- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; എങ്ങനെ സ്ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തി? സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ കൃത്യമായ രേഖകളില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി; അഭിമുഖ വീഡിയോ പുറത്ത് വിടില്ലെന്ന നിലപാടും കെ കെ രാഗേഷിന്റെ ഭാര്യയെ രക്ഷിക്കാനോ?
കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ നിയമന വിവാദത്തിൽ കെ കെ രാഗേഷിന്റെ ഭാര്യ പ്രയി വർഗീസിന്റെ വാദങ്ങളിൽ അതൃപ്തിയുമായി ഹൈക്കോടതി. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും എങ്ങനെയാണ് സ്ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തിയതെന്നും ഹൈക്കോടതി ചോദിച്ചു. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയിൽ നാളെയും വാദം കേൾക്കും. അതേസമയം പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലാണ് പ്രിയ വർഗീസ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് കോടതിയിലായതിനാൽ വീഡിയോ നൽകാനാകില്ലെന്ന മറുപടി കിട്ടിയത്.
കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിവരം നൽകാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് നിയമരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു. റിസർച്ച് സ്കോറ് 651 ഉള്ള ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുള്ള പ്രിയ വർഗ്ഗീസിനായിരുന്നു മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്.
നിയമനം ലഭിക്കാൻ യൂജിസി നിഷ്കർഷിക്കുന്ന അടിസ്ഥാന അദ്ധ്യാപന പരിചയം പോലും പ്രിയയ്ക്കില്ലെന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു അതൊന്നും പരിശോധിക്കാതെയുള്ള യൂണിവേഴ്സിറ്റി നീക്കം. ഇതെല്ലാം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കണ്ണൂർ സർവകലാശാലായിൽ അസോ. പ്രഫസർ നിയമനത്തിന് സർവകലാശാല തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവർക്ക് അദ്ധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അദ്ധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിൽ പങ്കെടുത്തവർക്ക് ലഭിച്ച റിസർച്ച് സ്കോർ വിവാദമായിരുന്നു. രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോർ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള സി.ഗണേശിന്റെ റിസർച്ച് സ്കോർ 645. ഇന്റർവ്യൂവിൽ കിട്ടിയത് 28 മാർക്ക്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാണ്. 156 മാർക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തിൽ മാത്രം 32 മാർക്ക്.
ഇത് വൻ വിവാദമായപ്പോൾ കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് പ്രിയ വർഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. റിസർച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി. എന്നാൽ, ആർടിഐ നിയമപ്രകാരം ഓൺലൈൻ അഭിമുഖം ആവശ്യപ്പെട്ട് അപേക്ഷിച്ചപ്പോൾ നൽകാൻ സാധിക്കില്ലെന്നായിരുന്നു മറുപടി.
മറുനാടന് മലയാളി ബ്യൂറോ