- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിലും വട്ടിയൂർക്കാവിലും അടൂരും ഇടതിനെ വിജയിപ്പിച്ച് ലോക്‌സഭയിലെ ശബരിമല പേരുദോഷം മാറ്റി; ഉപതെരഞ്ഞെടുപ്പ് ഓട്ടം കഴിഞ്ഞ് പ്രമേഹ രോഗ വിദഗ്ധനെ കണ്ടപ്പോൾ യാദൃശ്ചികമായി വിശദ രക്തപരിശോധന; സിഎ99ന്റെ റേഞ്ച് 1000ത്തിൽ എത്തിയതു കൊണ്ട് പെറ്റ്‌സ്‌കാനും എടുത്തു; തിരിച്ചറിഞ്ഞത് ക്യാൻസറും; പോരാളി പിന്നേയും യാത്ര തുടർന്നു; കോടിയേരിയെ രോഗം കീഴടക്കുമ്പോൾ
തിരുവനന്തപുരം. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഓടി നടന്നപ്പോഴും തന്നെ കാർന്നു തിന്നുന്ന ക്യാൻസറിനെ കുറിച്ച് കോടിയേരി സഖാവ് അറിഞ്ഞിരുന്നില്ല. ലോക്‌സഭ തെരെഞ്ഞടുപ്പിന് ശേഷം 2019 -ൽ ഒഴിവു വന്ന 5 മണ്ഡല ങ്ങളിലും ഓടിനടന്നാണ് കോടിയേരി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ ഓട്ടത്തിനിടയിലും ക്ഷീണമോ മറ്റ് രോഗ ലക്ഷണങ്ങളോ ശരീരം പ്രകടിപ്പിച്ചില്ല. പാലായിലും മഞ്ചേശ്വരത്തും വട്ടിയൂർകാവിലും , എറണാകുളത്തും അരൂരിലും കോന്നിയിലും തെരെഞ്ഞടുപ്പ് പ്രചരണ ചുമതലകൾക്കായി നാലുമാസത്തോളം വിശ്രമമില്ലാതെയാണ് കോടിയേരി പ്രവർത്തിച്ചത്.
ശബരിമലയിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായി. പാർട്ടിയെ തിരിച്ചു കൊണ്ടു വന്നത് പാലായിലെ വിജയമായിരുന്നു. മാണി സി കാപ്പന്റെ വിജയത്തിന് പിന്നിലെ ഇടത് പ്രചരണത്തിന് ചുക്കാൻ പിടിച്ചത് കോടിയേരിയായിരുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം ജയിച്ചു. ഇതാണ് സിപിഎമ്മിനെ വീണ്ടും വിജയ വഴിയിലേക്ക് കൊണ്ടു വന്നത്. ഈ ഓട്ടത്തിന് ശേഷമാണ് ക്യാൻസർ എന്ന രോഗം തന്നേയും ബാധിച്ചെന്ന് കോടിയേരി തിരിച്ചറിഞ്ഞത്. പിന്നേയും തളരാതെ രാഷ്ട്രീയ പ്രവർത്തനം. വീട്ടിലെ വിവാദങ്ങൾക്കും കോടിയേരിയെ മാനസികമായി തളർത്താനായില്ല.
ഇലക്ഷൻ കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് എത്തിയ കോടിയേരി കുടുംബ ഡോക്ടറായ പ്രമേഹ രോഗ വിദഗ്ധനെ കാണാൻ പോയി. ഡയബറ്റിക് അലട്ടിയിരുന്നതിനാൽ ഓരോ മൂന്നു മാസം കൂടുമ്പോഴും ഡോക്ടറെ കാണുന്ന പതിവ് ഉണ്ടായിരുന്നു. അന്ന് ഡോക്ടറെ കണ്ട കൂട്ടത്തിൽ പ്രമേഹ പരിശോധനക്ക് പുറമെമറ്റ് രക്ത പരിശോധനയ്ക്ക് കൂടി ഡോക്ടർ വെറുതെ കുറിച്ചു. പരിശോധനാ ഫലം വന്നപ്പോൾ സി എ 99 ന്റെ റെയ്ഞ്ച് 1000 ത്തിൽ എത്തിയിരിക്കുന്നു. സാധാരണ ഗതിയിൽ 35നും 40നും ഇടയിൽ കാണേണ്ട സി എ യാണ് 1000 ത്തിൽ എത്തി നിൽക്കുന്നത്. ക്യാൻസർ ആണെന്ന് ഡോക്ടർ ഉറപ്പിച്ചെങ്കിലും ചില സംശയങ്ങൾ പറഞ്ഞ ഡോക്ടർ കോടിയേരി സഖാവിനെ കൊണ്ട് സി ടി സ്‌കാനും പെറ്റ് സ്‌കാനും എടുപ്പിച്ചു. അതിന്റെ റിസൾട്ട് വന്നപ്പോഴാണ് ക്യാൻസർ കാര്യം കോടിയേരിയോട് ഡോക്ടർ തുറന്ന് പറയുന്നത്.
പാൻക്രിയാസിനെയാണ് ക്യാൻസർ ബാധിച്ചതെന്ന് പെറ്റ് സ്‌കാനിലാണ് സ്ഥിരീകരിച്ചത്. പിന്നീട് പാർട്ടി തീരുമാന പ്രകാരമാണ് 2019 ൽ തന്നെ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് കോടിയേരി ചികിത്സക്ക് പോയത്. ആദ്യഘട്ട ചികിത്സയിൽ കീമോ തുടങ്ങിയപ്പോൾ തന്നെ അസ്വസ്ഥതകളും ഉണ്ടായി. ശരീരത്തിലെ സോഡിയം കുറഞ്ഞു. ഒടുവിൽ ഐ സി യു വിൽ വരെ കിടക്കേണ്ടി വന്നു. അപ്പോഴൊക്കെയും അവിടെത്തെ മലയാളി നേഴ്‌സുമാരുടെ പിന്തുണയും കരുതലും തുണയായിട്ടുണ്ടെന്ന് പിന്നീട് കോടിയേരി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ചികിത്സ കഴിഞ്ഞ് എത്തിയ കോടിയേരിക്ക് അന്ന് സിനിമാ നടൻ ഇന്നസെന്റെ അടക്കമുള്ള സുഹൃത്തുക്കൾ എത്തി ശക്തി പകർന്ന് കൊടുത്തിരുന്നു. പലരും അനുഭവങ്ങൾ പറഞ്ഞ് ശക്തി പകർന്നു കൊണ്ടാണ് ഒരിക്കൽ കോടിയേരി തന്നെ പറഞ്ഞത് ക്യാൻസറാണന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല നേരിടുക തന്നെ അങ്ങനെ തന്നെയാണ് പ്രിയ സഖാവ് മുന്നോട്ട് നീങ്ങിയതും. ചെന്നൈ അപ്പോളയിൽ എത്തിയതും മടങ്ങി വരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. അതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം
മൃതദേഹംഇന്ന് ഉച്ചയ്ക്ക് തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. സംസ്‌ക്കാരം തിങ്കളാഴ്‌ച്ച മൂന്ന് മണിക്ക്.മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി.
കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം
സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്റെ തുടർച്ചയായി.
ഓണിയൻ സ്‌കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു. ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു.
1982 ൽ തലശേരി എംഎൽഎ ആയി. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്കെത്തി. 90 ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറിയായി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്