- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്ക് മുന്നിൽ പറയേണ്ടത് നിരവധി കാര്യങ്ങളെന്ന് അറിഞ്ഞുകൊണ്ട് കരുതലോടെ മുഖ്യമന്ത്രി; പിണറായി നരേന്ദ്ര മോദിക്ക് കൂടിക്കാഴ്ച്ചയിൽ സമ്മാനിച്ചത് കഥകളിയുടെ കൃഷ്ണ ശിൽപം; ഒപ്പം കേരളത്തനിമയുള്ള കസവു ഷാളും; സന്തോഷത്തോടെ സ്വീകരിച്ചു പ്രധാനമന്ത്രിയും
ന്യൂഡൽഹി: കേരള വികസനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്യാൻ വേണ്ടി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടന്നത് സൗഹൃദാന്തരീക്ഷത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 10.30നായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ അത്യാവശ്യമുള്ള നിരവധി വിഷയങ്ങൾ ഉ്ന്നയിക്കാനുള്ളതു കൊണ്ട് കരുതലോടെ ആയിരുന്നു മുഖ്യമന്ത്രി എത്തിയതും സൗഹാർദ്ദത്തോടെ കൂടിക്കാഴ്‌ച്ച നടന്നു.
വികസന വിഷയങ്ങളിൽ ചർച്ച നടന്നു. അനുഭാവ നിലപാട് എടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഥകളിയുടെ സമ്മാനവുമായാണ് മോദിയെ ഇത്തവണ പിണറായി കാണാനെത്തിയത്. കൃഷ്ണവേഷത്തിലുള്ള കഥകളി ശിൽപ്പമാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. കേരളീയ രീതിയിലെ കസവുഷാളും നൽകി. സന്തോഷത്തോടെ പ്രധാനമന്ത്രി ഈ ഉപഹാരങ്ങൾ സ്വീകരിച്ചു. തുടർന്ന് വിശദമായി തന്നെ ഇരു നേതാക്കളും കൂടിക്കാഴ്‌ച്ച നടത്തി.
ബഫർ സോൺ, സിൽവർലൈൻ, സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. ബഫർ സോണിൽ കേരളത്തിലെ മലയോരത്തിനൊപ്പം കേന്ദ്രവും നിൽക്കും. സിറോ മലബാർ സഭാ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയം മോദിയുമായി പിണറായി ചർച്ച ചെയ്തില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതു കൊണ്ടാണ് ഇത്. സിൽവർ ലൈൻ ചർച്ചയായി. ഇതിനൊപ്പം ചില അനൗദ്യോഗിക ആവശ്യങ്ങളും മുമ്പോട്ടു വച്ചു.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റണമെന്ന ആവശ്യവും അനൗദ്യോഗികമായി മുഖ്യമന്ത്രി ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇതും സംസാരിച്ചില്ല. കേന്ദ്ര സംസ്ഥാന ബന്ധം വഷളാകാതിരിക്കാനാണ് ഇത്. ഓരോ രാഷ്ട്രീയ വിവാദം കേരളത്തിലുണ്ടാകുമ്പോഴും മോദിയെ കാണാൻ പിണറായി എത്തുന്നുവെന്ന വിലയിരുത്തലുമുണ്ട്. പി ജയരാജൻ ഉയർത്തിയ ആരോപണം ആളിക്കത്തുമ്പോഴാണ് ഇപ്പോഴത്തെ സന്ദർശനം. ഇപി ജയരാജനെതിരായ ആരോപണത്തിൽ ഇഡി അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വിശദീകരിച്ചിട്ടുണ്ട്. സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളിൽ കേന്ദ്രം മൗനം പാലിക്കുന്നതും കേന്ദ്ര സർക്കാരിൽ പിണറായിക്കുള്ള സ്വാധീനം കൊണ്ടാണെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ മോദിയെ കാണാൻ വീണ്ടും എത്തുന്ന പിണറായി ചില രാഷ്ട്രീയ ചർച്ചകൾക്കും കാരണമാകുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്‌ച്ചവരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി പി ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തി. ഡൽഹിയിൽ വരുമ്പോഴെല്ലാം പ്രധാനമന്ത്രിയെ കാണുന്നത് അടുത്തകാലത്തായി മുഖ്യമന്ത്രിയുടെ പതിവാണ്. ബിജെപി ഇതര സംസ്ഥാനങ്ങൾ ബഹിഷ്‌കരിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ അവലോകന യോഗത്തിലും പിണറായി പങ്കെടുത്തിരുന്നു. ഇതെല്ലാം ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ