- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.15 കോടി ഉപഭോക്താക്കളിൽ 70 ശതമാനവും നിലവിൽ ബിൽ അടയ്ക്കുന്നത് ഓൺലൈനായി; മീറ്റർ റീഡർ സ്വൈപ്പിങ് മിഷീനുമായി എത്തുന്നത് ഗൂഗിൾ പേ വ്യാപകമായതിനാൽ; മാർച്ച് മുതൽ വൈദ്യുത ബിൽ തുക വീട്ടിൽ നേരിട്ടെത്തി വാങ്ങും; കെ എസ് ഇ ബിയിൽ കാഷ് കൗണ്ടർ കുറയും
തിരുവനന്തപുരം: വമ്പൻ പരിഷ്‌കാരത്തിന് വൈദ്യുതി ബോർഡ്. വീട്ടിൽ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റർ റീഡർമാർ വൈദ്യുതി ബില്ലും സ്വീകരിക്കുന്ന തരത്തിലെ മാറ്റത്തിനാണ് ശ്രമം.. മീറ്റർ റീഡർമാരുടെ കൈവശമുണ്ടാകുന്ന സ്‌പോട്ടിങ് ബിൽ മെഷീൻ വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ പേയ്‌മെന്റ് ഉപയോഗിച്ച് പണമടക്കാം.
ഇതോടെ ചെലവ് ചുരുക്കി വരുമാനം കൂട്ടുന്ന മാതൃകയിലേക്ക് കാര്യങ്ങളെത്തും. ഭാവിയിൽ പണം സ്വീകരിക്കുന്നതിനുള്ള കൗണ്ടർ പോലും ഇല്ലാതാക്കുന്ന തരത്തിലേക്ക് ഈ പരിഷ്‌കാരം എത്തും. പുതിയ സംവിധാനം വരുന്നതോടെ കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. കാഷ്യർമാരെ മറ്റ് തസ്തികകളിലേക്ക് പുനർവിന്യസിക്കാനും ആലോചിക്കുന്നു. ഭാവിയിൽ കാഷ് കൗണ്ടറുകളിലേക്ക് നിയമനവും നടത്തില്ല. എന്നാൽ മീറ്റർ റീഡർമാരെ എടുക്കുകയും ചെയ്യും.
ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്‌പോട്ട് ബില്ലിങ് മെഷീനിൽ ഒരുക്കിയ സ്വൈപിങ് കാർഡ് സംവിധാനം വഴിയാകും പണം സ്വീകരിക്കുക. കെ.എസ്.ഇ.ബി ഓഫിസിലും കാർഡ് ഉപയോഗിച്ച് പണമടക്കാനാകും. ഇതിനൊപ്പം ഗൂഗിൾ പേ അടക്കം ഉപയോഗിച്ചും പണം ഈടാക്കാം. ഈ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിൽ എത്തും. കാനറ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 5286 മെഷീനുകൾ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിലെത്തും. ഇതിന്റെ ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറ ബാങ്കും ഒപ്പിട്ടു.
90 രൂപ മാസവാടകയിലാണ് കാനറ ബാങ്ക് മെഷീൻ നൽകുന്നത്. ബിൽതുക പിറ്റേന്ന് രാവിലെ 10.30ന് കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് കൈമാറും. മെഷീന്റെ നെറ്റ്‌വർക്ക് പരിപാലനവും ഇന്റർനെറ്റ് ഒരുക്കുന്നതും കാനറ ബാങ്കാണ്. 2023 മാർച്ചിൽ തുടങ്ങിയ നടപടിക്രമങ്ങളാണ് പൂർത്തിയായത്. 60 ദിവസത്തിനുള്ളിൽ സംവിധാനമൊരുക്കാനാണ് കെ.എസ്.ഇ.ബി, കാനറ ബാങ്കിന് കരാറിലൂടെ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ വീട്ടിലെത്തി പണം സ്വീകരിക്കുന്ന സംവിധാനത്തിലേക്ക് കെ എസ് ഇ ബിയും മാറും.
വൈദ്യുതി ബിൽ മാർച്ച് മുതൽ വീട്ടിൽ വന്ന് വാങ്ങുന്ന സംവിധാനമാകും നിലവിൽ വരിക. മീറ്റർ റീഡർ കാർഡ് സ്വൈപ്പിങ് മെഷീനുമായെത്തുമ്പോൾ ബില്ലടച്ച രസീതും കൈയോടെ നൽകും. മൊബൈൽ ഫോണിൽ മെസേജും വരും.സംസ്ഥാനത്ത് 1.15 കോടി വൈദ്യുതി ഉപഭോക്താക്കളുണ്ട്. ഇതിൽ 70 ശതമാനവും ഓൺലൈനായി പണമടയ്ക്കുന്നുണ്ട്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ പേമെന്റും. ഇതൊന്നും ഉപയോഗിക്കാത്തവരെ കെ.എസ്.ഇ.ബി ഓഫീസിൽ വരുത്താതെ, മുഴുവനും ഓൺലൈനാക്കുകയാണ് ലക്ഷ്യം.
മെഷീൻ കേടായാൽ മൂന്ന് ദിവസത്തിനുള്ളിൽ ബാങ്ക് തന്നെ നന്നാക്കി നൽകുന്ന തരത്തിലാണ് കരാർ.പുതിയ സംവിധാനം വരുന്നതോടെ കാഷ് കൗണ്ടറുകളുടെ എണ്ണം കുറയുമെന്നതിനൊപ്പം പണം സ്വീകരിക്കലും കാര്യക്ഷ്മമാകും.
മറുനാടന് മലയാളി ബ്യൂറോ