- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സർക്കാർ പണമില്ലാതെ വെള്ളം കുടിക്കുമ്പോഴും ഇഡി വട്ടമിട്ടുപറക്കുമ്പോഴും കിഫ്ബിക്ക് കൂസലില്ല; മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി ക്യത്യസമയത്ത് തിരിച്ചടയ്ക്കാൻ റെഡി; കിഫ്ബി സ്വന്തം കാലിൽ നിൽക്കുന്നത് ഇന്ധന സെസിനും വാഹന നികുതിക്കും നന്ദി പറഞ്ഞുകൊണ്ട്
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷനുകളും, കരാറുകാരുടെ കുടിശികയും ഒക്കെ കൊടുക്കാൻ കാശില്ലാതെ സംസ്ഥാന സർക്കാർ വെള്ളം കുടിക്കുകയാണ്. വെള്ളം കുടിപ്പിക്കുന്നത് കേന്ദ്രമാണെന്ന് ധനമന്ത്രിയും, കുറെയൊക്കെ സ്വയം കുടിക്കുന്നതാണെന്ന് പ്രതിപക്ഷവും പറയുന്നു. അതിനിടെ, മസാല ബോണ്ടിന്റെ പേരിൽ ഇഡി കിഫ്ബിയെ വരിഞ്ഞുമുറുക്കുകയാണ്. മുൻധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർക്കെതിരെ സമൻസ് അയച്ചിരിക്കുന്നു. കാര്യം ഇതൊക്കെയായാലും, എന്തൊക്കെ സാമ്പത്തിക പിരിമുറുക്കം ഉണ്ടെങ്കിലും, മസാല ബോണ്ട് വഴി എടുത്ത ഫണ്ട് കൃത്യസമയത്ത് പലിശസഹിതം തിരിച്ചടയ്ക്കാൻ തയ്യാറെടുത്തു കഴിഞ്ഞു കിഫ്ബി. ദി ന്യു ഇന്ത്യൻ എക്സ്‌പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തത്.
2019 മാർച്ചിലാണ് 2150 കോടി മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. ഈ ബോണ്ട് ലണ്ടൻ സ്‌റ്റോക്ക് എക്‌സേചേഞ്ചിന്റെ അന്താരാഷ്ട്ര ഓഹരി വിപണിയിൽ 2019 ഏപ്രിൽ 1 ന് ലിസ്റ്റും ചെയ്തു. മാർച്ച് 29-30 ന് തുക തിരിച്ചടയ്ക്കുമെന്ന് കിഫ്ബി സിഇഒ ആയ കെ എം എബ്രഹാം അറിയിച്ചു.
2150 കോടി കൃത്യമായി തിരിച്ചടയ്ക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി എസ്‌ക്രോ അക്കൗണ്ടിൽ തുക ഇട്ടുവരികയായിരുന്നു. മാർച്ച് അവസാനത്തോടെയാണ് ബോണ്ട് മച്ച്വർ ആകുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്കു ചുമത്തിയിട്ടുള്ള സെസ് വഴിയും വാഹന നികുതി ഇനത്തിലുമാണ് കിഫ്ബിക്കു പണം ലഭിക്കുന്നത്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഈയിനങ്ങളിൽ 2,470 കോടിയോളം കിട്ടി. തക്ക സമയത്ത് കിഫ്ബിക്ക് പണം തിരിച്ചടയ്ക്കാൻ കഴിയുമോ എന്നും, കേരളത്തെ കൂടുതൽ കടക്കെണിയിൽ ആക്കുമോയെന്നും പ്രതിപക്ഷം നേരത്തെ സംശയം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 27,177 കോടി രൂപയാണ് കിഫ്ബി ചെലവഴിച്ചത്. വ്യവസായ പാർക്കുകൾക്കുള്ള ഭൂമി ഏറ്റെടുക്കൽ, കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ, ഗിഫ്റ്റ് സിറ്റി എന്നിവയ്ക്കുൾപ്പെടെയാണിത്. ഇതുവരെ 82,426 കോടിയുടെ 1073 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.
കിഫ്ബി മസാല ബോണ്ട്
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്). 1999 ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം -1999 (ആക്ട് 4-2000) അനുസരിച്ചാണ് കിഫ്ബി സ്ഥാപിതമായത്. 11/11/1999 ലാണ് കിഫ്ബി രൂപീകൃതമായത്.
കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോർഡിന്റെ ചെയർമാൻ. ധനകാര്യ മന്ത്രി വൈസ് ചെയർമാനും കിഫ്ബി സിഇഒ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോർഡ് അംഗമാണ്. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോർപ്പറേറ്റ് ബോർഡിൽ അംഗങ്ങളാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായിട്ടുള്ള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോർപ്പറേറ്റ് ബോർഡ് കൂടാതെ കിഫ്ബിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പർമാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സർക്കാർ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി.
നിലവിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോർഡിന്റെ മെമ്പർ സെക്രട്ടറിയും.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണ് മസാല ബോണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കായാണു മുഖ്യമായും മസാല ബോണ്ടുകൾ വഴി കടമെടുക്കുന്നത്. ഇന്ത്യൻ സംസ്‌കാരവും രുചിവൈവിധ്യങ്ങളും രാജ്യാന്തര വിപണിയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രൂപയിലെ ബോണ്ടുകൾക്ക് ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ 'മസാല ബോണ്ട്' എന്ന പേരുവിളിച്ചത്. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. മൂല്യം ഇടിയുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ നഷ്ടം നിക്ഷേപകരാണ് സഹിക്കേണ്ടത്.
കേരളത്തിന്റെ കിഫ്ബി മസാല ബോണ്ടുകൾ ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.