- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയെ പൊക്കുന്ന വീഡിയോ തന്നെ സെൽഫ് ട്രോൾ ആവുന്നു
കോഴിക്കോട്: സോഷ്യൽ മീഡിയിൽ ഇപ്പോൾ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പരിഹസിക്കപ്പെടുന്നത്, ഒരു വീഡിയോ ആൽബത്തിന്റെ പേരിലാണ്. അടിമുടി കോപ്രായവും കോമാളിത്തരവും നിറഞ്ഞ ഒരു വീഡിയോ ആൽബമാണ് പിണറായി വിജയനെ പുകഴ്ത്താനെന്നപേരിൽ ഇറങ്ങിയിരിക്കുന്നത്. സിപിഎം ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോ അല്ലിത്. അതേസമയം സിപിഎം പ്രൊഫൈലുകൾ ഷെയർ ചെയ്യുന്നുമുണ്ട്. എന്നാൽ, ഇത് പിണറായി വിജയന് പണി കൊടുക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഐ ടി സെല്ലുകൾ പുറത്തിറക്കിയതാണെന്ന വാദമാണ് സിപിഎമ്മുകാർ ഉയർത്തുന്നത്.
'പിണറായി വിജയൻ... നാടിന്റെ അജയ്യൻ... നാട്ടാർക്കെല്ലാം സുപരിചിതൻ' എന്ന് പറഞ്ഞ് തുടങ്ങുന്ന ഗാനത്തിന്റെ ഓരോ സീനുകളും കട്ടക്കോമഡിയാണ്. അതോടൊപ്പം അവസാനം ഒരു വരി ഇങ്ങനെ- 'സ്വജനപക്ഷ വാദികളിൽ വാധ്യാർ എന്നും മാസ്റ്ററെടാ'. ഇത് ഉദ്ദേശിക്കുന്നത് പിണറായി സ്വജനപക്ഷവാദികളുടെ മാസ്റ്റർ അല്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. ഫലത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്താൻ വേണ്ടിയുണ്ടാക്കിയ വീഡിയോ, അദ്ദേഹത്തിന് ഇമേജിന് വലിയ രീതിയിൽ കോട്ടം തട്ടിക്കയാണ്.
കേരളാ സി എം എന്ന് തലക്കെട്ടിട്ട അൽബം പിണറായി വിജയനുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. നിശാന്ത് നിള രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ആൽബം, സാജ് പ്രൊഡക്ഷനുവേണ്ടി ടി എസ് സതീഷാണ് നിർമ്മിച്ചിരിക്കുന്നത്. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും, ഒറ്റയ്ക്ക് വളർന്ന മരമായും, മലയാള നാടിന്റെ മന്നനായും, ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സും ഒക്കെയായി വാഴ്ത്തി ചിത്രീകരിച്ച ഗാനം പക്ഷേ അതിന്റെ വികലമായ ചിത്രീകരണം മൂലം പാർട്ടിക്കാരിൽ പോലും ചിരി ഉയർത്തുകയാണ്.
അപഹാസ്യമായ ചിത്രീകരണം
'സ്വജനപക്ഷ വാദികളിൽ വാധ്യാർ എന്നും മാസ്റ്ററെടാ' എന്ന് പറയുന്ന വരികൾ തന്നെ അബന്ധമാണ്. അതിനേക്കാൾ മോശമാണ് ചിത്രീകരണം. തനി അക്രമം എന്നാണ് കട്ടപാർട്ടിക്കാർക്കുപോലും പറയാനുള്ളത്.വീഡിയോയുടെ തുടക്കത്തിൽ, സ്വർണക്കടത്ത് കേസ് വിവാദം ഉൾപ്പടെ സർക്കാരിനെതിരായ നീക്കം ആസൂത്രിതമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളുമുണ്ട്. വെള്ളപ്പൊക്കവും കോവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയിൽ പറയുന്നു. എട്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെ ആവിഷ്കരിക്കുന്നതാണ്. യൂട്യൂബിൽ വീഡിയോയ്ക്ക് വലിയ വിമർശവുമാണ് പരിഹാസവുമാണ് ഉയരുന്നത്. ഗാനത്തിന് പിന്നിൽ സിപിഎമ്മിന്റെ കൈകളുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.അൽബത്തിലെ വരികൾ ഇങ്ങനെയാണ്.
"തീയിൽ കുരുത്തൊരു കുതിരയെ...
കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ...
മണ്ണിൽ മുളച്ചൊരു സൂര്യനെ...
മലയാള നാടിൻ മന്നനെ
മുറ്റത്തു നട്ടമരം വേപ്പിൻ മരം ആയി മാറിയെടാ
ഒറ്റയ്ക്ക് വളർന്ന മരം തേക്കിൻ മരം ആയി മാറിയെടാ
മനസ്സു ഡാ തങ്കം
മാസ്സ് ഡാ പുള്ളി
നടന്നു വന്നാൽ പുലിയെടാ
മാസ് ഡാ അണ്ണൻ
ക്ലാസ് ഡാ അണ്ണൻ
മാസ്സും ക്ലാസും ചേർന്നെടാ
ഇന്ക്വിലാബിൻ സിംബൽ എടാ
സിംഹം പോലെ ഗർജ്ജനമാ
ചെങ്കൊടിയിൽ കൊടുമുടി ആ
അടിമുടി ഇവൻ ഒരു അധിപതി ആ
തലയെടാ പത്തു
തലയെടാ എട്ടു ദിക്കുകളിൽ ധില്ലടാ
ലെവൽ എടാ വേറെ ലെവൽ എടാ അണ്ണൻ
കിടിലോൽ കിടിലം ആണെടാ
ഇടതുപക്ഷ പക്ഷികളിൽ
ഫീനിക്സ് പക്ഷി പിണറായിയാ
സ്വജനപക്ഷ വാദികളിൽ
വാധ്യാർ എന്നും മാസ്റ്റർ എടാ
നായകനാ പട ചേകവണാ
പല അടവുകൾക്ക് നായകനാ ...."
കാരണഭൂതന് പിന്നാലെ
ഇതിന് മുൻപ് 2022-ൽ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിര. ഈ പാട്ടിലെ 'കാരണഭൂതൻ' എന്ന പരാമർശം പിന്നീട് രാഷ്ട്രീയ പ്രയോഗമായി തന്നെ രാഷ്ട്രീയ പ്രതിയോഗികൾ ഏറ്റെടുത്തിരുന്നു.
"ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന, സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ, ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ" എന്നിങ്ങനെ പോവുന്നു, മെഗാതിരുവാതിരയുടെ വരികൾ. ഈ വരികൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനൊപ്പം പാർട്ടിക്കുള്ളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. എന്നാൽ പാട്ടിനും നൃത്താവിഷ്കാരണത്തിനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയിലേക്ക് സിപിഎം കടന്നില്ല.
എന്നാൽ പി ജയരാജനെ പുകഴ്ത്തുന്ന ഗാനം ഇറങ്ങിയപ്പോൾ ഇതായിരുന്നില്ല അവസ്ഥ. മുമ്പ് പി ജയരാജനോട് ആരാധന മൂത്ത ചിലർ ഒരു വീഡിയോ ആൽബം ചെയ്തതിന് അദ്ദേഹം ഏറെ പഴികേട്ടു. ജയരാജൻ വ്യക്ത്യാരാധനയിൽ അഭിരമിക്കുകയാണെന്നു വരെ ആരോപണങ്ങളുണ്ടായി. തത്പരകക്ഷികൾ അതു പ്രചരിപ്പിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ല, പിജെ ആർമി എന്ന സംഘത്തെ നിലയ്ക്കു നിർത്തിയില്ല എന്നിങ്ങനെ പോയി വിമർശനങ്ങൾ. പാർട്ടിയുടെ ഈ വിമർശനം ജയരാജൻ ഉൾക്കൊള്ളുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ പിണറായി സ്തുതുകൾ ആവർത്തിക്കുമ്പോഴും ഒരു നടപടിപോയിട്ട് ചർച്ചപോലും പാർട്ടിക്കകത്ത് ഉണ്ടാവുന്നില്ല.