- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർവകലാശാല വി സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ നിർദേശിച്ചു ഗവർണർ; സെനറ്റ് തീരുമാനം ആവർത്തിച്ച് മറുപടി നൽകാൻ സർവകലാശാലയും; സർവകലാശാലാ പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കിൽ രണ്ടംഗ സെർച്ച് കമ്മിറ്റിയുമായി ഗവർണർ മുന്നോട്ടു പോയേക്കും
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചുനൽകാൻ വീണ്ടും ഗവർണർ നിർദേശിച്ചെങ്കിലും സെനറ്റ് തീരുമാനം ആവർത്തിച്ച് സർവകലാശാല മറുപടിനൽകും. നിലവിൽ രണ്ടംഗങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സെനറ്റ് പാസാക്കിയ പ്രമേയം. മൂന്നാമത്തെ പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണർ നിർദേശിച്ചിട്ടുള്ളതിനാൽ സെനറ്റ് തീരുമാനം വീണ്ടും അദ്ദേഹത്തെ അറിയിച്ചു മറുപടിനൽകുമെന്ന് സർവകലാശാലാ വൃത്തങ്ങൾ വ്യക്തമാക്കി.
26-നു മുമ്പ് പ്രതിനിധിയെ നിശ്ചയിച്ചുനൽകാനാണ് ഗവർണറുടെ നിർദ്ദേശം. ഗവർണർ വീണ്ടും നിർദ്ദേശം നൽകിയതിനാൽ സെനറ്റ് ചേരാതെ പഴയമറുപടി ആവർത്തിക്കുന്നതിൽ ക്രമപ്രശ്നം ഉന്നയിക്കപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് അടിയന്തര സെനറ്റ് യോഗം ചേരാനുള്ള ആലോചന. എന്നാൽ, നിയമവശങ്ങൾ ആലോചിച്ചുമാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. ഇതടക്കമുള്ള വിഷയങ്ങളിൽ നിയമോപദേശം തേടിയിട്ടുണ്ട്.
സർവകലാശാലാ പ്രതിനിധിയെ നിശ്ചയിച്ചില്ലെങ്കിൽ ഇപ്പോഴുള്ള രണ്ടംഗ സെർച്ച് കമ്മിറ്റിയുമായി ഗവർണർ മുന്നോട്ടുനീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സമിതിയെവെച്ച് വി സി. നിയമനത്തിനായി അദ്ദേഹം നടപടിയെടുത്താൽ സർവകലാശാല പ്രതിരോധത്തിലാവും. അതേസമയം സേർച് കമ്മിറ്റി പ്രതിനിധിയെ കണ്ടെത്താൻ ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് കേരള സർവകലാശാലാ വൈസ് ചാൻസലർ, സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർക്കും. 10 ദിവസത്തെ നോട്ടിസിൽ യോഗം വിളിച്ചു ചേർക്കാം.
എന്നാൽ യോഗത്തിനു മതിയായ അംഗങ്ങൾ എത്തിയില്ലെങ്കിൽ ക്വോറം തികയാതെ തീരുമാനം എടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അക്കാര്യം വിസി, ഗവർണറെ അറിയിക്കും. യോഗം വിളിച്ചു ചേർക്കുന്നതോടെ ഗവർണറുടെ നിർദ്ദേശം വിസി അനുസരിച്ചു എന്നും ആകും. രണ്ടു തവണ യോഗം ചേർന്നിട്ടും സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ സർവകലാശാലയ്ക്ക് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ കമ്മിറ്റിയിലെ 2 അംഗങ്ങളോടു വിസി നിയമന നടപടികളുമായി മുന്നോട്ടുപോകാൻ രാജ്ഭവൻ നിർദേശിക്കും.
അപൂർണമായ സേർച് കമ്മിറ്റിയുടെ രൂപീകരണത്തിനെതിരെ ചാൻസലറെ എതിർ കക്ഷിയാക്കി ഹർജി ഫയൽ ചെയ്താൽ വിസി നിയമനം അനിശ്ചിതമായി നീളും. ഒക്ടോബർ 24ന് ഇപ്പോഴത്തെ വിസിയുടെ കാലാവധി അവസാനിക്കും. വിസി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് സേർച് കമ്മിറ്റി യോഗം ചേരാൻ 2 മാസമെങ്കിലും വേണം. ഓഗസ്റ്റ് 5 ന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ 5 ന് അവസാനിക്കും. ഡിസംബർ 5 വരെ കാലാവധി നീട്ടാൻ വ്യവസ്ഥയുണ്ട്.
ഒക്ടോബർ 24 മുതൽ വിസിയുടെ താൽക്കാലിക ചുമതല സംസ്ഥാനത്തെ മറ്റൊരു വിസിക്കോ, കേരളയിലെത്തന്നെ പ്രഫസർക്കോ കൈമാറാം. ഗവർണറാണ് ഇതു ചെയ്യേണ്ടത്. കഴിഞ്ഞ വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ ആദ്യം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് ചുമതല നൽകിയിരുന്നു. പിന്നീട് കേരളയിലെ പ്രഫസർക്കു ചുമതല കൈമാറി.
മറുനാടന് മലയാളി ബ്യൂറോ