- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസിൽ തീരുമാനമാവുന്നതുവരെ കേരള സാഹിത്യോത്സവത്തിൽ വി ആർ സുധീഷിനെ ഉൾപ്പെടുത്തരുതെന്ന് പരാതിക്കാരി; സാഹിത്യ അക്കാദമിയിൽ പോയി പ്രതിഷേധിക്കും; മാനനഷ്ടത്തിന് കേസ് കൊടുത്ത് എഴുത്തുകാരൻ
കോഴിക്കോട്: മലയാള സാഹിത്യലോകത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു കോഴിക്കോട് നിന്ന് വന്ന മീ ടു പരമ്പര. എഴുത്തുകാരൻ വി ആർ സുധീഷ്, കവിയും മുൻ നക്സലുമായ സിവിക്ക് ചന്ദ്രൻ, കവി ജയദേവൻ തുടങ്ങിയവർക്കെതിരെ ശക്തമായ തുറന്നുപറച്ചിലുകളാണ് വനിതാ പ്രസാധകരിൽ നിന്നും യുവ എഴുത്തുകാരിൽ നിന്നും ഉണ്ടായത്. ഇതിൽ പാഠഭേദം മാസികയുടെ എഡിറ്റർ കൂടിയായ സിവിക്ക്, കേസിൽ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കയാണ്. സമാനമായ കേസാണ് കഥാകൃത്ത് വി ആർ സുധീഷും നേരിടുന്നത്. പ്രസാധക എം എ ഷഹനാസ് ആണ് മീ ടു ആരോപണം സുധീഷിനെതിരെ ഉന്നയിച്ചത്. ഇത് വലിയ വിവാദമാവുകയും കേസ് ആവുകയും ചെയ്തു. ഇപ്പോൾ ആ കേസിൽ തീർപ്പാവുന്നതിനിടെ, കേരള സാഹിത്യ അക്കാദമി തൃശൂരിൽ നടക്കുന്ന സാഹിത്യേത്സവത്തിൽ അധ്യക്ഷനാവാൻ വി ആർ സുധീഷിന്റെ ക്ഷണിച്ചിരിക്കയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് എം ഷഹനാസ് നടത്തുന്നത്. 'സാഹിത്യ അക്കാദമി ഇങ്ങനെ ഒരു പരിപാടി നടത്തിയാൽ ആ പരിപാടി നടക്കുന്ന സ്ഥലത്ത് പോയി പ്രതിഷേധിക്കാൻ ആണ് എന്റെ തീരുമാനം' എന്നാണ് ഷഹനാസ് ഫേസ്്ബുക്കിൽ കുറിച്ചത്. അതിനിടെ വ്യാജ ആരോപണങ്ങളുമായി കഴിഞ്ഞ രണ്ട് വർഷമായി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ് ഷഹനാസിനെതിരെ വി ആർ സുധീഷും മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്.
'ജീവൻ പോയാലും പ്രതികരിക്കും'
എം എ ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. -'പ്രിയപ്പെട്ടവരേ....സാഹിത്യ അക്കാദമി ഇങ്ങനെ ഒരു പരിപാടി നടത്തിയാൽ ആ പരിപാടി നടക്കുന്ന സ്ഥലത്ത് പോയി പ്രതിഷേധിക്കാൻ ആണ് എന്റെ തീരുമാനം...കൂടെ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ തന്നെയാണ് ഈ തീരുമാനം എടുക്കുന്നത്..
സ്ത്രീശാക്തീകരണവും, സ്ത്രീസുരക്ഷയും വിളംബരം ചെയ്യുന്ന നവ കേരളസമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലല്ല, മറിച്ച് അവളുടെ മാനസിക നിലവാരം തകർത്തു കൊണ്ട്, അതിജീവിക്കാൻ അവൾ ആർജ്ജിച്ചെടുക്കുന്ന ശക്തിയെ തകർക്കുക എന്നതായിരിക്കുന്നു നിലപാടുകൾ എന്ന് ദിനംതോറും കാണുമ്പോൾ വിഷമമല്ല മറിച്ച് പുച്ഛവും അതിലുപരി ഈ സമൂഹത്തിൽ ഒരു പെണ്ണ് എങ്ങനെ സ്വന്തം അഭിമാനം സംരക്ഷിച്ചു ജീവിച്ചു പോകും എന്നതോർത്ത് ഒരൽപ്പം മനോവിഷമവും തോന്നുന്നുണ്ട്. ഒരൽപ്പം എന്ന വാക്ക് മനഃപൂർവ്വം ഉപയോഗിച്ചത് തന്നെയാണ്. ഇതേ പരിപാടിയിൽ ഒന്നാം തിയ്യതി സാഹിത്യ അക്കാദമി എന്നെയും അതിഥിയായി വിളിച്ചിട്ടുണ്ട്. അത് എന്തിനാണ് എന്ന് തിരിച്ചറിയാൻ ഉള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്.
CCNo:568/22 കേസ് നമ്പർ പ്രകാരം എം എ ഷഹനാസ് എന്ന ഞാൻ എഴുത്തുകാരൻ വി ആർ സുധീഷിന് എതിരെ നൽകിയ മി ടു കേസ് ഇന്നും കോടതിയിൽ നിലനിൽക്കുന്നതാണ്... ആ കേസിന് ഒരു തീരുമാനം ആയിട്ട് മതി സാഹിത്യ അക്കാദമിയുടെ വെള്ളപൂശൽ....സ്ത്രീകൾ നിരന്തരം അപമാനിതരാവുകയും മാറ്റി നിർത്തപെടുകയും ആ പ്രതിയുടെ സ്വാധീനത്താൽ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പ്രതികളെ ഈ സമൂഹം ആണും പെണ്ണും ഒരുപോലെ ആഘോഷമാക്കുകയാണ്....ജീവൻ പോയാലും ഇതിൽ ഞാൻ പ്രതികരിച്ചിരിക്കും....''- ഇങ്ങനെയാണ് അവർ പ്രതികരിച്ചത്.
കേസുമായി എഴുത്തുകാരനും
പ്രസാധകക്കെതിരെ അപകീർത്തി കേസ് കൊടുക്കുമെന്ന് എഴുത്തുകാരൻ വി ആർ സുധീഷും അറിയിച്ചു. വി ആർ സുധീഷിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്- 'പ്രിയപ്പെട്ടവരേ, നിറയെ അക്ഷരത്തെറ്റുകളോടെ എന്റെ ഒരു പുസ്തകം എഗ്രിമെന്റോ റോയൽറ്റിയോ തരാതെ വിരൂപമായി അച്ചടിച്ചിറക്കിയ ഒരു പ്രസാധകയെ ചോദ്യം ചെയ്തതിന്റെ പേരിൽ വ്യാജ ആരോപണങ്ങളുമായി കഴിഞ്ഞ രണ്ട് വർഷമായി അവർ എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ട് കോടതി 4 മുമ്പാകെ 36/2023 നമ്പറായി മാനനഷ്ട കേസ് എടുത്തിട്ടുണ്ട്.
രണ്ട്പേരുടെ സാക്ഷിമൊഴി നടന്നു. താമസിയാതെ പ്രതി കോടതിയിലെത്തും. എനിക്കെതിരെ കൊടുത്തു എന്നു പറയുന്ന കേസ് ഇതേവരെ എന്നെ തേടി വന്നിട്ടില്ല. സൗഹൃദം നടിച്ച് മൂന്നുവർഷം കൂടെ നടന്ന് ഒടുവിൽ മിടു പറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി നേടുന്നതിന്റെ ദുരുദ്ദേശം അറിയാമല്ലോ? തെളിവുകളൊക്കെയും എന്റെയും പ്രതിയുടെ പഴയ സുഹൃത്തുക്കളുടെയും കൈയിലുണ്ട്. ഇനി കോടതി തീരുമാനിക്കും. സ്നേഹം.''- ഇങ്ങനെയാണ് സുധീഷ് പ്രതികരിച്ചത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ