തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിന്റെ 7 ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി നൽകുന്നത്. കരാറുകാർ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കിൽ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ? എന്ന മറു ചോദ്യവും തോമസ് ഐസക്കിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തുന്നു.

പ്രതിപക്ഷ നേതാവിന്റെ മറുപടി ചുവടെ

മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചോദിച്ച ഓരോ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകുമ്പോൾ പുതിയ വിഷയവുമായാണ് അദ്ദേഹം വീണ്ടും വരുന്നത്.

ആദ്യ പോസ്റ്റ് ധനകാര്യ കമ്മീഷൻ ഡവല്യൂഷനെ കുറിച്ചും റവന്യു കമ്മി ഗ്രാന്റിനെക്കുറിച്ചുമായിരുന്നു. അതിന് മറുപടി നൽകിയപ്പോൾ നികുതി പിരിവിലെ പരാജയത്തെകുറിച്ചായി അടുത്ത ചോദ്യം. അതിനും മറുപടി നൽകി. ഇപ്പോഴിതാ കിഫ്ബിയെ കുറിച്ചാണ് ചോദ്യം!

ബജറ്റിന് പുറത്തെടുത്ത തുക കടമെടുപ്പിന്റെ പരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതു തന്നെയാണ് സി.എ.ജി പിന്നീട് ചൂണ്ടിക്കാണിച്ചതെന്നുമുള്ള എന്റെ പ്രസ്താവനയ്ക്കെതിരെ, നിങ്ങളാണ് സി.എ.ജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തതെന്ന അപഹാസ്യമായ വാദമാണ് ഐസക്ക് ഉയർത്തിയത്. ഐസക്കിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതും ചിരിപ്പിക്കുന്നതുമായ വാദമാണിത്.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നെന്നും വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ലെന്നും അടുത്തിടെ അങ്ങ് ഉയർത്തിയ വിമർശനം വൻകിട പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ കിഫ്ബി പരാജയപ്പെട്ടെന്നതിന്റെ സാക്ഷ്യപത്രമാണ്.

ഡോ. തോമസ് ഐസക്കിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ കിഫ്ബി സംബന്ധിച്ച ഏഴു ചോദ്യങ്ങളാണുള്ളത്. ഏതായാലും ചോദ്യങ്ങളുടെ എണ്ണം ഏഴാക്കിയത് നന്നായി. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയോട് ഞാനും ഏഴ് ചോദ്യങ്ങൾ ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം നാളിതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ മുൻ ധനകാര്യ മന്ത്രിയുടെ ഏഴു ചോദ്യങ്ങൾക്കുമുള്ള മറുപടി ചുവടെയുണ്ട്;

I. 2016- ൽ കിഫ്ബി നിയമ ഭേദഗതി ചർച്ചയിൽ 'കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയിൽ വരും' എന്ന് പ്രതിപക്ഷം പറഞ്ഞിട്ടേയില്ലെന്നാണ് ഐസക്കിന്റെ വാദം. ഇതിന്റെ നിയമസഭാ രേഖ സമർപ്പിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു.

നിയമസഭാ രേഖകൾ പ്രകാരം 2016 നവംബർ രണ്ടിന് കിഫ്ബി നിയമ ഭേദഗതി ചർച്ചയിൽ ഞാൻ ഉയർത്തിയ വാദങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

'അങ്ങ് എങ്ങിനെയെല്ലാം ബൈപാസ് ചെയ്യാൻ ശ്രമിച്ചാലും അവസാനം എഫ്.ആർ.ബി.എം ആക്ട് ഇതിനെ അട്രാക്ട് ചെയ്യും. കാരണം ഫൈനലായി ഗവൺന്മെന്റിന്റെ burden വർധിക്കുന്നതാണ്. ഗവൺന്മെന്റിന്റെ fiscal deficit ഫൈനലായി കൂടുകയാണ്. കാരണം Government has to pay the money' എന്റെ ഈ പ്രസംഗം മറന്നു പോയെങ്കിൽ അങ്ങേയ്ക്ക് രേഖകൾ പരിശോധിക്കാം.

II. കിഫ്ബിക്കെതിരെ ഞങ്ങൾ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മൻ ചാണ്ടി അവതരിപ്പിച്ച 2016-ലെ ബജറ്റ് വേളയിൽ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം

അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് ഞങ്ങൾ അന്നും ഇന്നും എതിരല്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മെട്രോ റെയിൽ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ വായ്പയെടുത്തുകൊണ്ടാണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാൻ സാധിക്കുന്ന Self Sustaining പദ്ധതികളായിരുന്നു. എന്നാൽ കിഫ്ബി അത്തരത്തിലുള്ള മോഡലല്ല പിന്തുടരുന്നത്. നേരത്തെ ബജറ്റിലൂടെ നടത്തിവന്നിരുന്ന പദ്ധതികളും ഇപ്പോൾ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാ ബാധ്യതയും സഞ്ചിത നിധിയിലേക്ക് വരുന്നതും. കിഫ്ബി ഭേദഗതി ബിൽ ചർച്ച പരിശോധിച്ചാൽ അങ്ങേയ്ക്ക് അത് ബോധ്യമാകും.

III. ശിവദാസമേനോന്റെ കാലത്തും തുടർന്നു വന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ടെന്ന വാദമാണ് മുൻ ധനമന്ത്രി ഉയർത്തുന്നത്.

വായ്പയെടുക്കാതെ വൻകിട പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ യു.ഡി.എഫ് കാലത്തെടുത്ത വായ്പകളുടെ പ്രത്യേകതകളെ കുറിച്ച് തൊട്ടുമുകളിലുള്ള ഉത്തരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. യു.ഡി.എഫ് പിൻതുടർന്ന മാതൃകയിൽ നിന്നും വ്യത്യസ്തമാണ് കിഫ്ബി മോഡൽ. യാതൊരു അവധാനവും ഇല്ലാതെ മസാല ബോണ്ടുകളിറക്കി 9.723 ശതമാനം പലിശയ്ക്ക് സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് കിഫ്ബിയുടെ സാമ്പത്തിക മോഡൽ പരാജയമാണെന്നതിന്റെ നേർചിത്രമാണ്.

IV. കേന്ദ്ര സർക്കാർ 'ഓഫ് ബജറ്റ്', ''എക്‌സ്ട്രാ ബജറ്റ്'' വായ്പകൾ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സർക്കാർ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉൾക്കൊള്ളിച്ചുണ്ടോയെന്നതാണ് ഐസക്കിന്റെ അടുത്ത ചോദ്യം.

എഫ്.ആർ.ബി.എം നിയമത്തിന് അനുസൃതമായി മാത്രമേ സംസ്ഥാനങ്ങളും കേന്ദ്രവും പ്രവർത്തിക്കാൻ പാടുള്ളു. കേന്ദ്രം പാസാക്കിയ എഫ്.ആർ.ബി.എം നിയമത്തിനെതിരെ കേന്ദ്രവും സംസ്ഥാനം പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സർക്കാരും പ്രവർത്തിച്ചാൽ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങളെ ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും. അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

V. സംസ്ഥാനങ്ങളുടെ മേൽ എന്തു വായ്പാ നിബന്ധനയും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട് എന്നാണ് യു.ഡി.എഫിന്റെ അഭിപ്രയമെന്നതാണ് മുൻ ധനമന്ത്രിയുടെ അടുത്ത ആരോപണം.

ഇത് തികച്ചും അവാസ്തവമാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്നത് കോൺഗ്രസാണ്. നോട്ടു നിരോധനത്തിലും ജി.എസ്.ടിയിലും സംസ്ഥാനങ്ങളോട് കാട്ടുന്ന അവഗണനയിലും ഉൾപ്പെടെ രൂക്ഷമായ പ്രക്ഷോഭങ്ങൾ കോൺഗ്രസും യു.ഡി.എഫും നടത്തിയിട്ടുണ്ട്. ജി.എസ്.ടി കോൺഗ്രസിന്റെ ആശയമാണെങ്കിലും മോദി സർക്കാർ നടപ്പിലാക്കിയ വികലമായ ജി.എസ്.ടി നിയമത്തിന്റെ വക്താക്കളായി ഞങ്ങൾ നിന്നിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി ജി.എസ്.ടിയുടെ വക്താവായി നടന്നത് താങ്കളാണെന്ന കാര്യം കേരളം മറന്നിട്ടില്ല.

VI. കിഫ്ബിക്ക് യു.ഡി.എഫിന്റെ ബദൽ മാർഗമുണ്ടോ എന്നാതാണ് അടുത്ത ചോദ്യം.

ഈ ചോദ്യം തികച്ചും സാങ്കൽപികമാണ്. കേരളത്തിൽ മുൻ കാലങ്ങളിൽ ഉണ്ടായ എല്ലാ വികസന പ്രവർത്തങ്ങളും കിഫ്ബിയിലൂടെയാണ് നടപ്പാക്കിയതെന്നേ ഈ ചോദ്യം കേട്ടാൽ തോന്നൂ.

യു.ഡി.എഫ് കാലത്തടക്കം കേരളത്തിൽ ഉണ്ടായ കൊച്ചിൻ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ നടപ്പിലാക്കിയത് കിഫ്ബിയിലൂടെ അല്ലല്ലോ? കിഫ്ബിയിലൂടെ പൂർത്തിയാക്കിയ ഏതെങ്കിലും ഒരു വൻകിട പദ്ധതിയുടെ പേര് ഐസക്കിന് പറയാമോ? വ്യവസ്ഥാപിത മാർഗത്തിലൂടെ വായ്പകൾ സ്വീകരിച്ച് കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾ നടപ്പിലാക്കിയ രീതി തന്നെയായാണ് യു.ഡി.എഫ് ഇപ്പോഴും മുന്നോട്ടു വയ്ക്കുന്ന മാതൃക.

VII. യു.ഡി.എഫിന്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ള ആന്വിറ്റി മാതൃക തന്നെയാണ് കിഫ്ബി പിന്തുടരുന്നതെന്ന വിചിത്ര വാദമാണ് ഐസക്ക് ഉയർത്തുന്നത്.

അങ്ങനെയെങ്കിൽ കിഫ്ബി പുതിയ സാമ്പത്തിക മാതൃകയാണെന്ന് അങ്ങ് വാദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

കരാറുകാർ വായ്പയെടുത്തു നടത്തുന്ന ആന്വിറ്റി മാതൃക കിഫ്ബി പിന്തുടരുന്നെങ്കിൽ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് എന്തിന് വേണ്ടിയായിരുന്നെന്ന് വ്യക്തമാക്കാമോ?
#GST
#IGST
#ThomasIsaac
#Kiifb