വണ്ണപ്പുറം: കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെ യുവാവിനെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് കല്ലുങ്കൽ ജീമോൻ(35) ആണ് മരിച്ചത്. രക്ഷാദൗത്യ സംഘം വടംവഴി തൂങ്ങിയിറങ്ങിയാണ് മൃതദേഹത്തിന് സമീപം എത്തിയത്. അപകടത്തിൽ പെട്ടതാകാമെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്ന് രാവിലെ 5.30ന് വീട്ടിൽ നിന്ന് ബൈക്കുമായി കോട്ടപ്പാറ കാണാൻ പോയിരുന്നു. ഉച്ചകഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ കോട്ടപ്പാറയിൽ എത്തിയതായി കണ്ടെത്തി. രാവിലെ 6.30ന് ഇയാൾ ഭാര്യയെ ഫോണിൽ വിളിച്ച് കോട്ടപ്പാറയിൽ മഞ്ഞിറങ്ങിയിട്ടില്ലെന്നും പറഞ്ഞിരുന്നു.

കോട്ടപ്പാറക്ക് സമീപത്ത് നിന്ന് ജീമോൻ സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയതോടെ സ്ഥലത്ത് വ്യാപക പരിശോധനക്ക് തീരുമാനിച്ചു. തുടർന്ന് പഞ്ചായത്തംഗം ജിജോ ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാരും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്‌ഐമാരായ കണ്ണൻദാസ്, സിനോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എച്ച് സലാമിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസ് സംഘവും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി.

പിന്നീട് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പാറയിടുക്കിൽ നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി. വടം ഉപയോഗിച്ച് ഇറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. വീഴ്ചയിൽ ശരീരം ചിന്നിച്ചിതറിയിരുന്നു. പലയിടങ്ങളിൽ നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെടുത്തത്.

പിന്നീട് പോസ്റ്റുമാർട്ടം നടപടികൾക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: ബിന്ദി ജോൺ, മുള്ളരിങ്ങാട് പുത്തുമടത്തിൽ കുടുംബാംഗം. മകൻ: ഓസ്റ്റീൻ കെ. ജീമോൻ. ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് വണ്ണപ്പുറത്തിന് സമീപത്തെ കോട്ടപ്പാറ.