- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന ദേശാഭിമാനി കെട്ടിടം റിയൽ എസ്റ്റേറ്റ് ലോബിക്ക്; കെട്ടിടം സ്മാരകമാക്കണമെന്ന വാദം തള്ളി 22 കോടിയുടെ കച്ചവടം; നേതാക്കൾ വൻതുക കമ്മീഷൻ പറ്റിയെന്നും വീക്ഷണം പത്രം; കോഴിക്കോട്ട് സിപിഎമ്മിൽ വീണ്ടും വിവാദം
കോഴിക്കോട്: കോഴിക്കോട് സിപിഎമ്മിൽ വീണ്ടും റിയൽ എസ്റ്റേറ്റ് കമ്മീഷൻ വിവാദം. ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന ദേശാഭിമാനി കെട്ടിടം റിയൽ എസ്റ്റേറ്റ് ലോബിക്ക് വിറ്റുവെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ വന്ന വാർത്തയെ തുടർന്നാണ് പാർട്ടിയിൽ വിവാദം തുടങ്ങിയത്. ബീച്ചിലെ ദേശാഭിമാനി കെട്ടിടം സ്മാരകമാക്കണമെന്ന് നേരത്തെ തന്നെ ഒരു വിഭാഗം ഉന്നയിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് കെട്ടിടം വിറ്റത്. ഇതിനായി ചില നേതാക്കൾ വൻ തുക കമ്മീഷൻ പറ്റിയെന്നും ആരോപണം ഉണ്ട്.
വീക്ഷണം വാർത്ത ഇങ്ങനെയാണ്- ''ത്യാഗത്തിന്റെ മഹാചരിത്രമെന്ന് പാർട്ടി തന്നെ വാഴ്ത്തിയ സ്ഥാപനം റിയൽ എസ്റ്റേറ്റ് ലോബിക്ക് കൈമാറി നേതാക്കൾ കമ്മിഷൻ വാങ്ങിയതായ് ആരോപണം. മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് മലപ്പുറം ഏലംകുളം മനയിൽ പരമ്പരാഗതമായ് കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ 'ദേശാഭിമാനി' ഓഫിസ് കെട്ടിടം ഉൾപ്പെട്ട 58 സെന്റാണ് റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ സ്വന്തമാക്കിയത്. വിൽപ്പന നടന്നതിലൂടെ സിപിഎം നേതാക്കൾ കോടികൾ കമ്മിഷൻ വാങ്ങിയതായും പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയർന്നു. ഇഎംഎസിന്റെ കുടുംബ സ്വത്ത് വിറ്റ് അന്നു കിട്ടിയ 75,000 രൂപയാണ് ഇപ്പോൾ 22 കോടിയും കമ്മിഷനുമായി മാറ്റിയെടുക്കുന്നത്.
കോഴിക്കോട് ബീച്ചും പരിസരവും വിപണിമൂല്യം കൂടിയ ഇടമായ് പരിണമിച്ചതോടെയാണ് ദേശാഭിമാനി കെട്ടിടം ഉൾപ്പെടുന്ന സ്ഥലം വിറ്റ് പാർട്ടി നേതാക്കൾ കോടികൾ കീശയിലാക്കുന്നത്. സിപിഎം എന്നും അഭിമാനപൂർവം കൊണ്ടാടുന്ന, കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉൾപ്പെടുത്തിയാണ് കോഴിക്കോട് ദേശാഭിമാനിയിൽ റോട്ടറി പ്രസ് സ്ഥാപിച്ചത്. ഇഎംഎസിന്റെയും പാലോറ മാതയുടെയും സ്മരണകൾ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണമെന്ന വാദം തള്ളിയാണ് 22 കോടിയുടെ കച്ചവടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഫ്ളാറ്റ് നിർമ്മാതാക്കളാണ് റിയൽ എസ്റ്റേറ്റ് ലോബി മുഖേന ഭൂമി വാങ്ങിയത്. ഓഫിസ് ഒഴിയാൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഇടപാടിന് കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികൾക്ക് മൂന്നു ഫ്ളാറ്റ് നൽകുമെന്ന് നിർമ്മാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണമുണ്ട്.
ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന്റെ എതിർപ്പ് അവഗണിച്ചാണ് ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തും കോഴിക്കോട് യൂണിറ്റ് മാനേജർ ഒ പി സുരേഷും ചേർന്ന് വിൽപന കരാറാക്കിയതെന്നാണ് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടപാടിന് അനുമതി നൽകി.
ദേശാഭിമാനി സ്ഥലം വിൽക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും ഇഎംഎസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിർത്തണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നിലപാട് എടുത്തെങ്കിലും ഫലമുണ്ടായില്ല. ദേശാഭിമാനിക്ക് വാരികയുടെ രൂപത്തിൽ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന ദുഃഖം പഴയ തലമുറയിലെ ദേശാഭിമാനി ജീവനക്കാർക്കുണ്ട്. അവരും കടുത്ത അമർഷത്തിലാണ്.
ജില്ലാ അതിർത്തിയിൽ രാമനാട്ടുകരയിൽ ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറുമെന്നാണ് ധാരണ.ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ദേശാഭിമാനി ജനറൽ മാനേജരായിരുന്ന കാലത്ത് കോഴിക്കോട് ദേശാഭിമാനി കെട്ടിടം വിൽക്കാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ അന്ന് ചീഫ് എഡിറ്ററായിരുന്ന മുതിർന്ന നേതാവ് വി വി ദക്ഷിണാമൂർത്തിയുടെ കടുത്ത എതിർപ്പു കാരണം കച്ചവടം നടന്നില്ല. ഇതിനിടെ ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ജയരാജൻ മുൻകയ്യെടുത്ത് വിവാദ വ്യവസായി വി എം രാധാകൃഷ്ണന് വിറ്റ് കോടികൾ കമ്മിഷൻ വാങ്ങിയിരുന്നു. ''- ഇങ്ങനെയാണ് വീക്ഷണം വാർത്ത അവസാനിക്കുന്നത്.
ഈ വാർത്തയുടെ ഓൺലൈൻ ലിങ്ക് ഇപ്പോൾ പാർട്ടി അനുഭാവി ഗ്രൂപ്പുകളിലും പ്രചരിക്കയാണ്. പക്ഷേ വിൽപ്പനയിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും എല്ലാം സുതാര്യമാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ അടക്കമുള്ളവർ പ്രതികരിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ