- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടിയന്തരാവസ്ഥാ ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും കൂട്ടായപ്പോൾ ശീലിച്ചത് സമചിത്തത; ഇടതുപക്ഷത്തെ ചിരിക്കുന്ന മുഖം ഒക്ടോബറിലെ നഷ്ടമായി; കോടിയേരിയെ കേരളം ഓർക്കുമ്പോൾ
തിരുവനന്തപുരം: സിപിഎം നേതാക്കാന്മാരെയും അണികളെയും കുറിച്ചൊക്കെ പറയുമ്പോൾ പൊതുവേ കേൾക്കുന്ന ഏറ്റവും വലിയ പരാതിയാണ് ചിരിക്കാത്ത ഗൗരവമുള്ള മുഖഭാവവും പ്രകൃതവും. എന്നാൽ ആ വിമർശനത്തിന് ഒരു അപവാദമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എന്നും ഏത് പ്രതിസന്ധിഘട്ടത്തിലും ചിരിക്കുന്ന മുഖത്തോടെ ആ പ്രശ്നത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതായിരുന്നു കോടിയേരിയുടെ രീതി. അതിനാൽ തന്നെയാവണം വി എസ് ഒക്കെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മറ്റ് പാർട്ടിക്കാർ വരെ അംഗീകരിക്കുന്ന മുഖമായി കോടിയേരി മാറിയതും.
കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഎമ്മിന്റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തിൽ ചരിത്രനേട്ടമായ തുടർഭരണത്തിലേക്ക് പാർട്ടിയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അസാമാന്യ സംഘടനാപാടവം, താഴെത്തട്ടിൽനിന്നും ഉയർന്ന് പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിസ്ഥാനത്തെത്തിയ നേതാവ്. സൗഹൃദപൂർണമായ പെരുമാറ്റം, അണികൾക്കിടയിൽ മാത്രമല്ല വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന എതിർചേരിയിലുള്ളവരേയും ആകർഷിച്ച നേതാവ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച സാമാജികരിൽ ഒരാളായിരുന്നു അദ്ദേഹം.
ധാർഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമർഥനുമായ രാഷ്ട്രീയക്കാരൻ. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യംചെയ്യൽ. പിണറായി വിജയനു ശേഷം ഒരു പക്ഷേ കേരള മുഖ്യമന്ത്രിപദത്തിലേക്കു പോലും എത്തിച്ചേരുമായിരുന്ന സിപിഎമ്മിന്റെ കരുത്തൻ. കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിയും നേതാവും കേരള രാഷ്ട്രീയത്തിൽ അടയാളങ്ങൾ സൃഷ്ടിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടുകൂടിയാണ്. ഈ കുറവിനാണ് 2023 ഒക്ടോബർ ഒന്നിന് ഒരു വർഷമാകുന്നത്.
വിഷയത്തെ സമചിത്തതയോടെ നേരിടുന്ന കോടിയേരി രീതിക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. എന്നാ താൻ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കോടിയേരിയുടെ പ്രതികരണം ഇതിന് ഉദാഹരണമാണ്.അന്ന് റോഡിലെ കുഴി സംബന്ധിച്ച പരസ്യം വിവാദത്തിന് വഴിവെച്ച് സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനം വരെ ഉണ്ടായപ്പോൾ കോടിയേരിയാണ് ആദ്യമായി ഔദ്യോഗികമായി പാർട്ടിക്കുവേണ്ടി സംസാരിച്ചത്.ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അത് പാർട്ടി നിലപാട് ആകില്ലെന്നും കലാസൃഷ്ടികളെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതൊരു ചെറിയ ഉദാഹരണം മാത്രം..ചെറുതും വലുതുമായ ഇത്തരം നിരവധി പ്രശ്നങ്ങളും അതിനെ തണുപ്പിച്ച കോടിയേരി എഫക്ടിനും ഒട്ടനവധി തവണ രാഷ്ട്രീയ കേരളം സാക്ഷിയായിട്ടുണ്ട്.സാധാരണഗതിയിൽ സിപിഎം നേതാക്കൾക്കു മേൽ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാർഷ്ട്യമോ കോടിയേരിയിൽ ഒരുകാലത്തും പ്രകടമായിരുന്നില്ല. മാത്രമല്ല, ചാട്ടുളിപോലെ തുളച്ചുകയറുന്ന അസാധാരണ പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പ്രതിപക്ഷത്തും സൗഹൃദങ്ങളുണ്ടായിരുന്നു കോടിയേരിക്ക്. ഒരുപക്ഷേ പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സൗഹൃദങ്ങളുള്ള സിപിഎം. നേതാവ് കോടിയേരി ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാകില്ല.
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല കോടിയേരിയുടെ ജനനം. തന്റെ അച്ഛനോ അമ്മയോ ആരും കമ്യൂണിസ്റ്റ് താൽപര്യമുള്ളവരായിരുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നാടിന്റെ പശ്ചാത്തലവും സ്‌കൂളിന്റെ അന്തരീക്ഷവുമാണ് തന്നെ വിദ്യാർത്ഥി പ്രവർത്തകനായി മാറ്റിയതെന്നും അന്ന് കോടിയേരി സാക്ഷ്യപ്പെടുത്തിയിരുന്നു.അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇരുപതാം വയസ്സിൽ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ വളർത്താൻ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ബാലകൃഷ്ണന്റെ പഠനം സാധ്യമാക്കിയത്.
പതിനെട്ടാം വയസ്സിൽ സിപിഐഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സിൽ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കൽ സെക്രട്ടറി. പക്ഷേ, ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂൾ അദ്ധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെൺകുട്ടികളേയും ബാലകൃഷ്ണനെയും വളർത്തിയത്. പശുവളർത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂൾകാലത്ത് പാൽവീടുകളിൽ കൊടുത്ത ശേഷമാണ് ബാലകൃഷ്ണൻ ക്ലാസിലേക്കു പോയിരുന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളിൽ. പക്ഷേ, കോടിയേരി ബേസിക് ജൂനിയർ സ്‌കൂളിൽ നിന്ന് ഓണിയൻ സ്‌കൂളിൽ എത്തിയപ്പോൾ തന്നെ ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂർവരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സർക്കാർ മയ്യഴിയിൽ പ്രിഡിഗ്രി മാത്രമുള്ള ജൂനിയർ കോളജ് തുടങ്ങിയപ്പോൾ ആദ്യ ബാച്ചിൽ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയൻ ചെയർമാൻ. ആ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.
ഇരുപതാം വയസ്സിൽ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്‌ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ആയ ആറുവർഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന മണ്ഡലം.
പ്രമേഹത്തിൽ തുടങ്ങിയ ക്യാൻസർ
പ്രമേഹം വരുത്തിവയ്ക്കുന്ന ക്യാൻസറെന്ന മാരക വിപത്താണ് കോടിയേരി ബാലകൃഷ്ണന്റെ ജീവനെടുത്ത്. 18 വർഷത്തിലേറെയായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു കോടിയേരി. കൃത്യമായ പരിശോധന നടത്തി പ്രമേഹ ചികിത്സ നടത്തുന്നതിൽ അദ്ദേഹം മടിച്ചില്ല. എന്നാൽ പ്രമേഹ രോഗികളിലെ സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന പ്രമേഹരോഗ വിദഗ്ധനായ ഡോ. ജ്യോതിദേവാണ് ക്യാൻസർ പരിശോധന നടത്തുന്നതിനെ കുറിച്ച് ചോദിച്ചത്. പിന്നാലെ കോടിയേരി സമ്മതം മൂളി, 2019 ഒക്ടോബറിൽ പ്രമേഹ പരിശോധനയ്‌ക്കെത്തിയ കോടിയേരിയോട് കാൻസർ പരിശോധനയെ പറ്റി ഡോക്ടർ സംസാരിച്ചത്. പ്രമേഹ രോഗികൾക്ക് കാൻസർ സാദ്ധ്യത മറ്റുള്ളവരെക്കാൾ കൂടുതലായതിനാൽ ഇടയ്ക്കിടയ്ക്ക് രക്തം പരിശോധിക്കുമ്പോൾ കാൻസർ പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാൽ എ്ന്താണോ ഭയപ്പെട്ടത് അതുതന്നെ സംഭവിച്ചു.
പാൻക്രിയാസിൽ ശക്തമായ കാൻസർ സാന്നിധ്യം. ആദ്യഫലം ഉറപ്പിക്കാൻ വീണ്ടും പരിശോധനയ്ക്കായി പിറ്റേദിവസം ഡോക്ടർ കോടിയേരിയെ കണ്ടു. കണ്ണൂരിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കോടിയേരി രക്തം നൽകി പിന്നാലെ യാത്ര തിരിച്ചു. തുടർപരിശോധനയും ക്യാൻസറാണെന്ന് ഉറപ്പിച്ചു. കണ്ണൂരിൽ ആയിരുന്ന കോടിയേരിയെ ഡോക്ടർ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അവിടെയും ചിരിയായിരുന്നു ആദ്യം. അസുഖം വന്നാൽ എന്തു ചെയ്യും ഡോക്ടറേ നമ്മുക്ക് ചികിത്സിക്കാം. എന്ന് ഉറപ്പോടെ മറുപടിയും. കണ്ണൂരിൽ വച്ചു തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അദ്ദേഹം സി.ടി. സ്‌കാനിംഗിന് വിധേയനായി. ഇതോടെ ക്യാൻസറിന്റെ സ്വഭാവം വ്യക്തമയി.
തിരിച്ച് തിരുവനന്തപുരത്ത് എത്തിയ കോടിയേരി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ഡോക്ടറെ കാണാനെത്തിയത്. രോഗത്തെ കുറിച്ച് ചോദിച്ച് മനസിലാക്കിയ ശേഷം ഏറ്റവും നല്ല ചികിത്സ നൽകണമെന്ന് വാശിപിടിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയായിരുന്നു. അതിനുള്ള എല്ലാ പിന്തുണയും അവർ കോടിയേരിക്ക് നൽകി. അങ്ങനെയാണ് അമേരിക്കയിലേക്കുള്ള സാധ്യത കണ്ടെത്തിയത്. അമേരിക്കയിലേ ഹൂസ്റ്റണിലായിരുന്നു വിദഗ്ധ ചികിത്സ, കോടിയേരിക്കൊപ്പം ഡോ.ജ്യോതിദേവും ഹൂസ്റ്റണിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച ക്യാൻസർ ഡോക്ടർമാരിലൊരാളായ മാത്യു കിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം കോടിയേരിയെ ചികിത്സിച്ചു.
ശസ്ത്രക്രീയ നടത്തി പാൻക്രിയാസിൽ കാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ ഡോക്ടറായിരുന്ന ഇപ്പോൾ കൊച്ചിയിലുള്ള ഡോ. അജി മാത്യുവും തിരുവനന്തപുരം ജി.ജി ആശുപത്രിയിലെ ഡോ.ബോബൻ തോമസും തുടർ ചികിത്സ നടത്തി. കോടിയേരി തിരുവനന്തപുരത്തായിരുന്നതിനാൽ ഡോ.ബോബൻ തോമസായിരുന്നു എപ്പോഴും നോക്കിയിരുന്നത്. തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസിൽ കോടിയേരിയെ ചെന്നെ അപ്പോളോയിൽ എത്തിച്ചതും അവിടെ ഡോക്ടർമാരുമായി ഏകോപനം നടത്തിയതും ഡോ.ബോബനായിരുന്നു. ചികിത്സക്കിടയിൽ എഴുന്നേറ്റ് നിൽക്കാനുള്ള ആരോഗ്യം കിട്ടിയാൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കും.
ചികിത്സയ്ക്കിടെ ഇടയിൽ ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തത് ആന്റിബയോട്ടിക്ക് ഇൻജക്ഷന്റെ സഹായത്തോടെയാണ്. കേരള ഹൗസിലെ ഒരു മുറി സജ്ജമാക്കി ഡോ.വർഗീസിന്റെ മേൽനോട്ടത്തിൽ ഇൻജക്ഷൻ നൽകിയ ശേഷമാണ് അദ്ദേഹം യോഗത്തിനു പോയത്. യോഗത്തിനു ശേഷം തിരികെ എത്തി വീണ്ടും അടുത്ത ഇൻജക്ഷനെടുത്തിരുന്നു. ആരും തളർന്നു പോകുന്ന ആ അവസ്ഥയിലും കോടിയേരി പിടിച്ചു നിന്നു. രോഗാവസ്ഥ ഇത്തിരി കൂടുതലാണ് ശ്രദ്ധിക്കണമെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ അതൊന്നും സാരമില്ല, നമ്മുക്ക് ശരിയാക്കാം എന്നായിരുന്നു ഡോക്ടർ ബോബനോടുള്ള കോടിയേരിയുടെ മറുപടി. കീമോ തെറാപ്പിക്ക് വിധേനായ ശേഷം പിറ്റേദിവസം പൊതുവേദിയിൽ കോടിയേരി എത്തും. ഇതിനിടയ്ക്ക് കോവിഡ് ബാധിച്ചപ്പോൾ ഡോക്ടർമാർ ആശങ്കപ്പെട്ടെങ്കിലും അതിനെ കോടിയേരി അതിജീവിച്ചു. പക്ഷേ അവസാനം എത്തിയ കാൻസർ കോടിയേരിയേയും കൊണ്ടു പോയി.
വിഎസിനെ എന്നും ചേർത്തുനിർത്തി
2015ൽ വി എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണു കോടിയേരി സിപിഎമ്മിന്റെ അമരക്കാരനായത്. സമ്മേളനം തന്നെ ബഹിഷ്‌കരിച്ച വിഎസിനെ പാർട്ടി പുറത്താക്കുമെന്നും, വി എസ് പാർട്ടി വിടുമെന്നും ശ്രുതി പരന്ന കാലം. എന്നാൽ, കോടിയേരി അപ്പോഴും വിഎസിന് കൈകൊടുക്കാനും വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാനും പാകത്തിൽ ഇടം കണ്ടു. അടുത്ത വർഷം സിപിഎമ്മും എൽഡിഎഫും അധികാരത്തിലെത്തിയത് ആർക്കും അറിയാവുന്ന ചരിത്രം. ആ ചരിത്രത്തിൽ വലിയൊരു വിരൽപ്പാട് പതിപ്പിച്ചു കോടിയേരി. വിവാദങ്ങളും അനോരോഗ്യവും അലട്ടുമ്പോഴും എന്നും പാർട്ടിക്കൊപ്പം പ്രിയങ്കരനായി തുടർന്നുവെന്നതാണ് വസ്തുത. ഈ ഇഷ്ടം വേർപാടിന് ശേഷവും തുടരുന്നു.
മാധ്യമ സിൻഡിക്കേറ്റും, ബക്കറ്റിലെ വെള്ളവുമായി വിഎസും പിണറായിയും പൊരിഞ്ഞ പോരിലായിരിക്കുമ്പോഴും, പിണറായി പക്ഷത്തായിരുന്നു കോടിയേരി. എന്നാൽ, വിഎസിനോട് ഒരിക്കലും ഈർഷ്യ കാണിക്കുകയോ, കലഹിക്കുകയോ ചെയ്തില്ല. പിണറായിക്കെതിരെ അച്ചടക്ക നടപടി വന്നപ്പോഴും കോടിയേരിയെ അതൊന്നും തേടി വന്നില്ല. സിൻഡിക്കേറ്റിനെ വിമർശിക്കുന്നവർ തന്നെ സിൻഡിക്കേറ്റിനെ ആശ്രയിക്കുന്നു എന്ന വിഎസിന്റെ വിമർശനവും പിണറായിയുടെ മറുപടിയും എല്ലാം സിപിഎം രാഷ്ട്രീയത്തെ കലുഷിതമാക്കിയ നാളുകൾ. 'ഒരു കുട്ടി കടൽ കാണാൻ വന്നു. കടലിൽ തിരകൾ ആർത്തലയ്ക്കുന്നു. കുട്ടിക്ക് വളരെ സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന് അതിൽ വെള്ളം കോരി. ബക്കറ്റിൽ നോക്കുമ്പോൾ അതിൽ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസംകണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞു. അല്ലയോ കുട്ടീ, ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നുനിന്നാലേ തിരയാകൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്' ശംഖുമുഖത്ത്, നവകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി വിജയൻ ഇങ്ങനെ പാർട്ടിയുടെ പ്രധാന്യം ഊട്ടിയുറപ്പിച്ചു.
അടുത്തദിവസം, ഗോർബച്ചേവുമാർ വറ്റിച്ചുകളഞ്ഞ സമുദ്രത്തെക്കുറിച്ച് പറഞ്ഞ് വി എസ് തിരിച്ചടിച്ചു. ഇങ്ങനെയുള്ള ഗോർബച്ചേവുമാരുടെ കാലത്ത് കടലും വറ്റിപ്പോകുമെന്നും അന്ന് ബക്കറ്റിലെടുക്കാൻ പോലും വെള്ളം ബാക്കിയുണ്ടാവില്ലെന്നും വി എസ് മുന്നറിയിപ്പ് നൽകി. ഇതെല്ലാം കേട്ട് കോടിയേരി അക്ഷോഭ്യനായിരുന്നു. വിഎസിനെ കൈവിട്ടുമില്ല. 1988ലെ ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിൽ കോടിയേരി എത്തിയത്. അന്ന് വിഎസായിരുന്നു സംസ്ഥാന സെക്രട്ടറി. 2015ലെ ആലപ്പുഴ സമ്മേളനത്തിൽ കോടിയേരിയായിരുന്നു സംസ്ഥാന സെക്രട്ടറി. വി എസ്് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയെങ്കിലും, സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ പൂർണമായി പിന്തുണച്ചു. 2008ൽ കോടിയേരിയുടെ പേര് പോളിറ്റ് ബ്യൂറോയിലേക്കു നിർദ്ദേശിക്കപ്പെട്ടപ്പോഴും വിഎസിന് എതിർപ്പില്ലായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന വിഎസുമായി അന്ന് ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് പലപ്പോഴും സ്വരച്ചേർച്ച ഉണ്ടായില്ലെങ്കിലും, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി കലഹമേയുണ്ടായില്ല.
സർക്കാരുമായും പോരിന് പോയില്ല
സംസ്ഥാന സെക്രട്ടറി ആയപ്പോഴും, സർക്കാരിനെ വിഷമിപ്പിക്കാത്ത നയമാണ് ആദ്യം മുതൽ കോടിയേരി സ്വീകരിച്ചത്. പിണറായി വിജയന്റെ കയ്യിലാണു പാർട്ടിയും സർക്കാരും എന്ന് പുറത്തുള്ളവർ പറഞ്ഞെങ്കിലും, നയപരമായ എല്ലാ വിഷയങ്ങളും മുഖ്യമന്ത്രി പാർട്ടിയിൽ ചർച്ച ചെയ്യാറുണ്ടെന്നു കോടിയേരി തുറന്നുപറഞ്ഞു. അധികാര കേന്ദ്രമായി പാർട്ടി മാറരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടു സർക്കാർ- പാർട്ടി സംഘർഷങ്ങൾ കുറഞ്ഞു. അതു പാർട്ടിയിലെ ഐക്യത്തെ ശക്തിപ്പെടുത്തി. മുന്നണിയിലെ പ്രശ്നങ്ങൾക്കും കോടിയേരിക്കു പരിഹാരമുണ്ടായി. അസാധാരണ മെയ് വഴക്കമാണു പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഇടഞ്ഞപ്പോഴെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാകാതെ നോക്കിയതു കോടിയേരിയാണ്. 1982ൽ കാനവും കോടിയേരിയും ഒരുമിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്നു മുതലുള്ള സൗഹൃദം പിന്നീടു സിപിഎം സിപിഐ ബന്ധത്തിന്റെ അടിസ്ഥാനമായി മാറി.
ഏതു സമയത്തും സമീപിക്കാവുന്ന നേതാവ്
ഏതു സമയത്തും എന്തു പ്രശ്നവുമായി സമീപിക്കാൻ സാധിക്കുന്ന നേതാവായിരുന്നു കോടിയേരി. ഫോണിലും ഏതു സമയത്തും കിട്ടും. അനാരോഗ്യം വല്ലാതെ അലട്ടിയപ്പോൾ പോലും ഫോൺ എടുക്കാനും തിരിച്ചുവിളിക്കാനും കോടിയേരി മനസ് കാട്ടിയത് പലർക്കും അദ്ഭുതമായിട്ടുണ്ടാകും. പുറത്തു ചിരിക്കുന്ന നേതാവെന്ന ഇമേജുണ്ടെങ്കിലും, കോടിയേരി സംഘടനാരംഗത്തു കണിശക്കാരനായിരുന്നു. വീഴ്ചയുണ്ടായാൽ ശാസിക്കാനും തിരുത്താനും ഒരു മയവും അദ്ദേഹം കാട്ടിയില്ല. പാർട്ടി നിലപാടുകൾ ഫലപ്രദമായി മാധ്യമങ്ങളെ അറിയിക്കാനും മിടുക്കനായിരുന്നു.
രോഗം തളർത്താത്ത പാർട്ടി കൂറ്
2019 ഒക്ടോബറിലാണ് കാൻസർ അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയത്. അമേരിക്കയിൽ വിദഗ്ധചികിത്സ തേടി ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചുവന്ന കോടിയേരി മാരകമായ അർബുദത്തെ പൂർണമായും അതിജീവിച്ചെന്ന പ്രതീതി ഉയർത്തിയതാണ്. കഴിഞ്ഞ പാർട്ടി സമ്മേളനങ്ങൾക്കിടെ അതു വീണ്ടും തലപൊക്കി. കൊച്ചി സംസ്ഥാന സമ്മേളനത്തിൽ മൂന്നാം തവണയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി.
അതിനിടയിൽ ലഹരിമരുന്നു കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതും മൂത്ത മകൻ ബിനോയിക്കെതിരെ ഉത്തരേന്ത്യൻ യുവതി പരാതി നൽകിയതും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ, തന്റെ രാഷ്ട്രീയത്തിലെ ദീർഘകാല സൗഹൃദങ്ങളുടെ മുതൽക്കൂട്ടിൽ കോടിയേരി എന്ന മനുഷ്യൻ അതിനെ അതിജീവിച്ചു. പക്ഷേ അവസാനം ക്യാൻസർ കോടിയേരിയെ കീഴ്‌പ്പെടുത്തി.