മലപ്പുറം: തീർപ്പാക്കാത്ത കേസുകളിലെ നീതിപീഠം എന്നറിയപ്പെടുന്ന കൊടിഞ്ഞി പള്ളിയിലെ സത്യത്തിനായി പുതിയ ആസ്ഥാനം മസ്്ലഹത്ത് മജ്ലിസ് നാടിന് സമർപ്പിക്കുന്നു. കുടുംബപരവും മറ്റുമുള്ള തീർപ്പാകാത്ത പലതർക്കങ്ങൾക്കും അവസാനം ആളുകൾ പറയുന്ന വാക്കാണ് കൊടിഞ്ഞി പള്ളിയിലെ സത്യം. പൊലീസ് സ്റ്റേഷനിലും കോടതികളിൽപോലും തീർപ്പാകാത്ത പല കേസുകളും കൊടിഞ്ഞി പള്ളിയിൽ വന്ന് സത്യം ചെയ്ത് പരിഹാരമാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സത്യം ചെയ്യുന്നതിന് ഇവിടെ ആളുകൾ എത്തുന്നത് ഇന്നും പതിവ് കാഴ്ചയാണ്. കൊടിഞ്ഞിയിലെ സർവ മനുഷ്യരേയും ഒന്നിച്ചുനിർത്തുന്ന കേന്ദ്രബിന്ദു കൂടിയാണീ പള്ളി. നാട്ടിലെ പ്രശ്ന പരിഹാര കേന്ദ്രം. 200 വർഷങ്ങൾക്ക് മുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങൾ നിർമ്മിച്ചതാണ് ഈ പള്ളി. അന്ന് മുതൽ നിലനിൽക്കുന്നതാണ് കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യൽ. ഇത് വരെ ആയിരത്തിലേറെ കേസുകൾക്ക് ഇവിടെ പരിഹാരമായിട്ടുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകൾ വെള്ളിയാഴ്ചകളിൽ സത്യത്തിനെത്തുന്ന കാഴ്ച ഇവിടെ പുതുമയല്ല. മമ്പുറം തങ്ങൾ തുടങ്ങിവെച്ചതാണ് സത്യം. അതിന്നും നിലനിന്നുപോരുന്നു. കള്ളസത്യം ചെയ്യുന്നവർക്ക് വൈകാതെ തന്നെ ദുരനുഭവം ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്നു പലർക്കും നേർകാഴ്ചയായി തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തലമുറകൾ കൈമാറി വന്ന കഥകൾ ധാരാളമാണ്.

കോടതികളിൽ നിന്നുപോലും തീർപ്പാകാത്ത കേസുകൾ സത്യത്തിനായി കൊടിഞ്ഞിപ്പള്ളിയിലേക്ക് മാറ്റി വെക്കുന്ന സംഭവങ്ങൾ ഏറെയാണ്. കോടതികൾ സത്യത്തിനായി ഇങ്ങോട്ട് നിർദ്ദേശിക്കുമ്പോൾ കക്ഷി കൾക്ക് പുറമെ കോടതിയിൽ നിന്നുള്ള ജീവനക്കാരും ഇവിടെ എത്താറുണ്ട്. കഴിഞ്ഞ ദിവസം വേങ്ങര സ്റ്റേഷനിൽ നിന്നും പരിഹാരമാകാത്ത സംഭവത്തിന് സത്യപള്ളിയിൽ വെച്ച് പരിഹാരമായിരുന്നു. സത്യം ചെയ്യുന്നതിന് നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. ഒരു വെള്ളിയാഴ്‌ച്ച മൂന്ന് സത്യമാണ് നടക്കാറുള്ളത്.

നിരവധി ഇതര മത വിശ്വാസികളും സത്യത്തിന്നായി ഇവിടെ എത്താറുണ്ട്. സത്യത്തിന് എത്തിയവരോട് പള്ളി കമ്മിറ്റി ഭാരവാഹികൾ പല തവണ ചോദിച്ച ശേഷമേ സത്യം ചെയ്യിക്കാറുള്ളൂ. പലപ്പോഴും സത്യം ചെയ്യാൻ എത്തിയവർ പള്ളിയുടെ മുന്നിൽ വെച്ച് മനസാന്തരം വന്ന് സത്യം ചെയ്യാതെ തന്നെ തീരുമാനമായി പിരിയാറുണ്ട്. ഇത്തരം ചർച്ചകളെല്ലാം നേരത്തെ നടന്നിരുന്നത് പള്ളിയിൽ തന്നെയായിരുന്നു. ഇതിന് പരിഹാരം എന്ന നിലക്കാണ് ഇപ്പോൾ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

മസ്ലഹത്ത് മജ്ലിസ് എന്ന് നാമകരണം ചെയ്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 14-ന് വൈകീട്ട് മൂന്ന് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. അന്നേ ദിവസം തന്നെ തങ്ങൾ കൊടിഞ്ഞി മഹല്ല് ഖാസിയായും സ്ഥാനം മേൽക്കുന്നുണ്ട്.