായി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ചുമതല മന്ത്രി പി. രാജീവിനെ ഏൽപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുമെന്ന് അറിയിപ്പും ഉണ്ടായിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതിമായി അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തുകയും സ്വീകരിക്കുകയും ചെയ്തു.
നെടുമ്പാശേരിയിൽ നിന്നു ഹെലികോപ്റ്ററിൽ നാവികസേന വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിച്ചതു രാജീവാണ്. എന്നാൽ പ്രോട്ടോക്കോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാവികസേന വിമാനത്താവളത്തിലെത്തിയില്ല. ഇന്നു നടക്കുന്ന ഷിപ്യാഡിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും മേയറെ ക്ഷണിച്ചിട്ടില്ല.
നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രി, ഗവർണർ ആരിഫ് മുഹമ്മദ് ഖാനേക്കാൾ കൂടുതൽ സംസാരിച്ചതു മുഖ്യമന്ത്രിയോടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഇന്നു പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി മറൈൻ ഡ്രൈവിലെ സർക്കാർ ഗെസ്റ്റ് ഹൗസിലാണു താമസിച്ചത്. പതിവായി ഇവിടെ താമസിക്കുന്ന മുഖ്യമന്ത്രി ഇന്നലെ ആലുവ സർക്കാർ ഗെസ്റ്റ് ഹൗസിലും ഗവർണർ ആലുവ ഗെസ്റ്റ് ഹൗസിലെ പുതിയ കോംപ്ലക്സിലാണു താമസിച്ചത്.
സാധാരണ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുമ്പോൾ മുഖ്യമന്ത്രിമാർ സ്വീകരിക്കാൻ എത്താറുണ്ടെങ്കിലും ബിജെപി ഇതര മുഖ്യമന്ത്രിമാർ പലപ്പോഴും സ്വീകരണങ്ങൾക്ക് എത്താറില്ലെന്നു വിമർശനമുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും നരേന്ദ്ര മോദിയെ കടന്നാക്രമിക്കാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. മിക്ക നേതാക്കളും മോദിയെ പേരെടുത്തു വിമർശിക്കുമ്പോഴും കേരള മുഖ്യമന്ത്രി നേരിട്ട് വിമർശനം ഉന്നയിക്കാറില്ല. കേന്ദ്രത്തിനെതിരെ സമരം നയിക്കാൻ വേണ്ടി പ്രതിപക്ഷ നേതാക്കളുടെ സഹായംതേടിയതിന് ശേഷമാണ് പിണറായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

