- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
220 കെവി ലൈനിനു കീഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിക്കൽ; ഒരു വാഴയില വെട്ടിയാൽ തീരുന്ന പ്രശ്നം പരിഹരിക്കാൻ വെട്ടിത്തള്ളിയത് 406 ഏത്തവാഴ; ഇത് കെ എസ് ഇ ബിയുടെ അഹങ്കാരം; വൈദ്യുതി മന്ത്രി നടപടി എടുക്കുമോ?
കോതമംഗലം : കേരളത്തിലെ വൈദ്യുതി മന്ത്രി കൃഷിക്കാരൻ കൂടിയാണ്. കർഷകനായ മന്ത്രി കെ കൃഷ്ണൻകുട്ടി. എന്നാൽ കേരളത്തിൽ ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ചത് പൊറുക്കാൻ കഴിയാത്ത തെറ്റും. വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ നൂറുകണക്കിന് കുലവാഴകൾ വെട്ടിനിരത്തി കെ.എസ്.ഇ.ബി വിവാദത്തിൽ പെടുകയാണ്. വാരപ്പെട്ടിയിൽ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
കർഷകന്റെ വാഴകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീർത്തും ക്രൂരതയാണ്. ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെ.എസ്.ഇ.ബി. ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല - മന്ത്രി പറഞ്ഞു. കണ്ണിൽ ചോരയില്ലാ പ്രവർത്തിയാണ് കെ എസ് ഇ ബിക്കാർ ചെയ്തത്.
വാരപ്പെട്ടിയിൽ വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ ട്രാൻസ്മിഷൻ ഡയറക്ടറെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രതികരിക്കുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വേണ്ട നടപടികളെടുക്കും- മന്ത്രി പറഞ്ഞു. പക്ഷേ നഷ്ടം ആരു നികത്തുമെന്നതാണ് ഉയരുന്ന ചോദ്യം. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ എത്തി വാഴ വെട്ടിയതെന്ന് പറയുന്നു. ലൈനിൽ തട്ടിയ ഇലമാത്രം വെട്ടിയാൽ തീരുന്ന പ്രശ്നമായിരുനനു ഇത്. എന്നാൽ കെ എസ് ഇ ബിക്കാർക്ക് കർഷക വേദന അറിയാതെ പോയി. ഇതോടെ അതൊരു വാഴകശാപ്പുമായി.
ഈ ഭാഗത്ത് ടവർ ലൈൻ താഴ്ന്നാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. രണ്ട് ടവറുകൾക്കിടയിൽ അകലം കൂടുതലായതു മൂലം ലൈനുകളിൽ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയിൽ മുട്ടാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തങ്ങളെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വാഴകൾ വെട്ടി നശിപ്പിച്ചതെന്ന് അനീഷ് പറഞ്ഞു. ലൈനിൽ മുട്ടാൻ സാധ്യതയുള്ള വാഴക്കൈ വെട്ടിനീക്കിയാൽ തീരാവുന്ന പ്രശ്നത്തിന് പകരം വാഴ വെട്ടിവീഴ്ത്തി. ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയതു കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കർഷകൻ കണ്ണീരോടെ പറഞ്ഞു.
അതിനിടെ അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കർഷകനെ ദ്രോഹിക്കാൻ ചെയ്തതല്ലെന്നും മൂലമറ്റം കെ.എസ്.ഇ.ബി. ലൈൻ മെയിന്റൻസ് വിഭാഗം അധികൃതർ പറഞ്ഞു. ഈ തോട്ടത്തിൽ കഴിഞ്ഞ ദിവസവും രണ്ട് മാസം മുൻപും വാഴയില മുട്ടി ലൈനിൽ ഫാൾട്ട് സംഭവിച്ചിരുന്നു. രണ്ട് വാഴയ്ക്ക് തീപിടിച്ച് കത്തിയിരുന്ന വിവരം പരിസരവാസികൾ അറിയിച്ചിരുന്നു. വാഴയിലയ്ക്ക് സാമാന്യത്തിലധികം ഉയരം ഉള്ളതുകൊണ്ട് കാറ്റുള്ളപ്പോൾ അപകടഭീഷണി സാധ്യത മുന്നിൽകണ്ടാണ് വാഴ വെട്ടിയത്- അധികൃതർ ന്യായം പറയുന്നു.
ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിനു കീഴിലായിരുന്നു കൃഷി. 220 കെവി ലൈനിനു കീഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവർ ലൈനിനു കീഴിൽ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാൻ പോലും അനുമതി നൽകുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങൾ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകൻ അനീഷും ചേർന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
മൂലമറ്റത്തു നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ (എൽഎംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ