- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യഘട്ട നിർമ്മാണം പൂർത്തിയായാൽ ദിവസവും പ്രതീക്ഷിച്ചത് 4.5 ലക്ഷം യാത്രക്കാരെ; ലഭിച്ച പ്രതിദിന യാത്രക്കാർ 70,000വും; പദ്ധതിയിലെ കണക്കുകളിൽ അടക്കം അവ്യക്തത വന്നതോടെ ഫ്രഞ്ച് വികസന ബാങ്ക് പിന്മാറി; കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വായ്പ്പക്കായി എഡിബി ഉൾപ്പെടെ രാജ്യാന്തര വായ്പ ഏജൻസികളുമായി കെഎംആർഎൽ ചർച്ചയിൽ
കൊച്ചി: മെട്രോ രണ്ടാംഘട്ടത്തിന് എഎഫ്ഡി (ഫ്രഞ്ച് വികസന ബാങ്ക്) വായ്പ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മറ്റു രാജ്യാന്തര ഏജൻസികളിൽ നിന്നു വായ്പയ്ക്കു ശ്രമം തുടങ്ങി. ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എഡിബി), യൂറോപ്യൻ യൂണിയൻ, ജർമൻ വികസന ബാങ്ക് എന്നീ ഏജൻസികളുമായി പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിക്ക് അനുസൃതമായിരിക്കും തുടർചർച്ചകൾ.
വിഷയം ഇപ്പോൾ കേന്ദ്ര സാമ്പത്തികകാര്യ സമിതിക്കു മുന്നിലാണ്. പലിശ, തിരിച്ചടവു കാലാവധി തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും തീരുമാനമെടുക്കേണ്ടത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം നിർമ്മാണം ആരംഭിക്കാനിരിക്കെ പുതിയ വായ്പ ഏജൻസിയെ കണ്ടെത്തേണ്ടി വരുന്നത് പദ്ധതി വളരെ വൈകാൻ ഇടയാക്കും. അനുമതി ലഭിക്കാനുണ്ടായ താമസമാണു എഎഫ്ഡിയെ പദ്ധതിയിൽ നിന്നു പിന്തിരിപ്പിച്ചത്. രണ്ടാംഘട്ടത്തിന്റെ അനുമതി 8 വർഷത്തോളം വൈകിയപ്പോൾ പദ്ധതിത്തുക പല മടങ്ങ് വർധിച്ചു. എസ്റ്റിമേറ്റ് വെട്ടിക്കുറച്ചും അനുമതി വൈകിപ്പിച്ചും കേന്ദ്ര സർക്കാർ കൊച്ചി മെട്രോയെ കുടുക്കിലാക്കുകയായിരുന്നു.
വായ്പ നടപടികൾ തുടക്കം മുതൽ ആരംഭിക്കണം എന്നതിനാൽ രണ്ടാം ഘട്ട നിർമ്മാണം വൈകാൻ സാധ്യതയേറെയാണ്. എഎഫ്ഡിയിൽ നിന്നു 1.9% പശിലയ്ക്കായിരുന്നു വായ്പ. ഇതേ നിരക്കിൽ വായ്പ ലഭിക്കുമോ എന്നതും അശങ്കയുളവാക്കുന്നു. 11.17 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി 1957 കോടി രൂപയ്ക്കു പൂർത്തിയാക്കാനാകുമോ എന്നതും കെഎംആർഎല്ലിനെ ആശങ്കയിലാക്കുന്നു. പുതിയ ട്രെയിനുകൾ വാങ്ങാതെ, സ്റ്റേഷനുകളുടെ മോടി കുറച്ച്, കോൺക്രീറ്റ് പരമാവധി കുറച്ച് ഇതേ എസ്റ്റിമേറ്റിൽ പദ്ധതി പൂർത്തിയാക്കുമെന്നാണു കെഎംആർഎൽ പറയുന്നത്.
പുതിയ ഏജൻസിയുമായി വായ്പ കരാർ ഒപ്പിടുന്നതിനു മുന്നോടിയായി മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മാർച്ച് മുതൽ മെട്രോ ടിക്കറ്റ് നിരക്കിൽ ഇളവു നൽകുന്നതും പരിഗണനയിലാണ്. അതേസമയം, ഇന്ത്യയിലെ പുതിയ മെട്രോ പദ്ധതികൾക്കു പൂർണമായും വായ്പ നൽകേണ്ടെന്നാണു എഎഫ്ഡിയുടെ തീരുമാനമെന്നും വ്യാഖ്യാനമുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ വച്ചാണ് മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസം പിന്നിടുന്പോൾ പദ്ധതി തന്നെ അനിശ്ചിതത്തിലായിരിക്കുകയാണ്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോ നിർമ്മിക്കാൻ ഫ്രഞ്ച് വികസന ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആർഎല്ലിന്റെ പ്രതീക്ഷികളെല്ലാം. എന്നാൽ മെട്രോ ഒന്നാംഘട്ട നിർമ്മാണത്തിൽ നൽകിയ റിപ്പോർട്ട് ഊതിവീർപ്പിച്ചതാണെന്ന് എഎഫ്ഡി കണ്ടെത്തി.
മെട്രോ ആദ്യഘട്ട നിർമ്മാണ എസ്റ്റിമേറ്റ് 5,181 കോടി രൂപയായിരുന്നു. എന്നാൽ പൂർത്തിയായത് 7,100 കോടി രൂപയ്ക്ക്. ആദ്യഘട്ട നിർമ്മാണം പൂർത്തിയായാൽ ഓരോ ദിവസവും 4.5 ലക്ഷം പേർ മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി. നിലവിലെ പ്രതിദിന യാത്രക്കാർ 70,000. രണ്ടാംഘട്ട നിർമ്മാണത്തിന് കെഎംആർഎല്ലിന്റെ എസ്റ്റിമേറ്റ് 2,577 കോടി രൂപ. കേന്ദ്രസർക്കാർ ഇത് 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. ആദ്യഘട്ട എസ്റ്റിമേറ്റ് വിലയിരുത്തലിൽ പിഴച്ചതോടെ രണ്ടാംഘട്ടത്തിൽ എഎഫ്ഡി സ്വന്തം നിലയ്ക്ക് ഏജൻസിയെ വച്ച് അന്വേഷണം നടത്തി. ഇതിൽ ഉദ്ദേശിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം.
അതേസമയം പിന്മാറ്റത്തിന് കേന്ദ്രത്തെ കുറ്റം പറയുകയാണ് സർക്കാർ. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്ക്ക് നിർമ്മിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്റായി തയ്യാറാക്കിയ ഡിപിആറിൽ 11.2 കിലോമീറ്റർ പാതക്ക് 2310 കോടിയാണ് കണക്കാക്കിയത്. 2018ൽ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട് ഇത് 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്ക്ക് നിർമ്മാണം പൂർത്തിയാകില്ലെന്ന് എഎഫ്ഡി നേരത്തേതന്നെ കെഎംആർഎലിനെ അറിയിച്ചിരുന്നു. ആഗസ്തിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട് മാറ്റാൻ കേന്ദ്രം തയ്യാറായില്ല.
തുടർന്നാണ് പിന്മാറ്റം. കാക്കനാട് പാതയ്ക്ക് 3500 കോടി രൂപ വേണമെന്നാണ് എഎഫ്ഡി വിലയിരുത്തൽ. മെട്രോ ഒന്നാംഘട്ടത്തിൽ എഎഫ്ഡിയാണ് വായ്പ നൽകിയത്. 5181 കോടി കണക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വർഷ കാലാവധിയിൽ 1.9 ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിച്ചത്. കാക്കനാട് പാതക്കുള്ള 60 ശതമാനം പണവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്. 16.23 ശതമാനം തുക (274.90 കോടി) മാത്രമാണ് കേന്ദ്രവിഹിതം.
ഇൻഫോപാർക്ക് മെട്രോ പാതയുടെ നിർമ്മാണത്തുക വെട്ടിക്കുറച്ച കേന്ദ്രസർക്കാർ, ഇതേകാലത്ത് മറ്റുസംസ്ഥാനങ്ങളുടെ സമാന പദ്ധതികൾക്ക് അനുവദിച്ചത് ഉയർന്ന തുക. കഴിഞ്ഞ മൂന്നുവർഷവും കേരളമൊഴികെ സംസ്ഥാനങ്ങളിലെ മെട്രോ നിർമ്മാണത്തിനും കേന്ദ്രം വാരിക്കോരി നൽകി. ഇൻഫോപാർക്ക് പാതയുടെ ഡിപിആർ രണ്ടുവട്ടം തിരിച്ചയച്ച കേന്ദ്രം നിർമ്മാണത്തുക ഏകപക്ഷീയമായി വെട്ടിക്കുറച്ചു. നാലുവർഷം അകാരണമായി അനുമതിയും നിഷേധിച്ചുവെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ