തിരുവനന്തപുരം: രണ്ടും കൽപ്പിച്ച് ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി കൂടിയായതോടെ കെ എസ് ആർ ടി സി സി എംഡി കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. ജീവനക്കാരുടെ അനാവശ്യ സമരങ്ങൾ ഇനി അനുവദിക്കില്ല. അതിശക്തമായ നിലപാടുകളിലേക്ക് ബിജു പ്രഭാകർ തീരുമാനിക്കുക.

ഇതിന്റെ ഭാഗമായി സർവീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സർവീസ് മുടക്കിയത് കാരണം കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായ നഷ്ടം, കാരണക്കാരായ ജീവനക്കാരിൽനിന്ന് തിരിച്ചു പിടിക്കാനാണ് ഉത്തരവ്. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ്. ഇത് തൊഴിലാളി സംഘടനയ്ക്ക് തലവേദനയാകും.

2022 ജൂൺ 26-ന് സർവീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടി നേരിട്ടത്. പാപ്പനംകോട് ഡിപ്പോയിൽനിന്ന് സർവീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ എട്ട് കണ്ടക്ടർമാരിൽ നിന്നും വികാസ് ഭവനിലെ സർവീസ് മുടക്കിയ കാരണം ഉണ്ടായ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാരിൽനിന്നും 12 കണ്ടക്ടർമാരിൽ നിന്നും ഈടാക്കും.

സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി ഉണ്ടായ നഷ്ടമായ 2,74,050 രൂപ തിരിച്ചുപിടിക്കും. പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി നഷ്ടമായ 3,30,075 രൂപയും തിരിച്ചു പിടിക്കാനാണ് ഉത്തരവായത്.

2021 ജൂലായി 12ന് ഡ്യൂട്ടി ക്രമീകരണങ്ങളിൽ പ്രതിഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കിയിരുന്നു. ഇതിലുണ്ടായ നഷ്ടമായ 40,277 രൂപ ഈ ജീവനക്കാരിൽ നിന്നു തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.