ആലപ്പുഴ: കോവിഡ് കാലത്ത് മാളത്തിൽ ഒളിച്ച പല അദ്ഭുത രോഗശാന്തി ശുശ്രുഷകരും, അത് കഴിഞ്ഞശേഷം വീണ്ടും തലപൊക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതോടൊപ്പം വീണ്ടും വാർത്തകളിൽ നിറയുകയാണ് നമ്മുടെ കൃപാസനം പത്രവും. കോവിഡ് കാലത്ത് പൂർണ്ണമായും നിന്നുപോയതായിരുന്നു, കൃപാസനം പത്രത്തിന്റ അനുഭവസാക്ഷ്യങ്ങൾ. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതോടൊപ്പം ഉഗ്രൻ ട്രോളുകളും.

പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ കൃപാസനം പത്രം മുറിച്ചിട്ട്, ആകെ ക്ലീൻ ചെയ്യേണ്ടി വന്ന ഒരാളുടെ ഓഡിയോ നേരത്തെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. താൻ രാവിലെ കൃപാസനം പത്രം ശരീരത്തിൽ ചുരുട്ടി വച്ചാണ് ജോലിക്ക് ബൈക്കിൽ പോകാറുള്ളതെന്നും അപ്പോൾ, തണുപ്പ് അറിയാറില്ലെന്നും പറയുന്ന ഇയാൾ, പെട്രോൾ തീർന്നപ്പോൾ കൃപാസനം പരീക്ഷിച്ചതോടെയാണ് വെട്ടിലായത്. അതുപോലെ തന്നെ ഒന്നും പഠിക്കാതെ കെ ടെറ്റ് പരീക്ഷ എഴുതി കൃപാസനത്തിന്റെയും കാശിമാലയുടെയും സഹായത്തോടെ, വൻ മാർക്കുവാങ്ങി ടീച്ചർ ആയി പോസ്റ്റ് കിട്ടിയ ഒരു ഹിന്ദി അദ്ധ്യാപികയുടെ അനുഭവവും വൈറൽ ആയിരുന്നു. അതുപോലെ പാസ്പോർട്ട് കൃപാസനം പത്രത്തിൽ പൊതിഞ്ഞപ്പോൾ ക്യാൻസലായ വിസ തിരിച്ച് കിട്ടയത് അടക്കമുള്ള എത്രയോ അനുഭവങ്ങൾ വേറെയും.

ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ഇതിനെതിരെ ശക്തമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 'പല്ലിയെ പത്രത്തിൽ പൊതിഞ്ഞ് എറിഞ്ഞപ്പോൾ രാവിലെ മുറ്റത്ത് കണ്ടത് ദിനോസറിനെ എന്നും', ' കൃപാസനം പത്രം കക്ഷത്തിൽ വെച്ച് കുന്നുമൽ ശാന്തയെ കാണാൻ പോയപ്പോൾ വാതിൽ തുറന്നന്നത് ഐശര്യ റായ്, തുടങ്ങിയ സാധനങ്ങൾ ഇറക്കിയാണ് ട്രോളന്മാർ ഇതിനെ പരിഹസിക്കുന്നത്. മറ്റൊരു ട്രോൾ ഇങ്ങനെയാണ്. അറിയിപ്പ്,....പലരും കൃപാസനം ഓൺലൈൻ , പിഡിഎഫ് കോപ്പികൾ ഉപയോഗിക്കുന്നത് ആയി അറിയുവാൻ കഴിഞ്ഞു. ശരിയായ ഫലപ്രാപ്തിക്ക് യഥാർത്ഥ പത്രം നേരിട്ട് വരുത്തി ഉപയോഗിക്കുക !'. ബൈക്കിൽ ഒഴിക്കാൻ പെട്രോൾ കന്നാസിൽ വാങ്ങി കൃപാസനം പത്രത്തിൽ പൊതിഞ്ഞുവെച്ചു, രാവിലെ നോക്കിയപ്പോൾ മുറ്റത്ത് ഒരു പെടോൾ പമ്പ്', 'ബിവറേജിൽനിന്ന് കിട്ടിയ ജവാന്റെ ഫുള്ള് ജോണിവാക്കറാക്കിയ കൃപാസനം'....എന്നിങ്ങനെ പോകുന്ന പരിഹാസങ്ങൾ. ഫുൾ തന്തൂരി ചിക്കൻ കൃപാസനം പത്രത്തിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്ന് തുറന്നപ്പോൾ ജീവനുള്ള കോഴി പറന്നു പോയി എന്നും, ഗർഭമുണ്ടാകാനുള്ള തൈലം കന്യകമാർ വയറുവേദനക്കെടുത്ത് അബദ്ധത്തിൽ വയറിൽ പുരട്ടരുതെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

പക്ഷേ ഈ പരിഹാസങ്ങൾക്ക് ഒന്നും യാതൊരു പ്രശ്നവും ഇല്ലെന്ന രീതിയിൽ, കാൻസർ മുതൽ കുഷ്ഠം വരെ മാറ്റിയതും, കോഴിക്കാൽ മുതൽ കുഞ്ഞിക്കാൽവരെ കിട്ടിയതതുമായ കൃപാസനത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ തുടരുകയാണ്.

അച്ചന് അസുഖം വന്നാൽ ആശുപത്രി

രണ്ടുവർഷം മുമ്പ് ചേർത്തല തൃച്ചാറ്റുകുളം സ്വദേശിയായ യുവതിയെ കൃപാസനം പത്രം അരച്ചുചേർത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കൃപാസനം പത്രം വാർത്തകളിൽ നിറഞ്ഞത്. ദീർഘകാലമായി വിവാഹം നടക്കാതിരുന്ന യുവതിക്ക് വിവാഹം നടക്കുന്നതിനായി അമ്മ ദോശമാവിലും ചമ്മന്തിയിലും കൃപാസനം പത്രം അരച്ച് ചേർക്കുകയായിരുന്നു. കൃപാസനം ഡയറക്ടറായ ഫാ. ജോസഫിനെ നേരിൽ കണ്ട് കാര്യം അറിയിച്ചപ്പോൾ 2000 രൂപയ്ക്ക് വാങ്ങിയ കൃപാസനം പത്രം അച്ചൻ പ്രാർത്ഥിച്ച് നൽകുകയായിരുന്നു എന്നും അത് പ്രേക്ഷിത പ്രവർത്തനത്തിന് ഉപയോഗിക്കാതെ മകളുടെ ഗുണത്തിനായി അരച്ച് നൽകുകയായിരുന്നു എന്നും യുവതിയുടെ അമ്മ പിന്നീട് വെളിപ്പെടുത്തി. ശരീരത്തിൽ തടിപ്പും മനംപുരട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ശാരീരികാവസ്ഥ കൂടുതൽ മോശമായതോടെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനകളിൽ യുവതിക്ക് ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞു.

ദിവസങ്ങളായി ഭക്ഷണത്തിൽ സ്വാദ് വ്യത്യാസം തിരിച്ചറിഞ്ഞിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നതിനാലാണ് ഇതെന്നാണ് അമ്മ യുവതിയെ വിശ്വസിപ്പിച്ചത്. ഈ സംഭവം പുറത്തായതോടെ കൃപാസനം പത്രത്തിനെതിരെയും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കൃപാസനത്തിനെതിരെയും ജനരോഷമുയർന്നു. സോഷ്യൽ മീഡിയയിൽ കൃപാസനവും പത്രവും വലിയ തോതിൽ ചർച്ചയായി.

സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടുന്നതിനായി കൃപാസനം പത്രം വിതരണം നടത്തിയതും ഇതിനിടയിലായിരുന്നു. കിടക്കുമ്പോൾ തലയ്ക്ക് കീഴെ വച്ച് കിടക്കാനും ബാഗിൽ സൂക്ഷിക്കാനുമായിരുന്നു അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശം. ഈ സംഭവങ്ങൾ ചർച്ചയായതോടെ കൃപാസനം അധികൃതർ വെട്ടിലായി. 'പത്രിക വായനയ്ക്കും പ്രേക്ഷിത പ്രവർത്തനത്തിനും മാത്രമുള്ളതാണ്. അന്ധവിശ്വാസം പരത്തുവാനോ മതപരിവർത്തനം ചെയ്യുവാനോ ഭക്ഷിക്കാനോ രോഗചികിത്സക്കോ, ഔഷധമായി ഉപയോഗിക്കാനോ കൃപാസനം ഉദ്ദേശിച്ചിട്ടുമില്ല, നിർദ്ദേശിച്ചിട്ടുമില്ല. അപ്രകാരം ആരെങ്കിലും പ്രവർത്തിച്ചാൽ കൃപാസനം അതിന് ഉത്തരവാദിയല്ല' എന്ന വിശദീകരണം കൃപാസനം ഡയറക്ടർ നൽകുകയും കൃപാസനം പത്രത്തിൽ അത് പ്രത്യേക അറിയിപ്പായി നൽകുകയും ചെയ്തു.

ഇതിനിടെ ഡയറക്ടർ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടിൽ പനി ബാധിച്ച് ആശുപത്രിയിലായി. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും രോഗശാന്തി ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്ന ഫാ. ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി. കൃപാസനത്തിൽ നടക്കുന്നത് ആത്മീയ തട്ടിപ്പാണെന്ന വാദങ്ങൾ ഉയർത്തി അവർ ഇതിനെതിരെ പ്രതികരിച്ചു. ഇടക്കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ കൃപാസനത്തിലേക്ക് മാർച്ചും നടത്തിയിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞതോടെ പൂർവാധികം ശക്തിയായി കൃപാസനം തിരിച്ചെത്തിയിരിക്കയാണ്.

വളർന്നത് സർക്കാർ ചെലവിൽ

ആലപ്പുഴ ജില്ലയുടെ തീരപ്രദേശം കേന്ദ്രീകരിച്ച് കലവൂരിൽ നടക്കുന്ന വലിയൊരു ആത്മീയ തട്ടിപ്പ് ആണ് കൃപാസനം ധ്യാനകേന്ദ്രം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ വിശ്വാസികളുടെ നിവൃത്തി കേട് ചൂഷണം ചെയ്തായിരുന്നു തുടക്കം. അടുത്ത കാലത്താണ് ഇവിടെ പത്രചികിത്സ തുടങ്ങിയത്. പതിനെട്ടു വർഷം മുൻപ് ചേർത്തല അർത്തുങ്കൽ തൈക്കൽ ഇടവകയിൽ ഇടവക വികാരിയായിരിക്കുമ്പോൾ ആലപ്പുഴ കാട്ടൂർ സ്വാദേശിയായ വി.പി ജോസഫ്് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനം എന്ന തട്ടിപ്പ് സാമ്രാജ്യമായി വളർന്നിരിക്കുന്നത്. നാഷണൽ ഹൈവേ സൈഡിലുള്ള ഈ തട്ടിപ്പു കേന്ദ്രത്തിലേ വാഹന ബാഹുല്യം ഹൈവേയിൽ ട്രാഫിക് പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

1989ൽ തീരദേശപാരമ്പര്യ പൈതൃക കലയുടെ പ്രോത്സാഹനത്തിനു വേണ്ടി ആരംഭിച്ച സാംസ്‌കാരിക മിഷൻ ആണ് ഇന്ന് മരിയൻ ധ്യാനകേന്ദ്രമായി മാറിയത്. തീരദേശ, പാരമ്പര്യ കലകളെ കുറച്ച് അസാമാന്യമായ അറിവും, ഗവേഷണവും നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു പിന്നീട് കൃപാസനം ഡയറക്ടർ ആയിമാറിയ ഫാദർ വി.പി ജോസഫ്. അതിന്റെ പരിപോഷണത്തിന് എന്ന പേരിൽ അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് ഒരു മിഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഇതേ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ചവിട്ടുനാടക വിജ്ഞാനകോശം എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കേരള സാംസ്‌കാരിക വകുപ്പാണ്. ഇന്നും മുറയ്ക്ക് സാംസ്‌കാരിക വകുപ്പുകളുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

2004 മുതലാണ് വി.പി ജോസഫ് ഇതൊരു ആത്മീയ കച്ചവടകേന്ദ്രമാക്കുന്നത്. ആലപ്പുഴയിൽ മാരാരിക്കുളം അർത്തുങ്കൽ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ കടുത്ത വറുതിയിൽ കഷ്ടപ്പെടുമ്പോൾ വള്ളവും, തുഴയും വെഞ്ചരിക്കുകയും, ഭർത്താവ് കടലിൽ പോകുമ്പോൾ നിറയെ മീൻ കിട്ടാൻ അനുഗ്രഹം തേടി വരുന്ന വീട്ടമ്മമാരെ അനുഗ്രഹിക്കുകയും ഒക്കെയായി അത്യാവശ്യം ചെറുകിട പ്രാർത്ഥനാ പരിഹാരങ്ങളായിരുന്നു ഫാദർ വി.പി ജോസഫ് ആദ്യം ചെയ്തു വന്നത്. അനുഗ്രഹത്തിനും, കാര്യസാധ്യത്തിനും പ്രതിഫലമായി സ്വർണം കൊണ്ടും, വെള്ളി കൊണ്ടും നിർമ്മിച്ച മത്സ്യ രൂപങ്ങളും, കാണിക്കയും ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം അൽപ്പം കൂടെ കച്ചവട സാധ്യതയുള്ള രോഗശാന്തി ശുശ്രൂഷയിലേക്ക് കടക്കുകയാണ് ഉണ്ടായത്.

സൂനാമിത്തിരയിൽ വളർന്നു

കൃപാസന കേന്ദ്രത്തിന്റെ വളർച്ച സത്യത്തിൽ സുനാമിയുമായി ബന്ധപ്പെട്ടതാണ്. 2004 ഡിസബർ 7 ന്, കൃപാസനത്തിലെ അൾത്താരയിൽ ആരാധന നടത്തുന്നതിനായി ദിവ്യകാരുണ്യ സാന്നിധ്യം മഹാസ്തുതിപ്പോടെ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചപ്പോൾ 'സാക്ഷാൽ'' അമ്മ മറിയത്തെ കണ്ടതായി കൃപാസനത്തിലെ മേധാവി ഫാ: വി.പി ജോസഫ് സാക്ഷ്യപ്പെടുത്തുന്നതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. സിൽവർ ഗ്രേ ആയിരുന്നു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം. കയ്യിലായി ഒരു ക്ലോക്ക് പിടിച്ചിരുന്നത്രേ ! ഈ അത്ഭുത ദൃശ്യത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഇരുപതാം പൗരോഹിത്യ വാർഷികമായ ഡിസംബർ 23 ന് വെഞ്ചരിച്ച മെഴുകുതിരികൾ വിശ്വാസികൾക്ക് നൽകി. 25 ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശത്ത് മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന നടത്തിയതായും പിറ്റേ ദിവസം ക്ലോക്കിൽ കാണിച്ച സമയത്തുണ്ടായ സുനാമിയിൽ നിന്ന് പുന്നപ്ര മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ അമ്മ മറിയം കാത്തുരക്ഷിച്ചു എന്നും ഫാദർ അവകാശപ്പെടുന്നു. പക്ഷേ, അതിന് തെക്കോട്ട് സുനാമി കടലെടുക്കുകയും നൂറ് കണക്കിന് പേർ മരിക്കുകയും ചെയ്തു. അതൊന്നും ആരും കണക്കിലെടുത്തില്ല. സുനാമിയിൽനിന്ന് കൃപാസനം ഈ നാടിനെ കാത്തു എന്നായി പ്രചാരണം. അതല്ലെന്ന് പറഞ്ഞുകൊടുക്കാൻ ആരും തയ്യാറായതുമില്ല.

വിശ്വാസം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിനായിട്ട് ഇവർ കൃത്യമായി ബൈബിൾ മിത്തുകളുടെ കൂട്ട് പിടിക്കുകയും ചെയ്തു. കഥ പ്രചരിക്കുന്നതനുസരിച്ച് വിശ്വാസികളുടെ എണ്ണം പെരുകാൻ തുടങ്ങി. പരസ്യത്തിലൂടെയും, വിവര സാങ്കേതിക വിദ്യയിലൂടെയും അറിഞ്ഞവരും കേട്ടവരും കലവൂരിലേക്ക് ഒഴുകി. കൃപാസനത്തിൽ ചെല്ലുന്ന ഒരാൾക്ക് അത്ര പെട്ടന്ന് ഉടമ്പടി വയ്ക്കാനോ, ജോസഫ് അച്ഛനെ കാണാനോ കഴിയില്ല. ആദ്യം ഓരോരുത്തർക്കും നൽകുന്ന ടാർജറ്റ് അനുസരിച്ച് കൃപാസനം പത്രം വാങ്ങി പ്രചരിപ്പിക്കണം. അഞ്ച് രൂപയാണ് പത്രത്തിന്റെ വില. കുറഞ്ഞത് ആയിരം പത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച്, കുറച്ച് പേരെ കൃപാസനത്തിൽ എത്തിച്ച്, പത്രം വാങ്ങിയതിന്റെ രസീത് സഹിതം വേണം ഉടമ്പടിക്ക് അപേക്ഷിക്കാൻ. കൃപാസനത്തിൽ അലോപ്പതി ഡോക്ടർമാരെയും, മനഃശാസ്ത്ര ഡോക്ടർമാരേയും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. അവരുടെ നിർദ്ദേശപ്രകാരം പരിശോധനയും, മരുന്നും നൽകുന്നുമുണ്ട്. അന്ധവിശ്വാസവും, ഒപ്പം അനധികൃത അലോപ്പതി ചികിൽസയും അടക്കം നടത്തുന്ന ഒന്നാം തരം തട്ടിപ്പാണ് കൃപാസനമെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഇവർക്കെതിരെ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.