- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും ലൈറ്റുകളും ഗ്രാഫിക്സും ഉള്ള ബസുകൾ നിരത്തിലിറങ്ങുന്നതു മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്നാണു നാട്ടുകാർ; വാദിച്ച ബസ് ജീവനക്കാർക്ക് ഒടുവിൽ പിടിച്ചു നിൽക്കാനാകില്ല; ആഡംബരത്തിലെ അഹങ്കാരം നീക്കി യാത്ര; 'കൊമ്പന്' കർണ്ണാടകയിലും രക്ഷയില്ല; കുളനടയിലെ ബസ് രജിസ്ട്രേഷൻ മാറ്റിയിട്ടും വിവാദത്തിൽ
ബെംഗളൂരു: കേരള മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് റജിസ്ട്രേഷൻ കർണാടകത്തിലേക്കു മാറ്റിയ കൊമ്പൻ ബസിനു കന്നഡ നാട്ടിലും രക്ഷയില്ല. കൊമ്പൻ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകൾ വീണ്ടും വിവാദത്തിലാവകുയാണ്. ഇത്തവണ കർണ്ണാടകയിലാണ് ബസിനെതിരെ രോഷം. ബെംഗ്ലൂരുവിന് അടുത്ത് മടിവാളയ്ക്കു സമീപം ബസ് നാട്ടുകാർ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളുമായി വിനോദ യാത്രയ്ക്കുപോയ ബസാണ് തടഞ്ഞത്. പത്തനംതിട്ട കുളനട ആസ്ഥാനമായുള്ളതാണ് കൊമ്പൻ ട്രാവൽസ്. ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത കളർ കോഡ് വന്നതോടെയാണ് കേരളത്തിൽനിന്ന് കർണാടകയിലേക്ക് കൊമ്പൻ ബസുകളുടെ റജിസ്ട്രേഷൻ മാറ്റിയത്. കൊല്ലത്തെ എൻജിനീയറിങ്ങ് കോളജിൽനിന്നു കുട്ടികളുമായി വിനോദ യാത്ര പോകാൻ ഒരുങ്ങവെ ബസിന് മുകളിൽ ജീവനക്കാർ പൂത്തിരി കത്തിച്ചതടക്കം വിവാദമായ പല സംഭവങ്ങളിലും കൊമ്പൻ ഉൾപ്പെട്ടിരുന്നു.
വലിയരീതിയിൽ എൽഇഡി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിച്ചാണു കർണ്ണാടകയിലും നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും വാക്കുതർക്കമുണ്ടായി. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ളൂറസൻസ് ഗ്രാഫിക്സും മറ്റും മറച്ചശേഷമാണു യാത്ര തുടരാൻ അനുവദിച്ചത്. അമിതമായി അലങ്കരിച്ച ബസിനെ നാട്ടുകാർ തടഞ്ഞുനിർത്തി സ്റ്റിക്കറുകൾ കൺസീലിങ് ടേപ്പ് വച്ച് മറച്ചു. ഏകീകൃത കളർ കോഡിൽനിന്നു രക്ഷപ്പെടാൻ കേരളത്തിൽനിന്ന് കർണാടകയിലേക്ക് കൊമ്പൻ ബസിന്റെ റജിസ്ട്രേഷൻ മാറ്റിയിരുന്നു. മുപ്പതോളം ബസുകളുടെ റജിസ്ട്രേഷൻ ബന്ധുവിന്റെ പേരിൽ മാറ്റിയെന്നാണ് പത്തനംതിട്ടയിലെ ഉടമ അറിയിച്ചത്. വടക്കഞ്ചേരി അപകടത്തിനു ശേഷം കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ കൊമ്പൻ ബസ് ഉടമ വെല്ലുവിളിച്ചിരുന്നു.
ബെംഗളുരു ക്രിസ്തു ജയന്തി കോളേജിൽ നിന്നു കുട്ടികളുമായി വിനോദയാത്ര പോയ ബസാണു ചിക്കമംഗളുരുവിൽ നാട്ടുകാർ തടഞ്ഞത്. ഇത്രയും ലൈറ്റുകളും ഗ്രാഫിക്സും ഉള്ള ബസുകൾ നിരത്തിലിറങ്ങുന്നതു മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്നാണു നാട്ടുകാരുടെ വാദം. ബസ് നാട്ടുകാർ തടയുന്ന ബെംഗളുരുവിലെ മലയാളി സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിഡിയോ വൈറലാണ്.
ബസിനു നേരെയല്ല പ്രതിഷേധമുണ്ടായതെന്നാണ് ദീപുവെന്ന ഉടമ പറയുന്നത്. മടിവാളയ്ക്ക് അടുത്തുള്ള കോളേജിലെ മലയാളി കുട്ടികളുടെ ട്രിപ്പ് പോയതായിരുന്നു ബസ്. യാത്രക്കിടെ കുട്ടികളും നാട്ടുകാരും തമ്മിൽ ചില കശപിശകൾ ഉണ്ടായി. സ്വഭാവികമായും കുട്ടികളെത്തിയ ബസിനു നേർക്കായി നാട്ടുകാരുടെ ദേഷ്യമെന്നും അല്ലാത മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ഉടമയുടെ വാദം. കൺസീലിങ് ടേപ്പ് ഒട്ടിച്ചതൊന്നും വലിയ പ്രശ്നമല്ലെന്നും ഉടമ പറഞ്ഞു.
വടക്കഞ്ചേരി അപകടത്തിനുശേഷം കേരള മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവന്നു. ടൂറിസ്റ്റ് ബസുകൾക്ക് വെള്ളം നിറം വേണമെന്ന എം വിഡി ഉത്തരവിനെ വെല്ലുവിളിച്ചു രംഗത്തെത്തിയ ബസ് ഉടമകളിൽ ഒരാളായിരുന്നു കൊമ്പൻ. എം വിഡി തീരുമാനത്തിനെതിരെയുള്ള കേസുകളും ഇപ്പോൾ കോടതിയിലുണ്ട്. ഏറെകാലം ഓടാെത ഷെഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ അടുത്തിടെയാണു വീണ്ടും നിരത്തിലിറക്കിയത്.
കേരളത്തിലെ നിയമം മറികടക്കാൻ കർണാടകയിലേക്ക് റജിസ്ട്രേഷനും മാറ്റിയിരുന്നു. വിനോദയാത്ര പോകുന്ന കുട്ടികളെ ആകർഷിക്കാനായി ബസിനു മുകളിൽ അപകടകരമായ രീതിയിൽ പൂത്തിരി കത്തിച്ച ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു കൊമ്പന് കേരളത്തിൽ വിനയായത്. കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ, വെളിച്ച വിന്യാസങ്ങളോടെയുള്ള ബസുകളുടെ മാസ് എൻട്രി ദൃശ്യങ്ങളുടെ റീൽസുകൾ ചർച്ചയായി.
തന്റെ ബന്ധുവായ കർണാടക സ്വദേശിക്ക് ബസുകൾ കൈമാറിയെന്നാണു പത്തനംതിട്ടയിലെ ഉടമ പറയുന്നത്. മുപ്പതിനടുത്ത് വാഹനങ്ങൾ കന്നഡികന്റെ പേരിലും അഡ്രസിലുമുള്ള റജിസ്ട്രേഷനിലേക്കു മാറ്റിയെന്നും ഉടമ സമ്മതിച്ചു. ഇത്രയും ലൈറ്റുകളും ഗ്രാഫിക്സുമായി സർവീസ് നടത്താൻ നിയമം അനുവദിക്കുന്നുണ്ടോയെന്ന ചോദ്യം ഇനി കർണ്ണാടകയിലും പ്രസക്തമാകും.
മറുനാടന് മലയാളി ബ്യൂറോ