- Home
- /
- News
- /
- SPECIAL REPORT
സിനിമാ കോണ്‍ക്ലേവിന് മുമ്പ് ധനകാര്യ കോണ്‍ക്ലേവ്! ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് രൂപവത്കരിക്കാന്‍ ചര്‍ച്ചാ സമ്മേളനം; നായക റോളില്‍ ബാലഗോപാല്‍
ധനകാര്യവിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് രൂപവത്കരിക്കാന്‍ ചര്‍ച്ച
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന് മുമ്പ് ധനകാര്യ കോണ്‍ക്ലേവ്! കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്ന മൊമ്മോറാണ്ടം അടക്കം തയ്യാറാക്കുന്നതിനും അത് പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ അവതരിപ്പിക്കുന്നതിനും ചര്‍ച്ചാ സമ്മേളനം നടത്താന്‍ ധനവകുപ്പ് തീരുമാനം. ധനകാര്യ വിഷയത്തില്‍ കേരള താല്‍പ്പര്യം ഉടര്‍ത്താന്‍ വിവിധ തലങ്ങളിലെ ആശയ വിനിമയങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് രൂപവത്കരിക്കാന്‍ ചര്‍ച്ചാസമ്മേളനം.
സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന- ധനകാര്യ പ്രശ്‌നങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുന്നതിനുള്ള ആശയരൂപവവത്കരണമാണ് സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം. വിവിധ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക വിവേചനം നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയുടെ ഭാഗമാകും. പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകള്‍ക്കും സമ്മേളനം വേദിയാകും. പ്രതിപക്ഷത്തിനേയും വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാന ധനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12-ന് തിരുവനന്തപുരത്താണ് ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. 12-ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ സംസാരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് ഈ കോണ്‍ക്ലേവും. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനുളളത് എന്നതു കൊണ്ടു തന്നെ വലിയ എതിര്‍ ശബ്ദങ്ങള്‍ ഉയരില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ പൊതു വേദിയുണ്ടാക്കുകയാണ് ലക്ഷ്യം. ഏറെ കാലത്തിന് ശേഷം ബാലഗോപാല്‍ സജീവമായി ധനകാര്യ നയരൂപീകരണത്തില്‍ ഇടെപടുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ദക്ഷിണേന്ത്യയിലെ യോജിപ്പ് ഈ വിഷയത്തില്‍ സാധ്യമാക്കുകായണ് ലക്ഷ്യം. വലിയ പ്രഗത്ഭര്‍ തന്നെ ചര്‍ച്ചകള്‍ക്ക് എത്തുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യന്‍, കേരള സംസ്ഥാന ആസൂത്രണ കമീഷന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, നാലാം സംസ്ഥാന ധനകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം.എ. ഉമ്മന്‍, പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. ഡി.കെ. ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധന്‍മാരായ ഡോ. പ്രഭാത് പട്‌നായിക് എന്നിവര്‍ പങ്കെടുക്കും.
പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഡോ. സി.പി. ചന്ദ്രശേഖര്‍, ഡോ. ജയതി ഘോഷ്, ഡോ. സുശീല്‍ ഖന്ന, ഡോ. എം. ഗോവിന്ദ റാവു, ഡോ. പിനാകി ചക്രവര്‍ത്തി, പ്രൊഫ. കെ.എന്‍. ഹരിലാല്‍, റിട്ട. ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ ആര്‍. മോഹന്‍, സി.ഡി.എസ്. ഡയറക്ടര്‍ ഡോ. സി.വി. വീരമണി, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ്, എന്‍.ഐ.പി.എഫ്.പിയിലെ പ്രൊഫസര്‍ ലേഖ ചക്രബര്‍ത്തി, കേരള കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡോ. പി. ഷഹീന, കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഏക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ കെ.കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.