- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള സർവ്വകലാശാലയിലെ മന്ത്രിയുടെ പ്രമേയം രാജ്ഭവൻ തള്ളും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് കേരള സർവകലാശാല, പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സെനറ്റ് തീരുമാനം രേഖാമൂലം അറിയിച്ച പ്രോ ചാൻസലറുടെ നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കില്ല. വീണ്ടും സെനറ്റ് യോഗം വിളിക്കാൻ ഗവർണ്ണർ നിർദ്ദേശിച്ചേക്കും. ഈ യോഗത്തിൽ ഗവർണർ നേരിട്ട് പങ്കെടുക്കാനും സാധ്യതയുണ്ട്. ഇതിന്റെ നിയമ വശങ്ങൾ ഗവർണർ പരിശോധിക്കുന്നുണ്ട്. സെനറ്റ് യോഗത്തിൽ ഗവർണർ നേരിട്ട് പങ്കെടുക്കുന്നത് കീഴ് വഴക്കമല്ല. എന്നാൽ വിദ്യാഭ്യാസ മന്ത്രി പ്രോ വൈസ് ചാൻസലർ എന്ന പദവി ഉപയോഗിച്ചാണ് യോഗത്തിന് എത്തിയത്. ഈ സാഹചര്യത്തിലാണ് ചാൻസലറും സെനറ്റിൽ പങ്കെടുക്കുന്നത് ആലോചിക്കുന്നത്.
പ്രോ ചാൻസലർ അധ്യക്ഷത വഹിച്ച യോഗത്തിന്റെ തീരുമാനത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ രാവിലെ ഒപ്പിട്ടു. യോഗ തീരുമാനം സർവകലാശാല നിയോഗിച്ച ഉദ്യോഗസ്ഥൻ ഉച്ചയോടെ രാജ്ഭവനിൽ എത്തിച്ചു. ഇമെയിലായും യോഗതീരുമാനം ചാൻസലറെ അറിയിച്ചു. ചാൻസലറായ ഗവർണറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രോ വൈസ് ചാൻസലറുടെ നീക്കങ്ങളൊന്നും വിസിയുടെ ചുമതലയിലുള്ള താൽകാലിക വൈസ് ചാൻസലർ അറിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഗവർണ്ണർ നിയോഗിച്ച നോമിനികൾ രാജ്ഭവനെ പരാതി അറിയിക്കും. ഈ സാഹചര്യത്തിൽ വീണ്ടും യോഗം വിളിക്കാൻ ആവശ്യപ്പെടും.
സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റിയിലേക്കു കേരള സർവകലാശാല പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച ചേർന്ന സെനറ്റ് യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വിസിയുടെ ചുമതലയുള്ള മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നടപടിയെ ഗവർണറും വിമർശിച്ചിരുന്നു. സേർച്ച് കമ്മിറ്റിയുടെ ഘടന മാറ്റാനായി നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലായതിനാൽ സേർച്ച് കമ്മിറ്റിയിലേക്ക് ഇപ്പോൾ പേര് നിർദ്ദേശിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഈ നിലപാട് വ്യക്തമാക്കാൻ കൂടിയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി സെനറ്റ് യോഗത്തിനെത്തിയത്.
മന്ത്രി എത്തുമെന്ന് അറിഞ്ഞ വൈസ് ചാൻലസർ മന്ത്രിയെ സ്വീകരിക്കാൻ ഓഫീസിൽ കാത്തിരുന്നു. എന്നാൽ തന്ത്രപരമായി യോഗ ഹാളിലേക്ക് നേരിട്ടെത്തിയ മന്ത്രി അധ്യക്ഷ കസേര സ്വന്തമാക്കി. യോഗം വിളിച്ചത് വിസിയായിരുന്നു. അതുകൊണ്ട് തന്നെ അധ്യക്ഷനാകേണ്ടത് വിസിയായിരുന്നു. ഇതിനിടെയാണ് മന്ത്രി നിർണ്ണായക ഇടപെടൽ നടത്തിയത്. ചാൻസലറുടെ അഭാവത്തിൽ പ്രോ വൈസ് ചാൻസലർ അധികാരം പ്രയോഗിച്ചുവെന്നാണ് മന്ത്രി ബിന്ദു വിശദീകരിച്ചത്. അങ്ങനെ വന്നാൽ ഗവർണ്ണർക്കും യോഗത്തിനെത്താം. ചാൻസലർ എന്ന നിലയിൽ സെനറ്റിൽ അധ്യക്ഷനുമാകാമെന്ന വിലയിരുത്തലുണ്ട്. ഇതിലാണ് രാജ്ഭവൻ നിയമോപദേശം തേടിയത്. ഇത് കിട്ടിയാൽ മന്ത്രി നൽകിയ ശുപാർശ തള്ളും. വീണ്ടും യോഗം ചേരാനും നിർദ്ദേശിക്കും.
സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് മന്ത്രി പ്രമേയം അവതരിപ്പിക്കാൻ തുടങ്ങിയതോടെ സെനിറ്റിൽ തർക്കമായി. പ്രമേയം പാസായെന്നു മന്ത്രി പ്രഖ്യാപിച്ചു. ചർച്ച കൂടാതെ പ്രമേയം പാസാക്കുന്നതെങ്ങനെയെന്നു പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. പ്രമേയം പാസായിട്ടില്ലെന്നു വൈസ് ചാൻസലറും വ്യക്തമാക്കിയതോടെ മന്ത്രിയും വിസിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. യോഗം വിളിച്ചത് താനായതിനാൽ അധ്യക്ഷൻ താനാണെന്നു വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട വായിച്ചതും ശരിയല്ലെന്നും വിസി വ്യക്തമാക്കി. തുടർന്ന്, ബഹളത്തിനിടെ സെനറ്റ് യോഗം പിരിഞ്ഞു.
പ്രമേയം പാസായതായി എത്രയും വേഗം ഗവർണറെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. രാവിലെതന്നെ മന്ത്രി ഫയലിൽ ഒപ്പിട്ടു. ഉച്ചയോടെ ഉദ്യോഗസ്ഥർ രേഖകൾ രാജ്ഭവനിൽ എത്തിച്ചു. വിഷയത്തിൽ ഗവർണറുടെ തീരുമാനം നിർണായകമാണ്. സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം തിരഞ്ഞെടുത്തു നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ട്. പ്രതിനിധിയെ നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കുമെന്നു ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനൊപ്പമാണ് സെനറ്റിലെ പ്രോ വൈസ് ചാൻസലറുടെ അധികാര പ്രയോഗം. അതുകൊണ്ട് തന്നെ ഗവർണ്ണർ ചാൻസലറായ എല്ലാ യൂണിവേഴ്‌സിറ്റിയിലും സെനറ്റ് യോഗത്തിന് എത്താൻ ഗവർണ്ണർക്ക് കഴിയുമോ എന്നതാണ് രാജ്ഭവന് പരിശോധിക്കുന്നത്.