- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്ഭവൻ ശുപാർശ ചെയ്തവരുടെ പേരും കേസ് ഫയൽ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ പേരും ഗവർണർക്ക് നൽകിയില്ലെന്ന വിസിയുടെ നിലപാട് നിർണ്ണായകം; കൈമാറിയത് മന്ത്രി തന്ന പട്ടിക! ഗവർണ്ണർക്കെതിരായ ബാനർ അവിടെ തുടരും; കേരള സർവ്വകലാശാലയിൽ വിസിയുടെ നിലപാട് നിർണ്ണായകം

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിൽ ഗവർണറെ പരിഹസിച്ചുകൊണ്ട് കെട്ടിയ ബാനർ നീക്കം ചെയ്യേണ്ടതില്ലെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനം ഗൗരവത്തിലൂടെ കാണാൻ രാജ്ഭവൻ. യോഗത്തിൽ പങ്കെടുത്ത സർക്കാർ പ്രതിനിധികൾ ഉൾപ്പടെ ഒൻപതുപേരും ബാനർ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ ബാനർ നീക്കണമെന്ന നിലപാടിൽ ആയിരുന്നു വൈസ് ചാൻസലർ.
വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധമാർഗത്തെ തടയേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് മുന്നിൽ വി സി ഡോ.മോഹനൻ കുന്നുമേൽ ഒറ്റപ്പെട്ടു. ബാനർ മാറ്റാൻ രജിസ്ട്രാർക്ക് വി സി നിർദ്ദേശം നൽകിയെങ്കിലും നടപ്പായിരുന്നില്ല. പിന്നാലെയാണ് വിഷയം ഇന്നലെത്ത സിൻഡിക്കേറ്റിലെത്തിയത്. ഈ വിഷയം കോടതിയിൽ എത്താനും സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ കോടതി തീരുമാനത്തിലൂടെ മാത്രമേ ബാനർ മാറ്റം നടക്കൂ. അതിനിടെ ബാനർ ആരും അഴിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എസ് എഫ് ഐയും പ്രത്യേക സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്.
സിൻഡിക്കേറ്റിൽ സിപിഎം അനുകൂലികളാണ് കൂടുതൽ. ഇതുകൊണ്ടാണ് ബാനറിൽ വിസിയുടെ നീക്കം പൊളിഞ്ഞത്. സർവകലാശാല ക്യാമ്പസിൽ ബാനറുകൾ കെട്ടുന്നത് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം സിൻഡിക്കേറ്റ് ഉപസമിതിയുടെ പരിഗണനയ്ക്ക് വിടാനും യോഗം തീരുമാനിച്ചു. സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്യേണ്ട വിദ്യാർത്ഥി പ്രതിനിധികളുടെ പാനൽ സംബന്ധിച്ച ചർച്ച യോഗത്തിൽ രൂക്ഷമായ വാക്‌പോരിന് ഇടയാക്കി.
നാമനിർദ്ദേശം സംബന്ധിച്ച കത്തുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഷിജുഖാൻ നൽകിയ കത്ത് അജണ്ടയിലില്ലായിരുന്നുവെങ്കിലും വിഷയം യോഗം ചർച്ച ചെയ്തു. ഗവർണർ ശുപാർശ ചെയ്തവരുടെ പേരും അതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ പേരും ഗവർണർക്ക് നൽകിയിട്ടില്ലെന്ന് വി സി യോഗത്തിൽ വ്യക്തമാക്കി. ഇതും ഏറെ നിർണ്ണായകമാണ്. വിസിയുടെ മറുപടി ഫലത്തിൽ സർക്കാരിന് എതിരാണ്. അംഗങ്ങളെ ശുപാർശ ചെയ്ത വിസിയുടെ തീരുമാനം ഗവർണർ അംഗീകരിച്ചില്ലെന്ന തരത്തിലാണ് എസ് എഫ് ഐ വിഷയം ചർച്ചയാക്കുന്നത്.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ വിഷയം ചർച്ച ചെയ്യാനാവില്ലന്ന നിലപാടിലായിരുന്നു വി സി. പ്രതിഭകളായിട്ടുള്ള വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ് സർവകലാശാല തയ്യാറാക്കിയിട്ടില്ലെന്നും മന്ത്രി നൽകിയ ലിസ്റ്റ് അതേപടി ഗവർണർക്ക് കൈമാറിയെന്നും വി സി അറിയിച്ചു. അതായത് ഈ വിഷയത്തിലും സർക്കാരും മന്ത്രിയും ഇടപെട്ടുവെന്ന് പറയുകയാണ് വിസി. കേരള സർവ്വകലാശാലയിലെ താൽകാലിക വിസിയുടെ ഈ നിലപാട് കോടതി എങ്ങനെ എടുക്കുമെന്നതും നിർണ്ണായകമാണ്.
അതിനിടെ ഷിജുഖാൻ ആവശ്യപ്പെട്ട രേഖകൾ നൽകാൻ രജിസ്ട്രാർക്ക് വി സി നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശമാണ് നൽകിയതെന്ന വിസിയുടെ മറുപടിയും നിർണ്ണായകമാണ്. ഇതേ നിലപാട് സർവ്വകലാശാല കോടതി കേസിൽ എടുക്കുമോ എന്നതും ശ്രദ്ധേയമാകും.


