തിരുവനന്തപുരം: കേരളാ നിയമസഭയ്ക്ക പുതിയ സെക്രട്ടറി വരുന്നു. ഒരുമാസത്തിനകം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പുതിയ നിയമസഭാ സെക്രട്ടറിയെ കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങി. ഡപ്യൂട്ടേഷനിലുള്ള നിയമസഭാ സെക്രട്ടറി, കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (കെഎടി) രജിസ്റ്റ്രാർ, ലോകായുക്ത രജിസ്റ്റ്രാർ എന്നിവരെ ജുഡീഷ്യൽ സർവീസിലേക്കു ഹൈക്കോടതി തിരിച്ചു വിളിച്ചതോടെയാണ് നിയമസഭാ സെക്രട്ടറിക്ക് പുതിയ ചുമതലക്കാരനെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായത്. ഈ തീരുമാനം മാറ്റാനാകില്ലെന്നു ഹൈക്കോടതി സർക്കാരിനെ അറിയിച്ചു.

മൂന്നു പേരും അടുത്ത മാസമാദ്യം തിരികെ പ്രവേശിക്കാൻ ഉത്തരവും നൽകി. നിലവിലെ നിയമസഭാ സെക്രട്ടറി എ.എം.ബഷീറിനോടു നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് (അബ്കാരി) കോടതിയിൽ ചുമതലയേൽക്കാനാണു നിർദേശിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പകരം ജുഡീഷ്യൽ ഉദ്യോഗസ്ഥനെ നൽകില്ലെന്നു ഹൈക്കോടതി അറിയിച്ചതിനാൽ പുതിയ സെക്രട്ടറിയെ കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങി. ഐഎഎസ് ഉദ്യോഗസ്ഥനെയോ, ലോ പ്രഫസറെയോ നിയമിക്കാനാണ് ആലോചന. ലോകായുക്തയിലും കെഎടിയിലും വിരമിച്ച ജഡ്ജിമാരെ പരിഗണിച്ചേക്കും.

എ.എം.ബഷീർ, കെഎടി രജിസ്റ്റ്രാർ എ.ഷാജഹാൻ, ലോകായുക്ത രജിസ്റ്റ്രാർ സിജു ഷെയ്ഖ് എന്നിവരാണു ജുഡീഷ്യൽ സർവീസിൽ തിരികെയെത്തേണ്ടത്. എ.ഷാജഹാൻ നെടുമങ്ങാട് പോക്‌സോ കോടതിയിലും സിജു ഷെയ്ഖ് തിരുവനന്തപുരം അഡീഷനൽ ജില്ലാ സെഷൻസ് (എംഎസിടി) കോടതിയിലും ചുമതലയേൽക്കണം. അതേസമയം, ഇവർക്കൊപ്പം മടങ്ങാൻ നിർദ്ദേശം ലഭിച്ചിരുന്ന സബ് ജഡ്ജി പദവിയിലുള്ള കെഎടിയിലെ രണ്ടു ഡപ്യൂട്ടി രജിസ്റ്റ്രാർ, ലോകായുക്തയിലെ ഡപ്യൂട്ടി രജിസ്റ്റ്രാർ, നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി എന്നിവർക്കു തുടരാം.

കോടതികളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണു തിരിച്ചുവിളിക്കാൻ ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറിൽ തീരുമാനിച്ചത്. നിയമനിർമ്മാണ സഭയുടെ സെക്രട്ടറിയായതിനാൽ നിയമസഭാ സെക്രട്ടറി ഭരണഘടനയെക്കുറിച്ചും നിയമത്തെക്കുറിച്ചും ആഴത്തിൽ പരിജ്ഞാനമുള്ളയാളാകണമെന്നു വ്യവസ്ഥയുണ്ട്. ജില്ലാ ജഡ്ജി തന്നെയാകണമെന്നില്ല. മുമ്പ് ലോ പ്രഫസറെയും നിയമിച്ചിട്ടുണ്ട്.

എന്നാൽ, തുടർച്ചയായി അഞ്ചുതവണ ജില്ലാ ജഡ്ജിമാരെയാണ് ഹൈക്കോടതി നൽകിയ പാനലിൽ നിന്നു നിയമിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്പീക്കർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ടു നിവേദനം നൽകിയിരുന്നു. ആവശ്യം അംഗീകരിച്ചില്ല. 2022 ജൂലൈയിലാണ് എ.എം.ബഷീർ നിയമസഭാ സെക്രട്ടറിയായത്. മൂന്നു വർഷമാണു ഡപ്യൂട്ടേഷൻ.

നിയമസെക്രട്ടറി ഉൾപ്പെടെ ഏതാനും ജുഡീഷ്യൽ ഉദ്യോഗസ്ഥർ കൂടി ഡപ്യൂട്ടേഷനിലുണ്ടെങ്കിലും ഇവരെ മടക്കിവിളിച്ചിട്ടില്ല. പുതിയ ജില്ലാ ജഡ്ജിമാരെ നിയമിച്ചാൽ കോടതികളിലെ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനാകും.