കോഴിക്കോട്: കാലങ്ങളായി വസിക്കുന്ന ഭൂമിയിൽ പട്ടയം കിട്ടാതെ ട്രിബ്യൂണലുകൾ കയറി ഇറങ്ങുന്ന നിരവധി പേർ ഇപ്പോഴും കേരളത്തിലുണ്ട്. ഇത്തരക്കാർക്ക് ആശ്വാസം പകരുന്ന ഉത്തരവാണ് സംസ്ഥാന ലാൻഡ് ബോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശംവെച്ച് അനുഭവിക്കുന്ന ഭൂമിക്ക് പട്ടയം (ക്രയസർട്ടിഫിക്കറ്റ്) നൽകാൻ എഴുതപ്പെട്ട ആധാരങ്ങളോ പാട്ടച്ചീട്ടോ ആവശ്യമില്ലെന്ന് സംസ്ഥാന ലാൻഡ് ബോർഡ് നിർണായകമായ ഉത്തരവിൽ വ്യക്തമാക്കിയത്.

മാനന്തവാടി ലാൻഡ് ട്രിബ്യൂണൽ നൽകിയ കത്തിനുള്ള മറുപടിയിലാണ് പട്ടയത്തിനായി ലാൻഡ് ട്രിബ്യൂണലുകളിൽ കയറിയിറങ്ങുന്നവർക്ക് ആശ്വാസമേകുന്ന ഉത്തരവ് ലാൻഡ് ബോർഡ് സെക്രട്ടറി ഇറക്കിയത്. ലാൻഡ് ട്രിബ്യൂണലുകൾക്ക് സിവിൽ കോടതികളുടേതായ അധികാരമുണ്ട്. അവർക്ക് ക്രയസർട്ടിഫിക്കറ്റ് നൽകാൻ ആധാരമോ പാട്ടച്ചീട്ടോ ആവശ്യമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ക്രയവിക്രയ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുന്നയാൾ കാലങ്ങളായി ഭൂമി കൈവശം വെക്കുന്ന ആളാണെന്ന് വ്യക്തമാകാൻ പ്രാദേശിക അന്വേഷണം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. അല്ലാത്ത പക്ഷം, റിപ്പോർട്ടിങ് ഓഫീസറുടെ റിപ്പോർട്ടോ തേടാം.

1964 ഏപ്രിൽ ഒന്നിനുമുൻപ് ജന്മി -കുടിയാൻ ബന്ധത്തിൽ കുടിയായ്മ, കുടികിടപ്പ് വ്യവസ്ഥകളുണ്ടായിരുന്ന ഭൂമി നിലവിൽ കൈവശം വെച്ചനുഭവിക്കുന്നവർക്ക് ക്രയസർട്ടിഫിക്കറ്റ് നൽകാനും നിയമാനുസൃത അർഹത പരിശോധിക്കാനും ലാൻഡ് ട്രിബ്യൂണലിനാവും. നോട്ടീസ് നടത്തൽ, എതിർവാദങ്ങളുണ്ടെങ്കിൽ പരിശോധിക്കൽ, തെളിവുകളും റിപ്പോർട്ടിങ് ഓഫീസറുടെ റിപ്പോർട്ടുകളും പരിശോധിക്കൽ എന്നിവ മാത്രം മതി. വാക്കാൽ പാട്ടങ്ങളുണ്ടായിരുന്നതിനാൽ ആധാരവും പാട്ടച്ചീട്ടും വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല. മാത്രമല്ല മുഴുവൻ പാട്ടഭൂമിക്കും ഒറ്റത്തവണയായി ക്രയസർട്ടിഫിക്കറ്റ് നൽകണമെന്നും വ്യവസ്ഥയില്ല. പ്രത്യേകമായി ഏതു സമയത്തും നൽകാം.

ഒരിക്കൽ പട്ടയംവാങ്ങി എന്നപേരിൽ ശേഷിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാത്തതിനാൽ ഉള്ള ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ പറ്റാത്തവരുണ്ട്. ജന്മിയുടെ ഭൂമി ലാൻഡ് ട്രിബ്യൂണലുകൾ മുഖേന വിലയ്ക്കുവാങ്ങുന്ന രീതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. അത് പറ്റാവുന്ന രീതിയിലാവാം. ഒരുമിച്ചാവണമെന്നില്ല.

ഭൂമിയും കൃഷിയും ഏതെന്നത് വിഷയമല്ല

കുടിയാന്മയുള്ള ഭൂമിയിൽ ഏതു വിളകൾ കൃഷിചെയ്താലും തോട്ടമോ, നിലമോ, നഞ്ചയോ നി.കെ. (നികുതി കെട്ടാത്ത)യോ ഏതായാലും ക്രയസർട്ടിഫിക്കറ്റ് നൽകാം. 1970 ജനുവരി ഒന്നിനുശേഷം കേരളത്തിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളവരില്ലെന്നതിനാൽ അധികഭൂമിയിൽ നടത്തുന്ന മിച്ചഭൂമി കേസുകളിലൂടെ കൈമാറിക്കിട്ടുന്ന ഭൂമിയിലെ കുടിയാനും ക്രയസർട്ടിഫിക്കറ്റ് നൽകാം. കുടിയായ്മ രേഖപ്പെടുത്തിയതും രജിസ്റ്റർചെയ്തതുമായ ആധാരപ്രകാരമാണ് ഭൂമി കൈവശക്കാരൻ അനുഭവിക്കുന്നതെങ്കിൽ ആ ആധാരവും ക്രയസർട്ടിഫിക്കറ്റിനുള്ള തർക്കമറ്റ തെളിവായി പരിഗണിക്കാവുന്നതുമാണ്.

പുതിയ വിശദീകരണമനുസരിച്ച് കുടിയാൻ ലാൻഡ് ട്രിബ്യൂണലിൽ തന്റെ കൈവശമുള്ള മുഴുവൻ ഭൂമിക്കോ ഭാഗികമായ ഭൂമിക്കോ ക്രയസർട്ടിഫിക്കറ്റ് നൽകണമെന്ന് അപേക്ഷിച്ചാൽ ലാൻഡ് ട്രിബ്യൂണൽ ഉദ്യോഗസ്ഥർക്ക് വില്ലേജ് ഓഫീസറിൽനിന്ന് റിപ്പോർട്ട് തേടി മറ്റു നടപടികളില്ലാതെ അനുവദിക്കാം. കേരളത്തിലെ 99 ശതമാനം ഭൂമിക്കും ഇപ്പോൾ ജന്മിമാരില്ലെന്നതാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ നിർണായകമായത്. അതുകൊണ്ട് തന്നെ കുടിയാന്റെ പേരിൽ നൽകുന്നതുകൊണ്ട് പരാതിക്കും ഇടയില്ല. പൊതുവായി ഒരു പത്രപ്പരസ്യമോ അറിയിപ്പോ നൽകി പരാതിയില്ലാത്തപക്ഷം എല്ലാവർക്കും ക്രയസർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതുമാണ.

ഇടുക്കിയിൽ പട്ടയ നടപടികൾ കുരുക്കിൽ

അതേസമയം ഇടുക്കി ജില്ലയിൽ 1964ലെ ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടതോടെ പട്ടയ നടപടികൾ വീണ്ടും നിയമക്കുരുക്കിലായി. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് തടഞ്ഞിരിക്കുന്നത്. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് വിധി വന്നത്.

1971 ജനുവരി ഒന്നിനു മുൻപ് കൃഷിയാവശ്യത്തിനായി കുടിയേറ്റം നടത്തിയ ഭൂമിക്കാണ് 1964ലെ ചട്ടം അനുസരിച്ച് പട്ടയം നൽകുന്നത്. എന്നാൽ 1971ൽ ചട്ടം 5, 7 എന്നിവ ഭേദഗതി ചെയ്തതുകൊണ്ട് പലയിടത്തും അനധികൃതമായി ഭൂമി കയ്യേറിയവർ പട്ടയം നേടിയിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഫലത്തിൽ ചട്ടഭേദഗതി, 1971 വരെ സർക്കാർ ഭൂമി കയ്യേറിയവർക്ക് ഒരേക്കർ വരെ പതിച്ചു നൽകാൻ അനുവദിക്കുന്നതായി മാറി. ഭൂരഹിതർക്കു ഭൂമി പതിച്ചു നൽകുന്നത് അംഗീകരിക്കാമെങ്കിലും അനർഹർക്ക് സർക്കാർ ഭൂമി പതിച്ചു നൽകുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം പട്ടയങ്ങളുടെ നിയമ സാധുത പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്കു നോട്ടിസ് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് കോടതി പരിഗണിക്കുന്നതിനാൽ ജില്ലയിൽ 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നതു നിർത്തിവയ്ക്കണമെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ 1993ലെ ചട്ടപ്രകാരം പട്ടയം നൽകുന്നതിനു തടസ്സമില്ല.

അനധികൃത കയ്യേറ്റക്കാർക്ക് 1964ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്ന ഹർജിക്കാരുടെ വാദവും കോടതിയുടെ നിരീക്ഷണവും എതിർക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയായി നിയമ വിദഗ്ദ്ധർ കരുതുന്നു. 1971 ജനുവരി ഒന്നിനു മുൻപ് കൈവശ ഭൂമിയിൽ കൃഷി ചെയ്തും വീട് വച്ചും താമസിക്കണം, ഈ ഭൂമി അതത് താലൂക്കിലെ പതിവ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതാകണം, ഭൂമി പതിച്ചു നൽകാൻ എൽഎ കമ്മിറ്റിയുടെ അനുമതി വേണം എന്നിവയാണ് 1964ലെ ചട്ടപ്രകാരം ഭൂമിക്കു പട്ടയം നൽകാനുള്ള മാനദണ്ഡം. എത്ര കാലമായി ഭൂമി അപേക്ഷകന്റെ കൈവശമുണ്ടെന്നു തെളിയിക്കാൻ റവന്യു വകുപ്പിനു മാർഗങ്ങളുണ്ട്.

മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായാണ് കുടിയേറ്റ കർഷകർക്കു പട്ടയങ്ങൾ വിതരണം ചെയ്തതെന്നും അല്ലാതെയുള്ള പട്ടയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതിയിൽ സത്യവാങ്മൂലം നൽകി ഇപ്പോഴത്തെ നിയമ പ്രശ്‌നങ്ങളിൽ നിന്നു സർക്കാരിന് ഒഴിവാകാമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.