- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളുവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചത് രാവിലെ 11 മണിക്ക്; അര മണിക്കൂറിനുള്ളിൽ കൂട്ടിൽ കയറ്റിയിട്ടും തൃശൂരിലേക്ക് കൊണ്ടു പോയത് രാത്രിയിൽ; കാലിലെ മുറിവും മയക്കുവെടിയും ആ വന്യമൃഗത്തിന്റെ ജീവനെടുത്തു; കൊട്ടിയൂരിൽ പിടികൂടിയ കടുവ ചത്തതും അനാസ്ഥയോ?
കണ്ണൂർ: റിസർവ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തുതിന് പിന്നിൽ ശരീരത്തിലുണ്ടായിരുന്ന ഗുരുതരമായ പരിക്കുകൾ. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റ്മോർട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അർധരാത്രി 12നും ഒരു മണിക്കും ഇടയിൽ കോഴിക്കോടുവച്ച് കടുവ ചത്തതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. മുള്ളുവേലിയിൽ കുടുങ്ങിയുണ്ടായ പരിക്കുകൾ ഗുരുതരമായിരുന്നു. മയക്കു വെടി വയ്ക്കാതെ പിടികൂടുക അസാധ്യവുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അത് കടുവയുടെ ജീവനെടുക്കുകയും ചെയ്തു. കടുവയെ പിടികൂടി വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനായിരുന്നു ആദ്യ ആലോചന. പരിക്ക് കാരണമാണ് തൃശൂരിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്.
രാവിലെ ആറിനും ഏഴിനും ഇടയിൽ തൃശ്ശൂർ മൃഗശാലയിൽ കടുവയെ എത്തിക്കാനായിരുന്നു പദ്ധതി. തൃശൂർ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാൽ ചികിത്സിക്കുന്നതിനും പാർപ്പിക്കുന്നതിനും ഉൾപ്പടെയുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി മനസ്സിലായത്. കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇതേത്തുടർന്ന് രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലരയോടെ, റബർ ടാപ്പിങ്ങിനു പോയവരാണു പന്നിയാംമല ആദിവാസി കോളനി റോഡരികിൽ കടുവയെ കണ്ടത്. ടോർച്ചിന്റെ പ്രകാശത്തിൽ കടുവയെ കണ്ട അവർ ഭയന്നു തിരിച്ചോടി. നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്ത് എത്തി.
കൃഷിയിടത്തിന്റെ സുരക്ഷയ്ക്കായി നിർമ്മിച്ച, മുള്ളുകളുള്ള കമ്പിവേലിയിൽ മുൻഭാഗത്തെ വലതുകാൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണു കടുവയെ കണ്ടെത്തിയത്. റോഡരികിൽ കിടന്ന കടുവ ആളനക്കം ഉണ്ടായതോടെ റോഡിനോടു ചേർന്നുള്ള മൺതിട്ടയിലേക്കു ചാടിക്കയറാൻ ശ്രമിച്ചെങ്കിലും അവശനായി നിലത്തുവീണു. പിന്നീട് എഴുന്നേൽക്കാനായില്ല. ഗുരതര പരിക്കിന് തെളിവാണ് ഇത്.
എടൂർ സ്വദേശിയുടെ കൃഷിയിടത്തിലാണു കടുവയെ കണ്ടെത്തിയത്. രാവിലെ 11ന് മയക്കുവെടി വച്ചു. മയങ്ങിക്കിടന്ന കടുവയെ വലകൊണ്ടു പൊതിഞ്ഞ ശേഷം, മുള്ളുവേലി മുറിച്ചുമാറ്റി. അര മണിക്കൂറിനകം കൂട്ടിലടച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, മുള്ളുവേലി മുറുകി കടുവയുടെ കാലിൽ മുറിവേറ്റിരുന്നു. 11 മണിക്ക് മയക്കുവെടി വച്ച ഉടനെ കടുവയെ തൃശൂരിലേക്ക് കൊണ്ടു പോയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ