ന്യൂഡൽഹി: കേന്ദ്രസർക്കാർ അവഗണനക്കെതിരെ സമരവുമായി കേരളം ഡൽഹിയിൽ. ദേശീയ നേതാക്കലെ അടക്കം പങ്കെടുപ്പിച്ചു കൊണ്ടാണ് കേരളം സമരം നടത്തുന്നത്. കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.

ഡൽഹി ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്.

പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളും എംപിമാരും എംഎ‍ൽഎമാരും ജന്തർമന്തറിലെ വേദിയിലെത്തിയത്. പ്രതിഷേധ ബാനറിന് പിന്നിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അണിനിരന്നു.

നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല, ഡി.എം.കെയെ പ്രതിനിധീകരിച്ച് മന്ത്രി ത്യാഗരാജൻ, സീതാറാം യെച്ചൂരിയെ കൂടാതെ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ജെ.എം.എം, ഇടത് പാർട്ടി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും.

ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായതിലാണ് അസാധാരണ പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രത്തിനെതിരെ കർണാടക സർക്കാറിന്റെ സമരം ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മന്ത്രിമാരും ഭരണപക്ഷ എംഎ‍ൽഎമാരുമാണ് സമരത്തിൽ പങ്കെടുത്തത്.