കോഴിക്കോട്: ആധുനികകാലത്ത് ഭരണകൂടങ്ങളെപ്പോലും തിരുത്തിക്കാൻ കഴിയുന്ന ഫിഫ്ത്ത് എസ്റ്റേറ്റ് ആയി സോഷ്യൽമീഡിയ മാറുന്നത് നാം പലതവണ കണ്ടതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വരുന്ന ശക്തമായ ട്രോളുകൾ സാക്ഷാൽ കൃപാസനം പത്രത്തെപ്പോലും തിരുത്തിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ പറയുമ്പോൾ, അറിയാതെ പ്രെയിസ് ദ ലോർഡ് പറഞ്ഞുപോയതാണെന്നും, അദ്ഭുത രോഗശാന്തികളുടെ അനുഭവ സാക്ഷ്യങ്ങൾ പ്രചരിപ്പിക്കൽ 2018ൽ തന്നെ നിർത്തിയതാണെന്നും പറയുന്ന കൃപാസനം ഡയറക്ടർ ഫാദർ ഡോ വി പി ജോസഫ് വലിയവീട്ടിലിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. വൈദ്യശാസ്ത്രപരമായി ഈ അദ്ഭുത രോഗശാന്തികൾ തെറ്റാണെന്ന് മനസ്സിലുണ്ടെങ്കിലും, അത് അന്നേരം പറയാൻ തോന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു നല്ലകാര്യം സംഭവിച്ചല്ലോ, ഒരു ദൈവാനുഭവം ഉണ്ടായെല്ലോ എന്നൊക്കെ കരുതിയാണ് കൃപാസനത്തിന്റെ ആദ്യകാലത്ത് ഇത്തരം അനുഭവങ്ങൾ പ്രസിദ്ധീകരിച്ചതെന്നും, ഇപ്പോൾ അത് ചെയ്യാറില്ലെന്നും, എല്ലാം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ജോസഫ് അച്ചൻ പറയുന്നത്.

എന്നാൽ ഇത് പച്ചക്കള്ളമാണെന്നും 2018നുശേഷവും കിടപ്പുരോഗികൾ എണീറ്റതും, മുട്ടുവേദനമ ുതൽ, കാൻസർവരെ മാറിയതുമായുള്ള വിവിധ അനുഭവസാക്ഷ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റുകൾ പറയുന്നു. സത്യത്തോട് തരിമ്പെങ്കിലും യോജിപ്പ് ഉണ്ടെങ്കിൽ കൃപാസനം പത്രം അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

'ഇത്ര ഗൗരവുമുള്ള പ്രശ്നമാണെന്ന് അറിഞ്ഞില്ല'

കൃപാസനം ഡയറക്ടർ, ഫാദർ ഡോ വി പി ജോസഫ് വലിയവീട്ടിലിന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ആദ്യകാലങ്ങളിലൊക്കെ ഈ സാക്ഷ്യം ആൾക്കാർ ഇങ്ങനെ പറയുമ്പോൾ..., പത്രത്തിൽ കിടത്തിയപ്പോൾ തളർന്നുപോയ ആൾ എഴുന്നേറ്റു എന്നൊക്കെ പറയുമ്പോൾ, പത്രത്തിൽ കിടത്തി പ്രാർത്ഥിച്ചു, തളർന്ന് കിടന്ന എന്റെ ഭർത്താവ് എഴുനേറ്റ് വന്ന് എന്നൊക്കെ ഈ ചേട്ടത്തിമാർ പറയുമ്പോൾ, നമ്മൾ അറിയാതെ പ്രെയിസ് ദ ലോഡ് എന്ന് പറയും. കാര്യം, നമ്മൾ ഓർക്കുന്നത് എന്താണെന്നുവച്ചാൽ നല്ലകാര്യമൊക്കെ സംഭവിച്ചില്ലേന്ന്. നമ്മൾ കൂടി ഓർക്കുകയാണ് ദൈവശാസ്ത്രപരമായിട്ട്, വൈദ്യശാസ്ത്രപരമായിട്ട് ഇത് ശരിയല്ലല്ലോ എന്ന്, ഇത് എന്നാ കാണിച്ചത് എന്ന് അങ്ങനെ ഒരു ഫീൽ ആ സമയത്ത് കിട്ടത്തില്ല. നമ്മൾ ആള് രക്ഷപ്പെട്ടല്ലോ എന്നോർത്ത് സന്തോഷിച്ച്, ദൈവത്തിന് നന്ദിപറയും. ജനങ്ങൾ ഇത് കേട്ടിട്ട് കൈയടിക്കും. പക്ഷേ ഈ സാധനം അത്, വലിയൊരു ഗ്രീവിയസ് ഒഫൻസായിട്ട്, ഇപ്പോൾ ഈ ദിവസങ്ങളിലൊക്കെ ബന്ധപ്പെട്ട് പ്രചരിക്കുന്നില്ലേ, അതുപോലെ വരുമെന്ന്, ഒരിക്കലും ഓർത്തില്ല. അത് അതിന്റെ ലാഘവത്വത്തോടുകൂടി അവരുടെ ഒരു ദൈവാനുഭവം എന്ന രീതിയിലാണ്, പ്രസിദ്ധീകരിച്ച് പോയത്. പക്ഷേ കുറച്ചു കഴിഞ്ഞ് ഇത് വേറെ രീതിയിൽ പ്രചരിച്ചപ്പോൾ ആണ് ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായത്. അപ്പോൾ തന്നെ ഓൾറെഡി സ്റ്റോപ്പ് ചെയ്തു കഴിഞ്ഞു.

ഒരു കൊല്ലം മുമ്പ് സ്റ്റോപ്പ് ചെയ്തതാണ്. ഒരു കൊല്ലമായിട്ട് കൃപാസനം പത്രത്തിലൊന്നും ഇതുപോലെ ഒരു സംഭവം വരുന്നില്ല. പിതാവ് എന്നെ വിളിച്ച് പറഞ്ഞത് മെയ് 12ാം തീയതിയാണ്, 2018. അതിനുശേഷം ഒരിക്കലും ഇത്, ഒരു സാധനം പോലും പത്രം വഴി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇങ്ങനെ വന്നുപോയതാണ്. ഇങ്ങനെ വന്നപ്പോൾ അവരുടെ ഒരു, ആശ്വാസത്തിന് കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങളും ഒക്കെ, ഈ സാക്ഷ്യം പറയുന്ന പ്രമോട്ടറും കൈയടിച്ചിട്ടുണ്ട്. അതിനകത്ത് വലിയ കളങ്കമില്ലെന്ന് ധരിച്ചതുകൊണ്ട്, തെറ്റിദ്ധാരണയായിപ്പോയി. പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്നത്. പണ്ടൊക്കെ അങ്ങനെ, വന്നിട്ടുള്ളത്. ഞങ്ങൾ അതൊക്കെ ഫേസ്‌ബുക്കിൽനിന്ന് വരെ എല്ലാം മാറ്റിക്കൊണ്ടിരിക്കയാണ്. ഞാൻ ഫേസ്‌ബുക്ക് കൈകാര്യം ചെയ്യുന്നവരോാട് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള തെറ്റിദ്ധാരണയുള്ള എല്ലാം എടുത്ത് മാറ്റിക്കോ, എന്ന്. നിങ്ങൾ ഇത് മനസ്സിലാക്കണം. ''

എന്തുകൊണ്ട് അടച്ചുപൂട്ടുന്നില്ല?

സ്വതന്ത്രചിന്തകനും പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ടോമി സെബാസ്റ്റ്യൻ, ഫേസ്‌ബുക്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഇങ്ങനെ എഴുതുന്നു. 'ഉടമ്പടി തൈലം എന്ന പേരിൽ വിശ്വാസികളെ പറ്റിച്ച് ടൺ കണക്കിന് വെളിച്ചെണ്ണ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കുകയും, ഉടമ്പടി പുതുക്കാൻ എന്നു പറഞ്ഞ് പച്ചയും നീലയും ചുവപ്പും നിറമുള്ള മെഴുകുതിരികൾ വിറ്റ് പൈസ ഉണ്ടാക്കുകയും, പത്രത്തിന്റെ അത്ഭുതശക്തി എന്ന പേരിൽ വിശ്വാസികളെ പറ്റിക്കുകയും ചെയ്തിട്ട് ഇപ്പോൾ പറയുകയാണ് ഞാൻ ചെയ്തത് ഗുരുതരമായ കുറ്റകൃത്യം ആണെന്ന് അറിയില്ലായിരുന്നു എന്ന്. സത്യസന്ധമായിട്ടാണ് പറയുന്നതെങ്കിൽ ഈ തട്ടിപ്പ് പ്രസ്ഥാനം തന്നെ അടച്ചു പൂട്ടാൻ താങ്കൾ മുൻകൈയെടുക്കണം.'- ടോമി ചൂണ്ടിക്കാട്ടുന്നു.

കൃപാസനം അച്ചൻ അദ്ഭുത രോഗശാന്തി വിലക്കുന്നുണ്ടെങ്കിൽ പിന്നെ ആരാണ് അത് പ്രചരിപ്പിക്കുന്നത് എന്നാണ് ചോദ്യം. രണ്ടുവർഷം മുമ്പ് ചേർത്തല തൃച്ചാറ്റുകുളം സ്വദേശിയായ യുവതിയെ കൃപാസനം പത്രം അരച്ചുചേർത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കൃപാസനം പത്രം വാർത്തകളിൽ നിറഞ്ഞത്. ദീർഘകാലമായി വിവാഹം നടക്കാതിരുന്ന യുവതിക്ക് വിവാഹം നടക്കുന്നതിനായി അമ്മ ദോശമാവിലും ചമ്മന്തിയിലും കൃപാസനം പത്രം അരച്ച് ചേർക്കുകയായിരുന്നു. കൃപാസനം ഡയറക്ടറായ ഫാ. ജോസഫിനെ നേരിൽ കണ്ട് കാര്യം അറിയിച്ചപ്പോൾ 2000 രൂപയ്ക്ക് വാങ്ങിയ കൃപാസനം പത്രം അച്ചൻ പ്രാർത്ഥിച്ച് നൽകുകയായിരുന്നു എന്നും അത് പ്രേക്ഷിത പ്രവർത്തനത്തിന് ഉപയോഗിക്കാതെ മകളുടെ ഗുണത്തിനായി അരച്ച് നൽകുകയായിരുന്നു എന്നും യുവതിയുടെ അമ്മ പിന്നീട് വെളിപ്പെടുത്തി. ശരീരത്തിൽ തടിപ്പും മനംപുരട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ശാരീരികാവസ്ഥ കൂടുതൽ മോശമായതോടെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനകളിൽ യുവതിക്ക് ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞു.

ദിവസങ്ങളായി ഭക്ഷണത്തിൽ സ്വാദ് വ്യത്യാസം തിരിച്ചറിഞ്ഞിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നതിനാലാണ് ഇതെന്നാണ് അമ്മ യുവതിയെ വിശ്വസിപ്പിച്ചത്. ഈ സംഭവം പുറത്തായതോടെ കൃപാസനം പത്രത്തിനെതിരെയും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കൃപാസനത്തിനെതിരെയും ജനരോഷമുയർന്നു. സോഷ്യൽ മീഡിയയിൽ കൃപാസനവും പത്രവും വലിയ തോതിൽ ചർച്ചയായി.

സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടുന്നതിനായി കൃപാസനം പത്രം വിതരണം നടത്തിയതും ഇതിനിടയിലായിരുന്നു. കിടക്കുമ്പോൾ തലയ്ക്ക് കീഴെ വച്ച് കിടക്കാനും ബാഗിൽ സൂക്ഷിക്കാനുമായിരുന്നു അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശം. ഈ സംഭവങ്ങൾ ചർച്ചയായതോടെ കൃപാസനം അധികൃതർ വെട്ടിലായി. ഇതിനിടെ ഡയറക്ടർ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടിൽ പനി ബാധിച്ച് ആശുപത്രിയിലായി. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും രോഗശാന്തി ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്ന ഫാ. ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി. കൃപാസനത്തിൽ നടക്കുന്നത് ആത്മീയ തട്ടിപ്പാണെന്ന വാദങ്ങൾ ഉയർത്തി അവർ ഇതിനെതിരെ പ്രതികരിച്ചു. ഇടക്കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ കൃപാസനത്തിലേക്ക് മാർച്ചും നടത്തിയിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞതോടെ പൂർവാധികം ശക്തിയായി കൃപാസനം തിരിച്ചെത്തിയിരിക്കയാണ്.

ട്രോളിക്കൊന്ന് സോഷ്യൽമീഡിയ

കോവിഡ് കഴിഞ്ഞതോടെ കൃപാസനം പത്രത്തിന്റ അനുഭവസാക്ഷ്യങ്ങൾ വീണ്ടു സജീവമാണ്. പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ കൃപാസനം പത്രം മുറിച്ചിട്ട്, ആകെ ക്ലീൻ ചെയ്യേണ്ടി വന്ന ഒരാളുടെ ഓഡിയോ നേരത്തെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. താൻ രാവിലെ കൃപാസനം പത്രം ശരീരത്തിൽ ചുരുട്ടി വച്ചാണ് ജോലിക്ക് ബൈക്കിൽ പോകാറുള്ളതെന്നും അപ്പോൾ, തണുപ്പ് അറിയാറില്ലെന്നും പറയുന്ന ഇയാൾ, പെട്രോൾ തീർന്നപ്പോൾ കൃപാസനം പരീക്ഷിച്ചതോടെയാണ് വെട്ടിലായത്. അതുപോലെ തന്നെ ഒന്നും പഠിക്കാതെ കെ ടെറ്റ് പരീക്ഷ എഴുതി കൃപാസനത്തിന്റെയും കാശിമാലയുടെയും സഹായത്തോടെ, വൻ മാർക്കുവാങ്ങി ടീച്ചർ ആയി പോസ്റ്റ് കിട്ടിയ ഒരു ഹിന്ദി അദ്ധ്യാപികയുടെ അനുഭവവും വൈറൽ ആയിരുന്നു. അതുപോലെ പാസ്പോർട്ട് കൃപാസനം പത്രത്തിൽ പൊതിഞ്ഞപ്പോൾ ക്യാൻസലായ വിസ തിരിച്ച് കിട്ടയത് അടക്കമുള്ള എത്രയോ അനുഭവങ്ങൾ വേറെയും.

ഇതിനെതിരെ ശക്തമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 'പല്ലിയെ പത്രത്തിൽ പൊതിഞ്ഞ് എറിഞ്ഞപ്പോൾ രാവിലെ മുറ്റത്ത് കണ്ടത് ദിനോസറിനെ എന്നും', 'കൃപാസനം പത്രം കക്ഷത്തിൽ വെച്ച് കുന്നുമൽ ശാന്തയെ കാണാൻ പോയപ്പോൾ വാതിൽ തുറന്നന്നത് ഐശര്യ റായ്, തുടങ്ങിയ സാധനങ്ങൾ ഇറക്കിയാണ് ട്രോളന്മാർ ഇതിനെ പരിഹസിക്കുന്നത്. മറ്റൊരു ട്രോൾ ഇങ്ങനെയാണ്. അറിയിപ്പ്,....പലരും കൃപാസനം ഓൺലൈൻ , പിഡിഎഫ് കോപ്പികൾ ഉപയോഗിക്കുന്നത് ആയി അറിയുവാൻ കഴിഞ്ഞു. ശരിയായ ഫലപ്രാപ്തിക്ക് യഥാർത്ഥ പത്രം നേരിട്ട് വരുത്തി ഉപയോഗിക്കുക !'.

ബൈക്കിൽ ഒഴിക്കാൻ പെട്രോൾ കന്നാസിൽ വാങ്ങി കൃപാസനം പത്രത്തിൽ പൊതിഞ്ഞുവെച്ചു, രാവിലെ നോക്കിയപ്പോൾ മുറ്റത്ത് ഒരു പെടോൾ പമ്പ്', 'ബിവറേജിൽനിന്ന് കിട്ടിയ ജവാന്റെ ഫുള്ള് ജോണിവാക്കറാക്കിയ കൃപാസനം'....എന്നിങ്ങനെ പോകുന്ന പരിഹാസങ്ങൾ. ഫുൾ തന്തൂരി ചിക്കൻ കൃപാസനം പത്രത്തിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്ന് തുറന്നപ്പോൾ ജീവനുള്ള കോഴി പറന്നു പോയി എന്നും, ഗർഭമുണ്ടാകാനുള്ള തൈലം കന്യകമാർ വയറുവേദനക്കെടുത്ത് അബദ്ധത്തിൽ വയറിൽ പുരട്ടരുതെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു. ഇതോടെയാണ്, ഞാൻ ഒന്നുമറിഞ്ഞില്ല എന്ന രീതിയിൽ കൃപാസനം ജോസഫിന്റെ വീഡിയോ വൈറൽ ആകുന്നത്.