- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇവിടെ ലഹരി മാഫിയയുടെ വിളയാട്ടം; സ്കൂൾ കുട്ടികളെ കൊണ്ടുവന്ന് ലൈംഗിക ചൂഷണവും; റസിഡൻസ് അസോസിയേഷൻ മാസ് പെറ്റീഷൻ നൽകിയിട്ടും നടപടിയില്ല; മഹിളാമോർച്ച ചൂലെടുത്തെത് സഹികെട്ടതോടെയെന്ന് ബിജെപി; കോന്നാട് ബീച്ചിലെ സദാചാര ആക്രമത്തിന്റെ മറുപുറം ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ ദിവസം കേരളം മുഴുവൻ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു കോഴിക്കോട് കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാര ആക്രമണം. ബീച്ചിലിരുന്ന യുവതീയുവാക്കളെ ചൂലുമായെത്തി ഓടിച്ച സംഭവത്തിൽ ബിജെപിക്കും മഹിളാ മോർച്ചയ്ക്കുമെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ബിജെപി വനിതാപ്രവർത്തകരുടെ നടപടി സാംസ്കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തി.
സദാചാര പൊലിസിങ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഒരു മറുവശവുമുണ്ട്. ലഹരി മാഫിയയുടെ വിഹാരരംഗമാണ് ഈ ബീച്ച്. സ്കുൾ കൂട്ടികളെപ്പോലും ലൈംഗികമായി ഉപയോഗിച്ച സംഭവം ഇവിടെ പലരും നേരിട്ട് കണ്ടിട്ടുണ്ട്. ബീച്ചിന്റെ പല ഭാഗങ്ങളിലും മദ്യക്കുപ്പികളും സിറിഞ്ചുമൊക്കെ കാണാം. ്പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാത്തതിനാലാണ് തങ്ങൾ ചൂലെടുത്തത് എന്നാണ് മഹിളാ മോർച്ചാ പ്രവർത്തകർ പറയുന്നത്.
കോന്നാട് ബീച്ചിൽ മയക്ക് മരുന്ന് മാഫിയകളുടെ കൈകളിൽ നിന്നും മുക്തമാക്കുന്നതിനായ് പ്രദേശവാസികളായ അമ്മമാർ നടത്തിയ സമരത്തെ സദാചാര പൊലീസ് ചമഞ്ഞെന്നാക്കി അവഹേളിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം മയക്കുമരുന്ന് മാഫിയകളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ പറഞ്ഞു. കോന്നാട് ബീച്ചിലെത്തി പ്രദേശത്തെ അമ്മമാരെ നേരിൽ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ചിലെത്തി മയക്കുമരുന്ന് വിൽപ്പന നടത്തി യുവതലമുറകളുടെ ഭാവി നശിപ്പിക്കുന്നവർക്കെതിരെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈയിടെ പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചു കൊടുത്തവരെ എക്സൈസ് വകുപ്പ് പരിശോധിച്ചപ്പോൾ എംഡിഎംഎ ഉൾപ്പെടെ പിടിക്കപ്പെട്ടിരുന്നു. നാട്ടുകാർ ഒപ്പിട്ട് മാസ്സ് പെറ്റീഷൻ കോടുത്തതിന് പുറമെ, റസിഡന്റ്സ് അസോസിയേഷനും പരാതി നല്കിയിരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ ജാഗ്രതാ സമിതിയിലും പരാതി ഉന്നയിച്ചിരുന്നതാണ്.
ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ തദ്ദേശീയരായ ആളുകളെ തെറിവിളിക്കാനും കയ്യേറ്റം ചെയ്യാനും തുടങ്ങിയപ്പോഴാണ് പ്രതീകാത്മകമായി രക്ഷിതാക്കളായ അമ്മമാർ പ്രതികരിച്ചത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ലഹരിമാഫിയയ്ക്കും കുടപിടിക്കുന്ന നിലപാടാണ് ഡിവൈഎഫൈ സ്വീകരിക്കുന്നത്. അഴിയൂരിലെ എട്ടാം ക്ലാസ്സുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ കേസിലും കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത് ഡിവൈഎഫൈ ആയിരുന്നു. കോന്നാട് പ്രദേശത്തെ ജനങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
ഡിവൈഎഫ്ഐ പരിപാടിയിൽ പ്രാദേശികമായ ആരും പങ്കെടുത്തിട്ടിട്ടില്ല. അധികൃതർ മൗനം പാലിച്ചപ്പോൾ സ്വന്തം മക്കൾക്കുവേണ്ടി പ്രതിരോധത്തിനിറങ്ങുക മാത്രമാണ് അമ്മമാർ ചെയ്തത്. അവർ പ്രതീകാത്മകമായി ചൂൽ കയ്യിലെടുത്തതല്ലാതെ ഒരു നിയമവും കയ്യിലെടുത്തിട്ടില്ല. സാമൂഹിക വിപത്തിനെ നേരിടാൻ സന്ധദ്ധസംഘടനകളും രക്ഷിതാക്കളും പൊലീസും കൂട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത്. ഈ അർത്ഥത്തിൽ കോന്നാട് പ്രദേശത്തെ അമ്മമാർക്ക് പരിപുർണ്ണ പിന്തുണ നൽകുന്നതായും വി കെ സജീവൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. ബിജെപി- മഹിളാ മോർച്ച നേതൃത്വത്തിലുള്ള അമ്പതോളം പ്രവർത്തകരാണ് ചൂലുമായി കോന്നാട് ബീച്ചിലേയ്ക്ക് എത്തിയത്. ബീച്ചിൽ ഇരുന്ന യുവതീയുവാക്കളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ട പ്രവർത്തകർ ബീച്ചിൽ ഇരിക്കാൻ ഇനി അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.
ബീച്ചിൽ സാമൂഹ്യവിരുദ്ധപ്രവർത്തനം നടക്കുന്നുവെന്നായിരുന്നു ആരോപണം. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ ചൂൽ പ്രയോഗം. ബീച്ചിൽ നിന്ന് യുവതീ യുവാക്കളെ ഓടിക്കുന്നത് തടയാൻ തയ്യാറാകാതിരുന്ന പൊലീസ് പ്രതിഷേധക്കാർക്ക് സഹായമായി നിന്നതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുക്കില്ലെന്നും പൊലീസ് അറിയിച്ചു. സംഭവം വിവാദമായതോടെയാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്.