കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായുള്ള പരാതിയിന്മേൽ അതിവേഗം നടപടി. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. പ്രധാനമന്ത്രിയെയും കേന്ദ്രപദ്ധതികളെയും അവഹേളിച്ചു കൊണ്ട് അവതരിപ്പിച്ച നാടകമാണ് വിവാദമായത്. ഇതോടെ ലീഗൽ സെല്ലും ബിജെപിയുടെ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി.

പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണു പരാതി നൽകിയത്. ഇതോടെ ഉടനടി തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. രണ്ടു കോടതി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. അസി.രജിസ്റ്റ്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവർക്കെതിരെയാണു നടപടി സ്വീകരിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

സംഭവം വിജിലൻസ് രജിസ്റ്റ്രാർക്ക് അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ' എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒൻപതുമിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.

നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണു പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. കേരളാ ഹൈക്കോടതിയിൽ നടന്ന ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നാണ് പരാതിയില് അഭിഭാഷക പരിഷത്ത് ചൂണ്ടിക്കാട്ടിയത്.

ചാണകത്തിന് ഔഷധഗുണമുണ്ട് എന്ന വാദത്തെ പരിഹസിച്ചു കൊണ്ടു ചാണകം തീറ്റക്കാരാണ് തന്റെ അനുയായികളെന്ന് വെള്ളത്താടിയുള്ള ഒരു രാഷ്ട്രീയ നേതാവ് പറയുന്ന രംഗം അടക്കമാണ് വിവാദമായത്. മേരെ പ്യാരെ ദേശ് വാസിയേം എന്ന പരിഹാസ രൂപേണ പറയുന്നതും ഞാൻ കുടുംബം ഉപേക്ഷിച്ച വ്യക്തിയാണെന്ന് നേതാവ് പറയുന്നതുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു വിവാദ നാടകം.

റിപ്പബ്ലിക് ദിനത്തിൽ അറങ്ങേറിയ നാടക വിവാദം ദേശീയ തലത്തിലും വാർത്തയായതോടെയാണ അതിവേഗം സസ്‌പെന്റ് ചെയ്തിരിക്കുന്നത്. വിവാദ നാടകത്തിന്റെ തുടർച്ചയായുള്ള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകും. പരിധിവിട്ട സംഭവമാണ് കോടതി ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന ആക്ഷേപം. കരുതികൂട്ടിയുള്ള അപമാനിക്കലാണ് ഉണ്ടായതെന്നാണ് ഉയരുന്ന വിമർശനം.