- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ആസൂത്രിത ഗൂണ്ടാ ആക്രമണം; ഡി വൈ എഫ് ഐക്കാരന്റെ അതിക്രമത്തിൽ നടപടി എടുക്കാതെ പൊലീസ്; സ്ത്രീകളെ അടികൊണ്ടവർ അപമാനിച്ചെന്ന ആരോപണത്തിൽ കൗണ്ടർ കേസുകൊടുക്കാൻ സഖാക്കൾ; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ അതിക്രമം അധികാരത്തിന്റെ ബാക്കി പത്രം; ആർക്കും ഒരിടത്തും സുരക്ഷയില്ലാതെയാകുമ്പോൾ
കോഴിക്കോട്: ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്കുനേരെ ഡി വൈ എഫ് ഐ നേതാവായ അനൂപിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിതമായ ഗൂണ്ടാ ആക്രമണം. അതിനിടെ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം. അതിനിടെ അടികൊണ്ട സെക്യൂരിറ്റിയെ കേസിൽ കുടുക്കാനും നീക്കം സജീവമാണ്. ഇതോടെ പ്രതിഷേധവുമായി മെഡിക്കൽ കോളജ് സ്റ്റാഫ് കൗൺസിലും രംഗത്തു വന്നു.
രാവിലെ 11ന് ജീവനക്കാർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് ശേഷം സ്റ്റാഫ് കൗൺസിൽ ജില്ലാ സെക്രട്ടറി എം കൃഷ്ണനുണ്ണി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് മെഡിക്കൽ കോളജിൽ നിലനിൽക്കുന്നത്. ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത് നാളെ ഏത് ജീവനക്കാർക്കും എവിടെയും സംഭവിക്കാം, അത് ഒരിക്കലും ഉണ്ടാവരുത്.
സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രതികളെ പൊലിസ് സംരക്ഷിക്കുന്നുവെന്ന് ഈ അവസരത്തിൽ പറയാനാവില്ല. പ്രതികളെ പിടികൂടുന്നതിൽ പൊലിസ് ഊർജിതമായ നടപടി സ്വീകരിക്കാൻ തയാറായില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുരക്ഷാ ജീവനക്കാരും നഴ്സുമാരും ഇതര ജീവനക്കാരും ഉൾപ്പെടെയുള്ള മുന്നൂറോളം പേരാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. രാജ്യസേവനം ചെയ്തുവന്ന പട്ടാളക്കാരാണ് ജോലിക്കുള്ളത് അവർ സ്ത്രീകളോട് അപമര്യാദയായി പേരുമാറില്ലെന്നും അവർ പറയുന്നു.
അക്രമികളെ സംരക്ഷിക്കുന്ന രീതിയിൽ അധികാരികൾ പെരുമാറിയാൽ അതിനെതിരേ ശക്തമായ ചെറുത്തുനിൽപ്പുണ്ടാവുമെന്നും സ്ത്രീകളെ കയറിപ്പിടിച്ചെന്ന ആരോപണം ഗുണ്ടാ ആക്രമണത്തിൽനിന്ന് ജനശ്രദ്ധതിരിച്ചുവിടാനുള്ള പ്രതികളുടെ സമീപനത്തിന്റെ ഭാഗമാണെന്നും സുരക്ഷാ ജീവനക്കാരനായ എൻ പി രതീഷ് ആരോപിച്ചു. ഇരുപതും ഇരുപത്തിയഞ്ചും വർഷം രാഷ്ട്രത്തിനായി സേവനം ചെയ്ത വിമുക്തഭടന്മാരാണ് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരായി ജോലിചെയ്യുന്നവരിൽ തൊണ്ണൂറു ശതമാനത്തിൽ അധികവും.
അവരൊന്നും അകാരണമായി സ്ത്രീകളെ അപമാനിക്കില്ല. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ജീവനക്കാർക്കുനേരെ ആക്രമണം നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. മുൻപും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്്. അതിനൊന്നും പലപ്പോഴും കൃത്യമായ അന്വേഷണം ഉണ്ടാവാത്ത സ്ഥിതിയാണ്. ഇന്നലെ ഡി വൈ എഫ് ഐ നേതാവ് അനൂപിന്റെ നേതൃത്വത്തിൽ നടന്നത് ഗുണ്ടാ ആക്രമണമാണ്. ഇക്കാര്യത്തിൽ അധികാരികൾ ഊർജിതമായ അന്വേഷണം നടത്തുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപും ഇതുപോലുള്ള ആക്രമണങ്ങൾ അനൂപിന്റെ നേതൃത്വത്തിൽ നടത്തിയതായി സുരക്ഷാ ജീവനക്കാരനായ കെ രാകേഷ് പറഞ്ഞു. മുൻപ് ഇതുപോലുള്ള ആക്രമണങ്ങൾ നടത്തുകയും നാട്ടുകാർ ഇടപെട്ട് വിഷയം അനുരഞ്ജനത്തിലേക്ക് എത്തിക്കുകയുമായിരുന്നു. ജീവനക്കാർ വളരെ മാന്യമായാണ് പെരുമാറിയത്. ഇക്കാര്യം ക്യാമറകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് മെഡിക്കൽ കോളജിലെ മുഴുവൻ ജീവനക്കാരും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊലിസിന്റെ ഭാഗത്തുനിന്ന് ഊർജിതമായ ഇടപെടൽ ഉണ്ടാവണമെന്ന് മറ്റൊൊരു സുരക്ഷാ ജീവനക്കാരനായ പി കെ കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പ്രതികളെ എവിടെപോയി ഒളിച്ചാലും നക്സലുകളെ പിടിക്കുന്നതുപോലെ വളഞ്ഞിട്ട് പിടിക്കണം. ജീനക്കാരെ ആക്രമിച്ച വിഷയത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർക്ക് രാഷ്ട്രീയമില്ല, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവും. അത് ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്നും കൃഷ്ണനുണ്ണി വ്യക്തമാക്കി.
നരിക്കുനി സ്വദേശിയായ ശ്രീലേഷ് (45), കുറ്റ്യാടി സ്വദേശിയായ രവീന്ദ്ര പണിക്കർ (45), അന്നശേറി സ്വദേശിയായ ദിനേശൻ (61) എന്നിവർക്കാണ് പരുക്കേറ്റത്. ഹൃദ് രോഗമുൾപ്പെടെയുള്ള രോഗങ്ങളുമായി മല്ലടിക്കുന്ന വ്യക്തിയാണ് ദിനേശൻ. ഇദ്ദേഹം ഇപ്പോൾ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ദിനേശിനെപോലെ പ്രായമുള്ള ഒരാൾ ഒരിക്കലും ഒരാളോടും അപമര്യാദയായി പെരുമാറില്ലെന്ന് ഒപ്പം ജോലി ചെയ്യുന്ന ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് മെഡിക്കൽ കോളജിലെ ജീവനക്കാരുടെ സംഘടനകൾ കൂട്ടായ് തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്