- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറുപേർക്ക് സീറ്റൊരുക്കി വിറ്റത് അതിന്റെ എത്രയോ ഇരട്ടി ടിക്കറ്റുകൾ; ശ്വാസം കിട്ടാതെ കുട്ടികൾ കുഴഞ്ഞു വീഴുമ്പോഴും ടിക്കറ്റ് വിൽപ്പന തകൃതി; രക്ഷിക്കാൻ വന്ന പൊലീസിനു നേരെ കല്ലേറും ആക്രമണവും; പരിക്കേറ്റത് നൂറോളം പേർക്ക്; ഒരാൾ കുഴഞ്ഞ് വീണ് മരിച്ചെന്നും ആരോപണം; കോഴിക്കോട് ബീച്ചിൽ കൂട്ടുമരണങ്ങൾ ഒഴിവായത് ഭാഗ്യത്തിന്
കോഴിക്കോട്: ഉത്തരേന്ത്യയിൽ നിന്നൊക്കെ നാം കേൾക്കുന്നതാണ് തിക്കിലും തിരക്കിലും പെട്ട് ഒരുപാട്പേർ ചതഞ്ഞ് മരിക്കുന്ന ദുരന്തങ്ങൾ. ഇന്നലെ കോഴിക്കോട് കടപ്പുറവും സമാനമായ ഒരു അവസ്ഥയിലുടെയാണ് കടന്നുപോയത്. നൂറുപേർക്ക് കസേരയിട്ട് നാലായിരത്തിൽ അധികം പേർക്ക് ടിക്കറ്റ് വിറ്റ ഒരു സംഗീതപരിപാടിയുടെ തിക്കിലും തിരക്കലും പൊട്ട് നുറോളം പേർക്കാണ് പരിക്കേറ്റത്. 20 പേരുടെ കാൽ ഒടിയുകയും ചെയ്തു. ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ പലുകുട്ടികളും ഇപ്പോഴും ആശുപത്രിയിലാണ്. ബാരിക്കേഡ് കുത്തിക്കയറിയ ഒരാൾക്ക് സാരമായ പരിക്കേറ്റിട്ടുമുണ്ട്. ഒരാൾ ഇതിനെിടെ കുഴഞ്ഞ് വീണ് മരിച്ചതായും വാർത്തകൾ പരന്നു. എന്നാൽ ഈ മരണത്തിന് ബീച്ച് സംഘർഷവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പൊലീസുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി '555 ദി റെയിൻ ഫെസ്റ്റ്' കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓൺലൈൻവഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വിൽപ്പനയുണ്ടായിരുന്നു. അവധി ദിവസമായതിനാൽ ബീച്ചിൽ കൂടുതൽപ്പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റുപോയതും തിരക്ക് വർധിക്കാൻ ഇടയാക്കി. മാത്രമല്ല കുട്ടികൾ എല്ലാം സ്കൂളിലും നേരിട്ട് പോയി ടിക്കറ്റ് വിറ്റിരുന്നു. ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. വെറും നൂറ്പേർക്ക് മാത്രമാണ് ഇവിടെ കസേര ഇട്ടിരുന്നത് എന്നാണ് ഇവിടെ എത്തിയവർ പറയുന്നത്.
കൂട്ടപ്പൊരിച്ചിലിൽ ചവിട്ടേറ്റവർ
രാത്രി എട്ടോടെയാണ് സംഘർഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവർ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളം വെക്കുകയായിരുന്നു. ഇത് തടയാൻ പൊലീസും വൊളന്റിയർമാരും ശ്രമിച്ചു. എട്ടു പൊലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പൊലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചു. പൊലീസുകാർക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പൊലീസ് ലാത്തിവീശാൻ തുടങ്ങിയതോടെ ജനങ്ങൾ വിരണ്ടോടി.
ബാരിക്കേഡുകൾ തകർത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീണു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ തിരക്കിനിടയിൽ വീണുപോയി. ശ്വാസം കിട്ടാതെ കുട്ടികൾ കുഴഞ്ഞു വീണിട്ടും, കൗണ്ടറിൽ ടിക്കറ്റ് കൊടുത്തു കൊണ്ടിരുന്നു. അകത്തെ സ്ഥിതിയറിയാതെ ടിക്കറ്റെടുത്ത ആളുകൾ പിന്നെയും തിങ്ങിക്കയറിയതോടെ ആർക്കും പുറത്തേക്ക് രക്ഷപ്പെടാൻ പോലും പറ്റാത്ത അവസ്ഥയായി.
അതിനിടയിൽ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയർമാരായ വിദ്യാർത്ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. കല്ലും പൂഴിയും അടക്കം കൈയിൽ കിട്ടുന്നത് എന്തും എടുത്ത് പൊലീസിനെ എറിയുകയായിരുന്നു. പിന്നീട് സിറ്റി പൊലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ സിറ്റി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ എം.സി. കുഞ്ഞുമോയിൻകുട്ടി, മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ഒരാൾ കുഴഞ്ഞ് വീണ് മരിച്ചതും വിവാദത്തിൽ
അതിനിടെ ബീച്ചിലെ സംഗീത പരിപാടിയിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ മരിച്ചതായും അഭ്യൂഹം പരന്നു. മീഞ്ചന്ത വട്ടക്കിണർ സ്വദേശി കണ്ണാത്തുപറമ്പ് ജിനാസ് മൻസിലിൽ മുസ്തഫ (54) ആണ് കുഴഞ്ഞുവീണ് മരിച്ചത്.കുഴഞ്ഞുവീണ മുസ്തഫയെ 7.45ഓടെ നാട്ടുകാരാണ് ബീച്ച് ഗവ.ആശുപത്രിയിലെത്തിച്ചത്. ഉടനെ മരണവും സംഭവിച്ചു. എന്നാൽ ഈ മരണവും ബീച്ചിലെ സംഘർഷവുംതമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ. ശ്രീനിവാസൻ അറിയിച്ചു.
മുസ്തഫ ഹൃദ്രോഗിയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് വെള്ളയിൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസനും പറഞ്ഞു. പരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ല എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. യാതൊരു സുരക്ഷയും കൂടാതെ എങ്ങനെ ഇതുപോലെ ഒരു പരിപാടി നടത്താന കഴിഞ്ഞു എന്നാണ് ഏവരും അത്ഭുദപ്പെടുന്നത്. അതുപോലെ പൊലീസിനെ ആക്രമിച്ച കേസിൽ 50ഓളം പേർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനെതിരെയും വിമർശനം ഉയരുന്നുണ്ട്. പൊലീസ് ലാത്തിവീശിയതോടെ ചിതറി ഓടിയവർ വീണുപോയവരെ ചവുട്ടിയാണ് ഓടിയത്. ഭാഗ്യത്തിനാണ് വലിയ ദുരന്തം ഉണ്ടാകാഞ്ഞത്. തുടർന്ന് ബീച്ച് പരിസരത്തെ മൂഴുവൻ സ്ഥാപനങ്ങളും അടപ്പിക്കയാണ് പൊലീസ് ചെയ്തത്. പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനും, കൃത്രിമശ്വാസോഛാസം അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകാനും അരും ശ്രമിച്ചില്ല.
വെറുതെ ലാത്തിവീശുന്നതിന് അപ്പുറമുള്ള ക്രൗഡ് മാനേജ്മെന്റ് നമ്മുടെ പൊലീസിന് അറിയില്ല എന്ന് വ്യക്തമാക്കുന്ന സംഭവം കൂടിയായിരുന്നു, കോഴിക്കോട് ബീച്ചിൽ കണ്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ