- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു; ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നു; കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ വിമുക്ത ഭടന്മാരുടെ പ്രതിഷേധ മാർച്ച് നാളെ; പൊലീസ് കടുത്ത സമ്മർദ്ദത്തിൽ
കോഴിക്കോട്: സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ കലക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ ജില്ലയിലെ വിമുക്തഭടന്മാരുടെ സംഘടനകൾ ഒരുങ്ങുന്നു. പൊലിസ് പ്രതികളെ സംരക്ഷിക്കുന്നെന്നും ഡി വൈ എഫ് ഐ നേതാവായതിനാലാണ് അനൂപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതെന്നുമാണ് മെഡിക്കൽ കോളജ് ജീവനക്കാർ ആരോപിക്കുന്നത്.
പൊലിസിന് ഇന്നലെയും ഇന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ സമയം നൽകുകയായിരുന്നെന്നും നാളെക്കൂടി അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നില്ലെങ്കിൽ പൊലിസ് സ്റ്റേഷൻ പിക്കറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള സമരമുറകളുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും സുരക്ഷാ ജീവനക്കാരുടെ സൂപ്പർവൈസറായ കെ സദാശിവൻ വ്യക്തമാക്കി. മർദനത്തിന് നേതൃത്വം ന്ൽകിയ അനുപിനെയും ഇയാൾക്കൊപ്പമുള്ള ഗുണ്ടകളെയും പിടികൂടണമെന്ന കാര്യത്തിൽ മെഡിക്കൽ കോളജിലെ എല്ലാ തൊഴിലാളി യൂണിയനുകൾക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ വലയിലായെന്ന രീതിയിൽ വൈകുന്നേരമായതോടെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ വാസ്തവമില്ലെന്നാണ് തോന്നുന്നത്. ഉണ്ടായിരുന്നെങ്കിൽ റിമാൻഡിനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപായി മെഡിക്കൽ കോളജിൽ എത്തിച്ച് വൈദ്യപരിശോധന നടത്തേണ്ടതാണ്. ഇതുവരെയും ആരെയും പൊലിസ് ഇങ്ങോട്ട് എത്തിച്ചിട്ടില്ല. അതായത് പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണെന്നാണ് ഞങ്ങൾ കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതികൾ ഒളിവിലാണെങ്കിൽ കണ്ടെത്തുന്നതിനായി രണ്ടു ദിവസത്തെ സമയം നൽകിയിരിക്കയാണ്.
നാളെയോടുകൂടി ഇക്കാര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ എല്ലാ സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങും. മുഖ്യപ്രതിയായ അനുപിന്റെ ബൈക്ക് കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലിസ് പറയുന്നത്. ഇത് സത്യമാണെങ്കിലും അതിൽ കാര്യമൊന്നുമില്ല. ഏകപക്ഷീയമായി ജീവനക്കാരെ മർദ്ദിക്കുകയും അധികാരത്തിന്റെ ഹുങ്കിൽ എന്തു തെമ്മാടിത്തരവും നടത്താമെന്നും കരുതുന്നവർക്കെതിരേ ശക്തമായ നിയമനടപടിയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ഇത് എല്ലാതരം കുറ്റവാളികൾക്കും മാതൃകയാവണമെന്നും സദാശിവൻ പറഞ്ഞു.
പൊലിസ് കടുത്ത സമ്മർദത്തിൽ
സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സംസ്ഥാനം ഭരിക്കുമ്പോൾ സി പി എമ്മിന്റെ യുവജന വിഭാഗം നേതാവും ഗുണ്ടകളും ഏവർക്കും ആശ്രയമാവുന്ന സർക്കാർ മെഡിക്കൽകോളജിലെ സുരക്ഷാ ജീവനക്കാർക്കുനേരെ ഏകപക്ഷീയമായി കടുത്ത മർദ്ദനം അഴിച്ചുവിട്ടതിൽ മെഡിക്കൽ പൊലിസ് കടുത്ത സമ്മർദ്ദത്തിൽ. മറ്റുള്ള കേസുകളിലും കുറ്റകൃത്യങ്ങളിലുമെല്ലാം ആഴ്ചകളോളം അന്വേഷണം പുരോഗമിക്കുന്നുവെന്ന വാദവുമായി പൊലിസിന് പിടിച്ചുനിൽക്കാനാവുമെങ്കിൽ സംഭവം ഉണ്ടായ മെഡിക്കൽ കോളജിന്റെ മുഖ്യ കവാടത്തിൽനിന്ന് അൻപത് മീറ്റർപോലുമില്ല പൊലിസ് സ്റ്റേഷനിലേക്കെന്നതാണ് തലവേദന വർധിപ്പിക്കുന്നത്.
ആലംങ്കാരികമായി മിക്ക സംഭവങ്ങളിലും പൊലിസിന്റെ മൂക്കിനുതാഴെയെന്നു പ്രയോഗിക്കാറുണ്ടെങ്കിലും കേവലം ഒരു റോഡിന് എതിർവശത്താണ് സ്റ്റേഷനെന്നതാണ് കാര്യം. ഗേറ്റിൽ ഒച്ചയും ബഹളവും ഉണ്ടായാൽ സ്റ്റേഷനിലേക്ക് വ്യക്തമായി
കേൾക്കുമെന്ന് സാരം. സംഭവത്തിൽ റിപ്പോർട്ട് ആവുന്നേയുള്ളൂവെന്ന മറുപടിയാണ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്നത്.
അതിനിടെയാണ് പ്രതികളിൽ ചിലർ പൊലിസ് കസ്റ്റഡിയിലായെന്ന വിവരം പ്രചരിക്കുന്നത്. എന്നാൽ ഇതിന് വ്യക്തതയായിട്ടില്ല. സംഭവത്തിൽ സി പി എം ഡി വൈ എഫ് ഐ നേതൃത്വങ്ങൾ ഇപ്പോഴും മൗനംതുടരുകയാണ്. നാട്ടിൽ നടക്കുന്ന ഇത്തരം സംഭവങ്ങളിലെല്ലാം പാർട്ടി പ്രവർത്തകരും യുവജന സംഘടനാ ഭാരവാഹികളുമെല്ലാം പ്രതിസ്ഥാനത്തു വരുന്നത് സി പി എം നേതൃത്വത്തെയും സമ്മർദത്തിലാക്കുന്ന സ്ഥിതിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്