തിരുവനന്തപുരം: വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന കോന്നിയിലെ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി കെ.യു ജനീഷ് കുമാർ എംഎൽഎ. ഉപരി കമ്മറ്റിയിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് മണിക്കൂറുകൾക്കകം ചിത്രം നീക്കിയ എംഎൽഎ പുതിയ ചിത്രം വച്ചു.

ചൊവ്വാഴ്ചയാണ് ആരോപണ വിധേയന് എംഎൽഎ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതോടെ നേതാവിനെതിരായ വിവാദം പുതിയ തലത്തിലെത്തി. മോശമായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയിൽ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ നടപടി വൈകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് എംഎൽ,എയുടെ ഐക്യദാർഢ്യം.

പരാതി സിപഎം ജില്ലാനേതൃത്വം അട്ടിമറിക്കുന്നതിനെ ചൊല്ലി സിപിഎമ്മിൽ വിവാദം കൊഴുക്കുകയാണ്. ആരോപണത്തിൽ കഴമ്പുണ്ടെന്നും നേതാവ് കുറ്റക്കാരനാണെന്നും പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലാണ് അതൃപ്തി പുകയുന്നത്. എൻജിഒ യൂണിയൻ നേതാവ് കൂടിയായ വനിതാ അംഗം പരാതി നൽകിയിട്ട് നാല് മാസം പിന്നിടുന്നു.

ഓഗസ്റ്റിൽ കോന്നിയിൽ നടന്ന കരിയാട്ടം ഫെസ്റ്റിനിടെ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം മോശമായി പെരുമാറിയെന്നാണ് വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. സെപ്റ്റംബറിൽ തന്നെ കോന്നി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ടംഗ പാർട്ടി കമ്മിഷൻ പരാതി പരിശോധിച്ചു. ഏരിയ സെന്ററിന്റെ ചുമതലക്കാരൻ കൂടിയായ നേതാവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടും അവതരിപ്പിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചയായി. ഗുരുതര സ്വഭാവമുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നടപടി അനന്തമായി നീണ്ടുപോകുന്നതിൽ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉന്നയിച്ചെന്നാണ് വിവരം. മാത്രമല്ല ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോന്നിയിലെ നവകേരള സദസ്സിൽ പ്രധാന സംഘാടകനായി നിന്നതിലും പാർട്ടിയിൽ അതൃപ്തി പുകയുകയാണ്.

സിപിഎമ്മിലെ പുതിയ ചേരിക്ക് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ വിശ്വസ്തനാണ് ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനും ചില നേതാക്കൾ പരാതി നൽകിയെന്നാണ് സൂചന. ജനീഷ്‌കുമാർ എംഎൽഎ സംഘടിപ്പിച്ച കരിയാട്ടം പരിപാടിയിൽ സിപിഎമ്മിന്റെ ജില്ലാ നേതാക്കളെയോ ഏരിയാ സെക്രട്ടറിയെയോ ഏഴയലത്ത് പോലും അടുപ്പിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

ഇതിന്റെ പേരിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ പരിപാടിക്ക് ജനീഷ്‌കുമാറിനൊപ്പം നിന്ന് പ്രവർത്തിച്ച നേതാവിനെതിരേയാണ് പരാതി ഉയർന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് പരാതിക്ക് ആധാരമെന്നാണ് എംഎൽഎയെ അനുകുലിക്കുന്നവർ പറയുന്നത്.