- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവർ എന്തേ ബസിൽ എന്നാലോചിച്ച് അടുത്ത് ചെന്നു ചോദിച്ചു; നടുവണ്ണൂരിലെ തന്റെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞു; ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകൾ കാണുമ്പോഴാണ് കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഈ ലാളിത്യമോർത്തത്! കെകെ രമ ബസിൽ; ഇനി അരുത്
വടകര: കെ.കെ.രമ എംഎൽഎയുടെ ബസ് യാത്രയിൽ സോഷ്യൽ മീഡിയയിൽ ചർച്ച തുടരുകയാണ്. ആരേയും ഭയക്കാതെയുള്ള യാത്ര. നിയമസഭാ അംഗമായാലും യാത്ര ബസിലാക്കുന്നതിൽ കുഴപ്പമില്ലെന്ന തിരിച്ചറിവ് ചർച്ചയാക്കുന്ന പോസ്റ്റ്. സിപിഎമ്മിൽ നിന്ന് പിണങ്ങി ആർ എം പിയുണ്ടാക്കിയപ്പോൾ ടി പി ചന്ദ്രശേഖരനും ഭീഷണികൾ ഉണ്ടായി. അപ്പോൾ അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് ടിപി സഞ്ചരിച്ചു. അങ്ങനെയാണ് 51 വെട്ടിൽ രാഷ്ട്രീയ പക ടിപിയെ തീർത്തത്. അതുകൊണ്ട് തന്നെ ബസ് യാത്ര പുറത്തെത്തുമ്പോൾ രമയും ഇനി കരുതൽ എടുക്കണം. നിയമസഭയിലും മറ്റും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്ന രമയ്ക്ക് ശത്രുക്കൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഒറ്റയ്ക്കുള്ള ബസ് യാത്രകളിൽ അപകടവും ചതിയും ഏറെയാണെന്നതാണ് വസ്തുത.
ഭീരുവാകാൻ കഴിയാത്ത ടിപിയുടെ ഭാര്യയും ആ വഴിയിലാണ് യാത്ര. വധഭീഷണി നിലനിൽക്കെ ഗൺമാനെയോ സഹായികളെയോ ഒപ്പം കൂട്ടാതെ നടുവണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് ബസിൽ യാത്ര ചെയ്തതാണ് ചൂടേറിയ ചർച്ചയായത്. ഭീഷണി ഉണ്ടായിരിക്കെ ഒറ്റയ്ക്ക് ബസിലെ ഇടതുവശത്തെ സീറ്റിൽ യാത്ര ചെയ്യുന്ന ചിത്രം അനീഷ് കോട്ടപ്പള്ളി എന്ന കോൺഗ്രസ് പ്രവർത്തകനാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വടകര പഴയ ബസ് സ്റ്റാൻഡിലാണ് പേരാമ്പ്ര റൂട്ടിൽ ഓടുന്ന ബസിൽ യാത്രക്കാരിയായി കെ.കെ.രമയെ അനീഷ് കണ്ടത്. മാസ്‌ക് ധരിച്ചതിനാൽ ആദ്യം ശങ്കിച്ചെങ്കിലും എംഎൽഎ ആണെന്ന് പിന്നെ മനസ്സിലായി. മുമ്പും ഇത്തരത്തിൽ ബസിൽ രമ സഞ്ചരിച്ചിട്ടണ്ടാകണം. എന്നാൽ അന്നൊന്നും ആരും അത് അറിഞ്ഞിരുന്നില്ല. അനീഷിന്റെ ക്യാമറയിൽ പകർന്നതോടെയാണ് എംഎൽഎയുടെ ബസ് യാത്ര ചർത്തയായത്.
'ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകൾ കാണുമ്പോഴാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ലാളിത്യം ഓർത്തത്. ഇവരിൽനിന്നു നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പലതും പഠിക്കാനുണ്ട് എന്ന തോന്നൽ തന്നെയാണ് പടം പോസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിനു പിന്നിൽ'. 'അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം' എന്നും കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്‌റ്റോടെ രമ ബസിൽ യാത്ര ചെയ്യുമെന്ന് രാഷ്ട്രീയ എതിരാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ബസ് യാത്രയുടെ തക്കം പാർ്ത്ത് വെട്ടുകത്തിയുമായി അവർ കാത്തു നിൽക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഈ ബസ് യാത്ര വേണ്ടെന്നാണ് പൊതു സമൂഹവും രമയെ ഓർമിപ്പിക്കുന്നത്.
തിരക്കിട്ട 2 ദിവസത്തെ പരിപാടികൾക്കു ശേഷം ആലുവയിൽ നിന്നു തിരിച്ചെത്തിയ കെ.കെ.രമ എംഎൽഎ ക്ഷീണിച്ച ഡ്രൈവറെയും ഗൺമാനെയും ഒപ്പമുണ്ടായിരുന്ന സഹയാത്രികരെയും വീട്ടിലേക്കു പറഞ്ഞയച്ച ശേഷമാണ് നടുവണ്ണൂരിലെ വീട്ടിലേക്കു ബസ് കയറിയത്. സ്വന്തം വീട്ടിലേക്ക് ആയതിനാൽ കൂട്ടു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അനീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
കഴിഞ്ഞ ദിവസം വൈകുന്നേരം വടകര പഴയ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് വടകര പേരാമ്പ്ര റൂട്ടിലോടുന്ന ബസ്സിന്റെ ഇടതുവശത്തെ വിൻഡോ സൈഡ് സീറ്റിൽ പരിചിതയായ ഒരു യാത്രക്കാരിയെ കണ്ടത് മാസ്‌ക് ഇട്ടതു കാരണം ആൾ അതുതന്നെയോ എന്ന് ശങ്കിച്ചു. പിന്നെയും സൂക്ഷിച്ചു നോക്കി. അതെ ശരിയാണ് അത് വടകരയുടെ പ്രിയപ്പെട്ട എംഎൽഎ രമേച്ചി തന്നെ??
ഒരു പഞ്ചായത്ത് പ്രസിഡന്റ് മുതലുള്ള ജനപ്രതിനിധികളെ കാറിൽ മാത്രം കണ്ടുശീലിച്ച പുതിയകാലത്ത് ഇത് എന്നെ സംബന്ധിച്ച് അസാധാരണവും അവിശ്വസനീയവുമായ കാഴ്ചയായിരുന്നു.
ഇവർ എന്തേ ബസിൽ എന്നാലോചിച്ച് അടുത്ത് ചെന്നു ചോദിച്ചു. നടുവണ്ണൂരിലെ തന്റെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകൾ കാണുമ്പോഴാണ് കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഈ ലാളിത്യമോർത്തത്.
പലവട്ടം ആലോചിച്ചിട്ടാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കാരണം ഇവരിൽ നിന്നും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പലതും പഠിക്കാനുണ്ട് എന്ന തോന്നൽ തന്നെയാണ്.
വടകര മണ്ഡലത്തിലെ മുക്കിലുംമൂലയിലും വിവിധ വിഷയങ്ങളിൽ ഓടിയെത്തുന്ന, എല്ലാവരോടും എപ്പോഴും ഒരു മുഷിപ്പും കാണിക്കാതെ അവരുടെ പരാതിയും പ്രശ്‌നങ്ങളും കേൾക്കുന്ന എംഎൽഎയാണ് രമേച്ചി എന്ന് എല്ലാവരും പറയാറുണ്ട്.
ജനകീയത എന്നത് അവരുടെ ശൈലിയും സംസ്‌കാരവും തന്നെയാണ്. അത് നാട്യങ്ങളല്ല എന്ന് എംഎൽഎ ആയ അന്നുമുതൽ കേരളമറിഞ്ഞതാണ്.
എന്തായാലും ഒരു കാര്യം ഉറപ്പിക്കുന്നു വടകരക്കാർക്ക് തെറ്റിയിട്ടില്ല..
NB : അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം. ഈ കാഴ്ച പങ്കുവെച്ചില്ലെങ്കിൽ പിന്നെ എന്താണ് ഞാൻ ജനങ്ങളോട് പങ്കു വെക്കേണ്ടത്?
മറുനാടന് മലയാളി ബ്യൂറോ