- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കുമെന്ന് പച്ചയ്ക്ക് പറഞ്ഞ സച്ചിദാനന്ദൻ; സനാതന ധർമ്മം അന്ധവിശ്വാസമെന്ന് പറയുന്നത് ശുദ്ധ വിവരദോഷമെന്ന് വിമർശിച്ച ശ്രീകുമാരൻ തമ്പി; കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'! സച്ചിദാനന്ദൻ സർക്കാരിനും തലവേദന
തിരുവനന്തപുരം : കവി സച്ചിദാനന്ദനെ നിശിതമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം 2023 ജനുവരിയിൽ കേരളം ചർച്ച ചെയ്തതാണ്. ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് സച്ചിദാനന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ആര് ആരെ ബഹിഷ്‌കരിക്കണം എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുചോദ്യം. ഈ വിവാദം വീണ്ടും ചർച്ചകളിൽ എത്തിക്കുന്നതാണ് 'കേരള ഗാന' വിവാദം. ശ്രീകുമാരൻ തമ്പിയുടെ 'കേരള ഗാനത്തിൽ' ക്ലീഷേ പ്രയോഗങ്ങളുണ്ടെന്ന് പറഞ്ഞ് വിവാദം പുതിയ തലത്തിലെത്തിക്കുക കൂടിയാണ് സച്ചിദാനന്ദൻ.
അമേരിക്കൻ ഹിന്ദു സംഘടനയുടെ കോൺക്ലേവ് വേദിയിലായിരുന്നു സച്ചിദാനന്ദന്റെ നിലപാടുകളെ ശ്രീകുമാരൻ തമ്പി കടുത്തഭാഷയിൽ വിമർശിച്ചത്. സനാതന ധർമം അന്ധവിശ്വാസമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ആർഷദർശന പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് ഗവർണർ സമർപ്പിച്ചിരുന്നു. പ്രഭാവർമയും കെ.ജയകുമാറും ഉൾപ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത് എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളിൽ ഒരാളാണ് പ്രഭാവർമ്മ. ശ്രീകുമാരൻ തമ്പിയോട് സർക്കാരിന് ഒരു വിഷമവും ആർഷ ദർശന പുരസ്‌കാരം ഉണ്ടാക്കിയില്ല. പത്മശ്രീ പുരസ്‌കാര പട്ടികയിലും കേരളം ശ്രീകുമാരൻ തമ്പിയെ ഉൾപ്പെടുത്തി. എന്നാൽ കേന്ദ്രം നൽകിയില്ല. അങ്ങനെ ശ്രീകുമാരൻ തമ്പിയെ അംഗീകരിച്ച പിണറായി സർക്കാരിന് തലവേദനയാണ് സച്ചിദാനന്ദനുണ്ടാക്കിയ 'ക്ലീഷേ' വിവാദം. ഇക്കാര്യം സച്ചിദാനന്ദനെ മന്ത്രി സജി ചെറിയാൻ അറിയിക്കും.
ഹിന്ദു കോൺക്ലേവിനെയും അതിൽ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി കടുത്ത വിമർശനം ഉയർത്തിയിരുന്നു. ആര് ആരെ ബഹിഷ്‌കരിക്കണം എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുചോദ്യം. ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാൻ കഴിയില്ല. സനാതന ധർമ്മം അന്ധവിശ്വാസമെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണ്. സ്വയം പ്രഖ്യാപിത അന്തർദേശിയ കവി അറിയാനാണ് ഇത് പറയുന്നതെന്നും ശ്രീകുമാരൻ തമ്പി ഹിന്ദു സംഘടനയുടെ തിരുവനന്തപുരത്തെ കോൺക്ലേവ് വേദിയിൽ വച്ച് പറഞ്ഞു. ഇതിന് ശേഷം ഇവർ തമ്മിലെ ഭിന്നത പുതിയ തലത്തിലെത്തിക്കുകയാണ് കേരള ഗാന വിവാദം.
ലീലാവതി ടീച്ചറുടെ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളിയതെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. എന്നാൽ താൻ പാട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചറും പറയുന്നു. സമിതി യോഗത്തിൽ ആരോഗ്യ കാരണങ്ങളാൽ പങ്കെടുത്തില്ലെന്ന് ലീലാവതി ടീച്ചർ പറയുന്നു. ഇതിനൊപ്പം ഒരു പാട്ടും അംഗീകരിച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറിയും പറയുന്നു. ഈ സാഹചര്യത്തിൽ ശ്രീകുമാരൻ തമ്പിയുടേത് 'ക്ലീഷെ' വരികളാണെന്ന സച്ചിദാനന്ദന്റെ വാക്കുകൾ പല സംശയങ്ങളും ഉയർത്തുന്നു. എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ലെന്നും അത് പോപ്പുലറാക്കി കാണിക്കുമെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു കഴിഞ്ഞു. ലീലാവതിയുടെ വിശദീകരണവും ശ്രീകുമാരൻ തമ്പിക്ക് കരുത്താണ്.
ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള സച്ചിദാനന്ദന്റെ പ്രതികരണത്തിന് പിന്നാലെയാണ് സാഹിത്യ അക്കാദമിക്കും അധ്യക്ഷനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്. ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ല. സാഹിത്യ അക്കാദമിയും സർക്കാരുമായി ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പ്രഖ്യാപിച്ചു. എല്ലാത്തിനും പിന്നിൽ ഹിന്ദു കോൺക്ലേവിലെ 'കലി'യാണെന്ന് ശ്രീകുമാരൻ തമ്പി വിലയിരുത്തുന്നുണ്ട്.
പാട്ട് നിരാകരിച്ച കാര്യം അക്കാദമി അറിയിച്ചിട്ടില്ല. പാട്ട് എഴുതി നൽകിയ ശേഷം രണ്ടാമത് മാറ്റി എഴുതി നൽകി. അത് നന്നായി എന്നാണ് സെക്രട്ടറി അറിയിച്ചത്. പരസ്യമായി സച്ചിദാനന്ദൻ അപമാനിച്ചു. സച്ചിദാനന്ദൻ പ്രതികാരം തീർക്കുകയാണ്. സ്വന്തം പേരിന്റെ അർത്ഥം പോലും അറിയാത്ത ആളാണ് അയാൾ. സ്വയം പ്രഖ്യാപിത അന്തർ ദേശീയ കവി ആണ് സച്ചിദാനന്ദൻ. എഴുതിയ നൽകിയ പാട്ട് ക്ളീഷേ അല്ല. അപമാനിക്കാൻ അബൂബക്കർ കൂട്ട് നിന്നു. താൻ 3000 ത്തോളം പാട്ട് എഴുതിയിട്ടുണ്ട്. ക്ളീഷേ എഴുതുന്ന ആൾക്ക് ഇത് സാധ്യം ആകുമോയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. ഹരിനാരായണൻ നല്ല എഴുത്തുകാരനാണ്. അങ്ങനെ ആണെങ്കിൽ അയാളെ മാത്രം വിളിച്ചാൽ പോരായിരുന്നോ?. എന്തിനു എഴുതാൻ പറഞ്ഞു തന്നെ അപമാനിച്ചു?-ഇതാണ് ശ്രീകുമാരൻ തമ്പിയുടെ നിലപാട് വിശദീകരണം.
പാട്ട് മോശം ആണെങ്കിൽ കത്ത് എഴുതി അറിയിക്കണമായിരുന്നു. കത്ത് എഴുതാൻ ഉള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു.ജനങ്ങൾ എന്റെ കൂടെയാണ്. സർക്കാരും അക്കാദമിയും ആയി ഇനി സഹകണം ഇല്ല. ഒരു ചർച്ചക്ക് നിന്ന് കൊടുക്കില്ല. ഈ പാട്ട് പോപ്പുലർ ആക്കി കാണിക്കും. സച്ചിദാനന്ദന്റെ വിചാരം സിപിഎം അയാളുടെ കുടുംബ വകയാണ് എന്നാണ്. സാഹിത്യ അക്കാദമിയുടെ ഒരു അവാർഡും സ്വീകരിക്കില്ല. സച്ചിദാനന്ദൻ ഭീരുവും കള്ളനുമാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.
പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിർദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.
അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്.