- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷം കൊണ്ട് പൂർത്തിയാകാത്ത പദ്ധതി ഒരുമാസം കൊണ്ട് തീർക്കും; ഞെളിയൻപറമ്പ് മാലിന്യം നീക്കാൻ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിന് തന്നെ കരാർ നീട്ടി നൽകി കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും
കോഴിക്കോട്: ഞെളിയൻ പറമ്പിൽ നിലവിലുള്ള മാലിന്യം ബയോ മൈനിങ് വഴി നീക്കം ചെയ്യാനുള്ള കരാർ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിന് ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. നാല് വർഷമായിട്ടും നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്ത പദ്ധതിയാണ് മുപ്പത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ് പിഴ ഈടാക്കി പുതുക്കുന്നതിനും കാലാവധി നീട്ടുന്നതിനും കൗൺസിൽ തീരുമാനമെടുത്തത്.
നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്ക്കരിച്ചു. ബിജെപി അംഗങ്ങൾ മേയറുടെ ഡയസിന് മുമ്പിൽ ബാനറുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടെയാണ് വീഴ്ച വരുത്തിയ കമ്പനിക്ക് 38.85 ലക്ഷം രൂപ പിഴ ചുമത്തുമെന്ന പ്രഖ്യാപനത്തോടെ ഭരണപക്ഷം അജണ്ട പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ ഭൂരിപക്ഷ പിന്തുണയോടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
ചർച്ച തുടങ്ങി പകുതിയായപ്പോഴാണ് യുഡിഎഫ് അംഗങ്ങൾ പ്രതിപക്ഷ നേതാവ് കെ സി ശോഭിതയുടെ നേതൃത്വത്തിൽ അജണ്ട കീറിയെറിഞ്ഞ് ഇറങ്ങിപ്പോയത്. അജണ്ട പരിഗണിക്കാനായി പരിഗണിക്കവെ ടി റനീഷ്, നവ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ ബാനറുമേന്തി പ്രതിഷേധമുയർത്തി വിയോജനക്കുറിപ്പ് നൽകി. ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ എൽഡിഎഫ് പിന്തുണയോടെ തീരുമാനം അംഗീകരിച്ച് എല്ലാ അജണ്ടകളും വായിച്ച് അംഗീകരിച്ച് മേയർ യോഗം അവസാനിപ്പിക്കുകയായിരുന്നു.
ഏപ്രിൽ 30 വരെ കരാർ കാലാവധി നീട്ടിക്കൊടുക്കാനാണ് തീരുമാനം. പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് പ്രത്യേക ടെക്നിക്കൽ കമ്മറ്റി
രൂപവത്ക്കരിക്കും. സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവൃത്തി നടത്തണം. വീഴ്ചവരുന്നപക്ഷം എഗ്രിമെന്റ് റദ്ദാക്കും. സമയബന്ധിതമായി ബയോ മൈനിങ്, ബയോക്യാ പ്പിങ് പ്രവൃത്തി നടപ്പാവാത്തപക്ഷം ഗ്രീൻ ട്രിബ്യൂണൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കോർപ്പറേഷനെതിരെ സ്വീകരിക്കാനിടയുള്ള പിഴയടക്കം ഏത് രീതിയിലുള്ള നിയമനടപടികളുടെയും ഭാഗമായുണ്ടാകുന്ന ബാധ്യതകൾ സോണ്ടയിൽ നിന്ന് ഈടാക്കുമെന്ന് മേയർ വിശദീകരിച്ചെങ്കിലും യുഡിഎഫും ബിജെപി യും ഇതംഗീകരിച്ചില്ല. ആർഡിഎഫ് നീക്കം ചെയ്യേണ്ട ബാധ്യതയും സോണ്ടക്കാണ്. ഇത് ഒരു മാസത്തിനകം പൂർണ്ണമായി സ്ഥലത്ത് നിന്ന് നീക്കണമെന്നുമുള്ള വ്യവസ്ഥയടക്കമാണ് കൗൺസിൽ അംഗീകരിച്ചത്. നാല് കൊല്ലം നീട്ടി നൽകിയിട്ടും നടപ്പാക്കാത്ത കാര്യം 30 ദിവസം കൊണ്ട് എങ്ങനെ നടപ്പാക്കുമെന്നും ഇതുവരെ നൽകിയ പണം പലിശയടക്കം തിരിച്ചെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതേ സമയം ബ്രഹ്മപുരത്തെ തീപ്പിടുത്തത്തിന്റെ വെളിച്ചത്തിൽ എത്രയും പെട്ടെന്ന് ഞെളിയൻ പറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യേണ്ടതുണ്ടെന്നും അവിടെ സൂക്ഷിച്ചിട്ടുള്ള ആർഡിഎഫ് മാറ്റേണ്ടതുണ്ടെന്നുമായിരുന്നു ഭരണ പക്ഷത്തിന്റെ വിശദീകരണം. സോണ്ട ഇൻഫ്രാടെകുമായുള്ള കരാർ റദ്ദാക്കി പുതിയ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ നടത്തി പ്രസ്തുത പ്രവർത്തനം നടത്തേണ്ടി വന്നാൽ വീണ്ടും കാലതാമസത്തിനിടയാക്കുകയും, ഞെളിയൻ പറമ്പിന്റെ പരിസര നിവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും കൗൺസിൽ യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തിൽ അവശേഷിക്കുന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യലും, ആർ ഡി എഫ് മാറ്റലും, ക്യാപ്പിംഗും പ്രവൃത്തി പുനരാരംഭിച്ച് മുപ്പത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും പൂർത്തീകരിക്കണമെന്ന കർശന വ്യവസ്ഥയിൽ സോൺട ഇൻഫ്രാടെക്-ന് കരാർ കാലാവധി ദീർഘിപ്പിച്ചു നൽകാൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു.
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ കരാറും വിവാദമായിരുന്നു. നവംബറിൽ കാലാവധി കഴിഞ്ഞ കരാർ ബ്രഹ്മപുരം പശ്ചാത്തലത്തിൽ പുതുക്കി നൽകരുതെന്നായിരുന്നു യുഡിഎഫ്, ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സിപിഎം നേതാവിന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള സോണ്ട കമ്പനിക്ക് വഴിവിട്ട നീക്കങ്ങളാണ് കോർപറേഷൻ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.