നിലമ്പൂർ: അൽ അമീൻ ഇപ്പോൾ ഹാപ്പിയാണ്. ഇനിമുതൽ കൂട്ടുകാർക്ക് ഒപ്പം സ്‌കൂളിലേക്ക് സ്വന്തം സൈക്കിളിൽ യാത്ര ചെയ്യാം. സൈക്കിൾ വാങ്ങി നൽകിയ പൊലീസുകാർക്കും ഏറെ സന്തോഷം. വിവരം അറിഞ്ഞ നാട്ടുകാർക്കും ഏറെ ആശ്വാസം. പോത്തുകല്ല് പഞ്ചായത്തിലെ വെളുമ്പിയമ്പാടത്ത് താമസിക്കുന്ന പന്ത്രണ്ടുകാരനെ ഇന്നലെ രാവിലെ കാണാതാകുകയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അവന്റെ സങ്കടം കേണ്ട പൊലീസുകാർ അതിന് പരിഹാരവും കണ്ടു. സംഭവം ഇങ്ങനെ.

മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരനെ കാണാതായി. പന്ത്രണ്ട് വയസ്സുകാരൻ അൽ അമീനെയാണ് കഴിഞ്ഞ ദിവസം രാവിലെ കാണാതായത്. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്റസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ മദ്രസയിലേക്ക് പോയ മടങ്ങി വന്നില്ല. കുട്ടി തിരിച്ചെത്താതോടെ ഒടുവിൽ ബഹളമായി തിരച്ചിലായി. നാട്ടുകാരും വീട്ടുകാരും ആകെ പരിഭ്രാന്തരായി.

മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ 10 കിലോമീറ്റർ അപ്പുറത്തുള്ള പാതിരിപ്പാടത്തു വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നു.

പരിഭ്രാന്തനായി ഇരുന്ന അൽ അമീന് പൊലീസുകാർ മിഠായി നൽകി സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ടെന്നും തനിക്ക് സൈക്കിളില്ലെന്നുമുള്ള വിഷമം പറഞ്ഞത്. ഒരു പഴയ സൈക്കിളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇത് ചവിട്ടാൻ പറ്റില്ലെന്നും പുതിയത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടാണെന്നും അൽ അമീൻ പറഞ്ഞു. ഈ സങ്കടത്തിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

അൽ അമീന്റെ സങ്കടം മനസിലാക്കിയ പൊലീസ് ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസുകാർ പണം പിരിച്ചെടുത്തു. പിന്നാലെ പുതിയ സൈക്കിൾ വാങ്ങി നൽകിയാണ് അൽ അമീനെ രക്ഷിതാക്കളോടൊപ്പം പറഞ്ഞുവിട്ടത്. വൈകുന്നേരം സ്റ്റേഷൻ മുറ്റത്ത് വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സൈക്കിൾ കൈമാറി.

ഇനി വീടുവിട്ടിറങ്ങരുതെന്നും എന്ത് വിഷമം വന്നാലും രക്ഷിതാക്കളെ അറിയിക്കണമെന്നും പൊലീസുകാർ അൽ അമീനെ പറഞ്ഞ് മനസിലാക്കി. കാര്യങ്ങളല്ലാം ഭംഗിയായി അവസാനിച്ചപ്പോഴാണ് പൊലീസിനും നാട്ടുകാർക്കും സമാധാനമായത്. ഒപ്പം അൽഅമീന് സൈക്കിൽ കിട്ടിയതിൽ ഇരട്ടി സന്തോഷവും.