- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പു കാലത്ത് കട തുറന്നാൽ തല്ലിപ്പൊളിക്കുമെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു; മുഖദാറിലെ കച്ചവടക്കാരെ തടയാൻ ആരുമെത്തിയില്ല; കടകൾ തുറക്കുന്നതിനെതിരെ വെച്ച ബോർഡെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് 2019ലേത്; കോഴിക്കോട്ടെ തെരുവ് കച്ചവടക്കാർ ഉപ്പിലിട്ടതും കപ്പലണ്ടിയും ചായയും വിറ്റപ്പോൾ
കോഴിക്കോട്: നോമ്പു കാലത്ത് കടകൾ തുറന്നാൽ തല്ലിപ്പൊളിക്കുമെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. മുഖദാറിലെ വ്യാപാരികൾ ഇന്ന് കട തുറന്നു. ഇന്ന് ആദ്യ നോമ്പ് കഴിഞ്ഞ് മുഖദാറിൽ ഉപ്പിലിട്ടതും, കപ്പലണ്ടിയും, ചായയും വിൽക്കുന്ന ചെറുകിട കച്ചവടക്കാരിൽ ഭൂരിഭാഗവും തുറന്നു. പകൽ അടച്ചിട്ടുരുന്ന കോഴിക്കോട്ടെ ബീച്ചിലെ മിക്ക ചെറുകിട കച്ചവടക്കാരും തുറന്നിട്ടുണ്ട്. രാത്രി ബീച്ചിലേക്ക് എത്തുന്നവരിൽനിന്ന് മോശമല്ലാത്ത കച്ചവടവും ഇവർക്ക് ലഭിക്കുന്നുണ്ട്.
റംസാൻ മാസത്തിൽ കടതുറക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ കേരളത്തിൽ പുത്തരിയല്ല. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പലയിടത്തും നോമ്പുകാലത്ത് പച്ചവെള്ളം പോലും കിട്ടാറില്ല എന്ന്, ആരോപണം പല തവണ ഉയർന്നിരുന്നു. അപ്പോഴൊക്കെ ഇത് വെറും സംഘപരിവാർ പ്രൊപ്പഗാൻഡ മാത്രമാണെന്നായിരുന്നു, ഇസ്ലാമിസ്റ്റുകൾ വിശദീകരിക്കാറുള്ളത്. അതിനിടെയാണ് കാഴിക്കോട് മുഖദാർ കടപ്പുറത്തെ കച്ചവടക്കാർ, റംസാൻ മാസത്തിൽ കച്ചവടം ചെയ്യാനുള്ള അവകാശത്തിനായി രംഗത്ത് എത്തിയത്.
ഇവരും ഈ മാസങ്ങളിൽ പകൽ അടച്ചിടുകയാണ് പതിവെന്നാണ്. നോമ്പുതുറ കഴിഞ്ഞ് രാത്രിയിലാണ് കട തുറക്കാറുള്ളത്. അപ്പോൾ വരുന്ന ആളുകളുടെ കച്ചവടമാണ് ഇവരുടെ ആ മാസത്തെ ആകെ വരുമാനം. എന്നാൽ ഇപ്പോൾ ചിലർ വന്ന് റംസാൻ മാസത്തിൽ രാത്രിയിൽ കച്ചവടം വേണ്ട എന്നും കട തുറന്നാൽ എല്ലാം തല്ലിപ്പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് മുഖദാറിലെ കച്ചവടക്കാരുടെ പരായി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ കച്ചവടക്കാർ ഇത്തരക്കാർക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഉപ്പിലിട്ടതും, ഐസൊരതിയും, ചായയുമൊക്കെ വിൽക്കുന്ന സാധാരണ കച്ചവടക്കാരാണ് ഇവിടെ ഏറെയും. രാത്രി കച്ചവടം നടത്തിയില്ലെങ്കിൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.
ആ പോസ്റ്റർ പഴയത്
എന്നാൽ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കടകൾ തുറക്കുന്നതിനെതിരെ മുഖദാറിൽ വച്ച ബോർഡെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് 2019ലേതായിരുന്നു. 'പാക്കിസ്ഥാനിലെ പെഷവാറിനടുത്ത് മുഖദാർ ബീച്ചിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട മതേതര ഫ്ളക്സ് ബോർഡ്' എന്ന് ട്രോളിയാണ് പലരും ബോർഡ് പങ്കുവെച്ചത്. പക്ഷേ അത് പഴയതാണെന്ന് വൈകാതെ തെളിഞ്ഞു.
2019ലും തുപോലെ വ്യാപാരികളെ വിലക്കിയിരുന്നു. ആ റംസാനിലും രാത്രി കാലത്ത് ഭക്ഷണശാലകൾ അടപ്പിക്കണമെന്ന് കാട്ടി സൗത്ത് ബീച്ച് മുതൽ കോതി പാലം വരെയുള്ള റോഡരികിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിൽ പറയുന്നത് ഇങ്ങനെയായിരുന്നു. 'അറിയിപ്പ്: മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അടച്ചിട്ടത് പോലെ ഈ വർഷവും റംസാൻ മാസത്തിൽ അടച്ചിട്ട് സഹകരിക്കുക'. -എന്ന് സംയുക്ത രാഷ്ട്രീയ പാർട്ടികളും പള്ളി കമ്മിറ്റികളും.
മുഖദാർ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കൽതൊടി മൊയ്തീൻ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സിപിഎം, കോൺഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിലാണ് തീരുമാനം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് വിവാദമായപ്പോൾ എല്ലാവരും തങ്ങൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ല എന്ന് പറഞ്ഞു വിവാദം ഒഴിവാക്കി.
ഇപ്പോൾ വീണ്ടും ഭീഷണി ഉയർന്നതോടെസംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മുൻ മന്ത്രിയും എംഎൽഎയുമായ ഡോ കെ ടി ജലീൽ ഈ പോസ്റ്റർ പങ്കുവെച്ച് 'പോക്കിരിത്തരത്തിന് ഒരതിരുവേണം' എന്ന് പറഞ്ഞ് ശക്തമായ വിമർശനമാണ് ഫേസ്‌ബുക്കിൽ നടത്തിയത്. ''ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഇവിടെ ഏതൊരാൾക്കും അയാളുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാം. വിശ്വാസമില്ലാതെയും ജീവിക്കാം. നിയമ വിധേയമായ മർഗ്ഗങ്ങളിലൂടെ ഉപജീവനം നടത്താം. കച്ചവടം ചെയ്യാം. വ്യാപാരങ്ങളിൽ ഏർപ്പെടാം. ഒരാൾക്കും ഒന്നിന്റെയും പേരിൽ അതൊന്നും തടയാനാവില്ല.റൗഡിസത്തിലൂടെ കയ്യൂക്ക് ഉപയോഗിച്ച് തോന്ന്യവാസം കാണിക്കാമെന്നാണ് അരുടെയെങ്കിലും ഭാവമെങ്കിൽ അതൊന്ന് കാണണം. കോഴിക്കോട് മുഖദാർ കടപ്പുറം ഒരു സമുദായത്തിലെ മതഭ്രാന്തന്മാർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. അങ്ങിനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ആ പൂതി മനസ്സിൽ വച്ചാൽ മതി. കടകൾ നിർബന്ധിച്ച് തുറപ്പിക്കുകയും വേണ്ട, അടപ്പിക്കുകയും വേണ്ട. തുറക്കുന്ന കടകൾ അടിച്ച് തകർക്കാൻ വന്നാൽ പ്രതിരോധിക്കാൻ ഞാനുൾപ്പടെ നിരവധി വിശ്വാസികൾ രംഗത്തുണ്ടാകും. സംശയം വേണ്ട.''- ജലീൽ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ