- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം; പ്രതികളുടെ ജാമ്യം തടയാൻ സുരക്ഷാ ജീവനക്കാർ കോടതിയിൽ; പ്രതികളിൽ ചിലർ സിപിഎം നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്നും ആരോപണം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് നാളേക്കു മാറ്റി
കോഴിക്കോട്: മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ഡ്യൂട്ടിക്കിടെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലിസ് ഒത്താശ ചെയ്യുന്നതിനിടെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തടയാനായി ജീവനക്കാരുടെ സംഘടനകൾ കോടതിയിൽ. ഇന്ന് കോഴിക്കോട് സെഷൻസ് കോടതിയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണനക്ക് വന്നിരുന്നെങ്കിലും കേസ് നാളേക്കു മാറ്റിയിരിക്കുകയാണ്.
പ്രതികൾക്ക് ജാമ്യം നൽകണമോ, വേണ്ടയോയെന്ന കാര്യത്തിൽ ഏവരും ഉറ്റുനോക്കുന്ന വിധി നാളെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് എക്സിക്യൂട്ടീവിൽ നിന്ന് നീതികിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ജീവനക്കാരുടെ സംഘടനകൾ അനുകൂലമായ വിധി തേടി ജുഡീഷ്യറിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ പ്രതികളിൽ ചിലർ നഗരത്തിലെ അശോകപുരത്തുള്ള സി പി എമ്മിന്റെ മുതിർന്ന നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന ആരോപണവും വന്നിട്ടുണ്ട്. ഇവരുടെ മൊബൈൽഫോൺ ലൊക്കേഷൻ കാണിക്കുന്നത് ഈ മേഖലയാണെന്നാണ് ഇതിന് തെളിവായി പറയുന്നത്.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ അരുൺ ഒന്നാം പ്രതിയായ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലാണ് ഭരണത്തിന്റെ തണലിൽ പൊലിസ് സംരക്ഷണം ഉറപ്പാക്കുന്നതിനിടെ ജീവനക്കാർ കോടതിയിലേക്കു എത്തിയിരിക്കുന്നത്. പാർട്ടി നേതാക്കൾ പ്രതികളാവുന്ന സംഭവങ്ങളിലെല്ലാം ജാമ്യം ലഭിക്കുന്നതുവരെ പ്രതിപട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം പൊലിസ് മേധാവികളിൽ നിന്ന് എസ് എച്ച് ഒമാർക്ക് ലഭിച്ചിട്ടുണ്ടെന്ന സംശയം നേരത്തെ ഉയർന്നിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഒരാഴച ആവാറായിട്ടും പ്രതികളിൽ ഒരാളെപ്പോലും തൊടാൻ പൊലിസ് മടിച്ചുനിൽക്കുന്നത്.
സംഭവത്തിൽ അന്വേഷണം ഊർജിതമെന്ന മറുപടി മാത്രമാണ് മെഡിക്കൽ കോളജ് സ്റ്റേഷനിൽനിന്നു ലഭിക്കുന്നത്. പ്രതിപട്ടികയിലുള്ള 16 പേരിൽ ഒരാളെപ്പോലും പിടികൂടിയിട്ടില്ലെന്നത് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പൊലിസ് സ്റ്റേഷന് മുന്നിൽ നടന്ന സംഭവത്തിൽപോലും പ്രതികളെ പിടികൂടുന്ന കാര്യത്തിൽ ഇതാണ് നിലപാടെങ്കിൽ മറ്റു കേസുകളുടെ ഗതി എന്തായിരിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
ഡി ഐ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അശ്വിൻ, മെഡിക്കൽകോളജിന്റെ പരിസരപ്രദേശമായ ഇരിങ്ങാടൻപള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിൻ, മായനാട് ഇയ്യക്കാട്ടിൽ സ്വദേശി മുഹമ്മദ് ഷബീർ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്ന മറ്റ് ഡി വൈ എഫ് ഐ പ്രവർത്തകർ. പി എസ് നിഖിൽ, സജിൽ മഠത്തിൽ, കോവൂർ സ്വദേശി കിഴക്കേപറമ്പ് ജിതിൻ രാജ് എന്നീ ഡി വൈ എഫ് ഐ പ്രവർത്തരും കേസിൽ പ്രതികളാണ്.
ദിനേശനെന്ന സുരക്ഷാ ജീവനക്കാരനാണ് മർദ്ദനത്തിൽ അതിക്രൂരമായി പരുക്കേറ്റത്. ഇദ്ദേഹം ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ സംഭവത്തിൽ ഐ പി സി 308 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, മർദ്ദനം, ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയവക്കൊപ്പം ആശുപത്രി സുരക്ഷാ നിയമവും അനുസരിച്ചാണ് കേുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അരുണിന്റെ ഭാര്യയെ കയറിപ്പിടിച്ചുവെന്ന പരാതിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരായ മൂന്നുപേർക്കെതിരേയും ഇതോടൊപ്പം മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്