മലപ്പുറം: കോട്ടയ്ക്കലിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചത് ഒരുമാസമായി നിർമ്മാണ പ്രവൃത്തി നടക്കുന്ന കിണറിൽ. 65അടി താഴ്‌ച്ചയുള്ള കിണർ കുഴിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണ് മലപ്പുറം കോട്ടക്കലിൽ 30കാരനായ തൊഴിലാളി മരിച്ചത്. കോട്ടക്കൽ എടക്കോട് പൊട്ടിപ്പാറ സ്വദേശി അലിഅക്‌ബർ(30) ആണ് മരിച്ചത്. മൃതദേഹം കിണറ്റിൽനിന്നും പുറത്തെടുത്തു. അപകടത്തിൽപ്പെട്ട കോട്ടക്കൽ സ്വദേശി അഹദിനെ രക്ഷപ്പെടുത്തി. മൂന്നര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണു അഹദിനെ രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണു അപകടം നടന്നത്. ആറുപേരടങ്ങുന്ന സംഘം കെട്ടക്കൽ കുർബാനിയിൽ ജോലിക്കുണ്ടായിരുന്നെങ്കിലും രണ്ടുപേർ കിണറ്റിൽ കുഴിക്കുന്നതിനിടയിലാണു മണ്ണിടിഞ്ഞു വീണത്.

അതേസമയം, കഴിഞ്ഞ ഒരു മാസക്കാലമായി ഈ കിണറിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ട്. ഇതിനിടയിൽ ഒരുതവണ പോലും മണ്ണിടിഞ്ഞില്ലെന്ന് മറ്റു തൊഴിലാളികൾ പറഞ്ഞു. ആകെ ഇന്ന് ആറ് തൊഴിലാളികളാണ് നിർമ്മാണത്തിൽ ഉണ്ടായിരുന്നത്. രണ്ടു തൊഴിലാളികൾ കിണറിന് അകത്തും ബാക്കിയുള്ളവർ പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

നിർമ്മാണം ആരംഭിച്ചു ഒന്നര മണിക്കൂറിനു ശേഷമാണ് അപകടം ഉണ്ടായത്. കിണറിന്റെ മുകൾഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേൽ പതിച്ചത്. വിവരമറിഞ്ഞ് നാട്ടുകാർ കൂടെ ഉണ്ടായിരുന്ന മറ്റു തൊഴിലാളികളും ഉടൻ തന്നെ പൊലീസ് അഗ്നിരക്ഷസേന ഓഫീസുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് മലപ്പുറം, തിരൂർ അഗ്നിരക്ഷസേന ഉദ്യോഗസ്ഥരുംസംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.