തിരുവനന്തപുരം: സംസ്ഥാനത്തെ പവർക്കട്ട് എന്നോ ലോഡ് ഷെഡ്ഡിങ് എന്നോയുള്ള വാക്ക് ഉപയോഗിക്കാതെയാണ് കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇടതുസർക്കാറിന്റെ കാലത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന വാക്കു പാലിക്കാൻ വേണ്ടിയാണ് ഈ അനാവശ്യ ശാഠ്യം. എന്നാൽ, ലോഡ്‌ഷെഡ്ഡിംഗിനെയും കടത്തിവെട്ടുന്ന നിയന്ത്രണങ്ങളാണ് കെഎസ്ഇബി ഇപ്പോൾ നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഫലത്തിൽ ലോഡ് ഷെഡ്ഡിംഗിനെയും വെല്ലുന്നതാണ്. പ്രാദേശിക വൈദ്യുതി നിയന്ത്രണം വൈകുന്നേരം 7 മുതൽ പുലർച്ചെ ഒരു മണി വരെയുള്ള സമയങ്ങളിലാണ്. ഈ സമയങ്ങളിൽ പലയിടത്തും പലതവണ വൈദ്യുതി പോകുന്ന അവസ്ഥായാണ്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഉറക്കം പോയ അവസ്ഥയിലാണ്.

വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി വിശദീകരിക്കുന്നത്. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. 2 ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർക്കാരിനു റിപ്പോർട്ട് നൽകും. ചരിത്രത്തിൽ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയർന്നു. യഥാർഥത്തിൽ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടിൽ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ൽ നിന്നതെന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.

രാത്രി സമയത്തുള്ള നിയന്ത്രണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. വൈദ്യുതി ലൈനിലേക്കു ചാഞ്ഞുനിൽക്കുന്ന ചില്ലകൾ വെട്ടുന്നതടക്കമുള്ള വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി പകൽ പലയിടങ്ങളിലും വൈദ്യുതി വിഛേദിക്കുന്നുണ്ട്. രാത്രി 10 മുതൽ പുലർച്ചെ 2 വരെ വൻകിട വ്യവസായങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കണമെന്നാണ നിർദ്ദേശം. ഈ സമയം ഒഴിവാക്കിക്കൊണ്ട് ജല അഥോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും ഈ സമയത്തു പ്രവർത്തിപ്പിക്കാൻ പാടില്ല.

രാത്രി 9 കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ ലൈറ്റുകളും ഓഫ് ചെയ്യണം. ഗാർഹിക ഉപയോക്താക്കൾ എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളിൽ സെറ്റ് ചെയ്യണം, പീക് ലോഡ് സമയത്ത് അനാവശ്യ ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കണം.

'ഇപ്പോഴത്തെ അസാധാരണ സാഹചര്യം പ്രകൃതി ദുരന്തമായി കണ്ട് രാത്രി 10 മുതൽ പുലർച്ചെ 2 വരെയുള്ള സമയത്ത് പരമാവധി ഉപയോഗം കുറയ്ക്കാൻ എല്ലാവരും സഹകരിക്കണം. സാങ്കേതിക കാരണത്താൽ വൈദ്യുതി മുടങ്ങുമ്പോൾ ബോർഡ് ഓഫിസുകളിൽ ബഹളം ഉണ്ടാക്കുന്നതും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതും പ്രവർത്തനം താറുമാറാക്കും. - മന്ത്രി പറഞ്ഞു.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചത് പാലക്കാടാണ്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ പുറത്തിറക്കി.

അത്യുഷ്ണത്തെ തുടർന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തിൽ 220 കെ.വി. മാടക്കത്തറ ഷൊർണൂർ, 110 കെ.വി. വെണ്ണക്കര- മണ്ണാർക്കാട്, ഷൊർണൂർ- എടപ്പാൾ, പാലക്കാട് - കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകിട്ട് 7 മുതൽ പുലർച്ചെ 1 വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയുണ്ട്.

അതിനാൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളിൽ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു പാലക്കാട് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. വൈദ്യുതി ഉപഭോഗം കൂടുന്ന സർക്കിളുകളിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിർദ്ദേശം ചീഫ് എൻജിനീയർമാർക്ക് കെഎസ്ഇബി നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ആദ്യ സർക്കുലർ ഇറങ്ങിയിരിക്കുന്നത്.