പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കാറിനെ ഓവർടേക്ക് ചെയ്ത് വലതുവശം ചേർന്നുവരുന്ന കെഎസ്ആർടിസി ബസ്, എതിർദിശയിൽ വരുന്ന മറ്റൊരു കാറിൽ തട്ടിയശേഷം നിയന്ത്രണംവിട്ട് അടുത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമിതവേഗത്തിൽ തെറ്റായ ദിശയിൽ കയറി വന്നതാണ് അപകടകാരണമെന്നാണ് സി.സി.ടി.വി ദൃശ്യങ്ങശിൽ നിന്ന് വ്യക്തമാക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കമാനം തകർന്ന് ബസിനു മുകളിലേക്ക് വീഴുന്നതും അന്തരീക്ഷമാകെ പൊടിപടലം നിറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ്, കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പത്തനാപുരം സ്വദേശി അജയകുമാർ ടി.യ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം വാഹനത്തിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു.

 

കാർ ഓടിച്ചിരുന്ന ഡ്രൈവർ ഇതര സംസ്ഥാനത്ത് നിന്നുള്ള വ്യക്തയാണെന്നാണ് ലഭ്യമാകുന്ന വിവരം. ജയറാം ചൗധരി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബസിന്റെ മുൻവശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. കോന്നി സ്വദേശിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തിൽ കമാനത്തിലെ കോൺക്രീറ്റ് കമ്പികൾ കുത്തിക്കയറിയിട്ടുണ്ട്. അവർക്ക് ഗുരുതരമായി മുറിവേറ്റു എന്നാണ് വിവരം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്.

ഉച്ചസമയം ആയതിനാൽ കൂടുതൽ ആളുകൾ ബസ്സിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പത്തനംത്തിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ വശത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്‌സ് വലിയ പള്ളിയുടെ ചുറ്റുമതിലും ഗേറ്റും തകർത്താണ് നിന്നത്. പള്ളിയുടെ കമാനം ബസിനു മുകളിലേക്ക് തകർന്നുവീണു.

കാറും പൂർണമായി തകർന്ന നിലയിലാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി-കുമ്പഴ റീച്ചിന്റെ പണി പൂർത്തിയായിട്ടുണ്ട്. റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. പതിവായി അപകടം നടക്കുന്ന ഭാഗത്താണ് ഇപ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചിരിക്കുന്നത്.