- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
140 കിലോമീറ്ററിൽ താഴെ ഓടാൻ പെർമിറ്റുള്ള സ്വകാര്യബസുകളിൽ പലതും ദൂരപരിധി കണക്കാക്കാതെ സർവീസ് നടത്തി; ഇത് നിയമവിരുദ്ധമായതിനാൽ ബസുകൾക്ക് പെർമിറ്റ് പുതുക്കിയില്ല; സ്വകാര്യബസുകൾ ഓടുന്ന ഇരുനൂറോളം റൂട്ടുകൾ കൂടി കെ എസ് ആർ ടി സിക്ക്; ഫാസ്റ്റ് പാസഞ്ചറുകളെത്തുമ്പോൾ നഷ്ടം യാത്രക്കാർക്കും; ആനവണ്ടി രക്ഷപ്പെടുമോ?
കൊല്ലം: സ്വകാര്യബസുകൾ ഓടുന്ന ഇരുനൂറോളം റൂട്ടുകൾ കൂടി കെ.എസ്.ആർ.ടി.സി.ക്ക്. ഇതോടെ ആനവണ്ടിയുടെ കഷ്ടകാലം മാറുമെന്നാണ് പ്രതീക്ഷ. പെർമിറ്റ് പുതുക്കാത്ത, 140 കിലോമീറ്റർ പരിധി നിശ്ചയിച്ച ഓർഡിനറി ബസുകളുടെ റൂട്ടുകളാണ് കോർപ്പറേഷൻ ഏറ്റെടുക്കുക. 140 കിലോമീറ്ററിൽ താഴെ ഓടാൻ പെർമിറ്റുള്ള സ്വകാര്യബസുകളിൽ പലതും ദൂരപരിധി കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായതിനാൽ ബസുകൾക്ക് പെർമിറ്റ് പുതുക്കിയില്ല. ഇതാണ് കെ എസ് ആർ ടി സിക്ക് അനുകൂലമാകുന്നത്. എന്നാൽ യാത്രക്കാർ ഇരുട്ടടിയാകാനും സാധ്യതയുണ്ട്.
470 സ്വകാര്യബസുകൾക്ക് പെർമിറ്റുണ്ടായിരുന്ന റൂട്ടുകളിൽ നിന്ന് 241 എണ്ണം വർഷങ്ങൾക്കുമുമ്പ് കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറുകൾ ഓടിച്ചു. സ്വകാര്യബസുകളാകട്ടെ ഓർഡിനറി ബസുകളുടെ നിരക്കിൽ ഓടുകയും ചെയ്തു. ഇനിയും ഇതേ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കൺസെഷൻ ബസുകൾ അടക്കം കുറയും. അതായത് കൂടിയ നിരക്കിൽ യാത്ര ചെയ്യേണ്ട സാഹചര്യം സാധാരണക്കാർക്കുണ്ടാകും.
ഓർഡിനറി ബസുകൾക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചിരുന്നു. ദൂരനിർണയം സംബന്ധിച്ച് കോർപ്പറേഷനും സ്വകാര്യബസുടമകളും തമ്മിലുള്ള നിയമപോരാട്ടത്തിൽ പലതവണ ഹൈക്കോടതിയുടെയും സർക്കാരുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഇടപെടലുണ്ടായി. ബസുടമകൾ ഈ വിഷയം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നു. ഉൾപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ താത്കാലികമായി പെർമിറ്റ് പുതുക്കിനൽകുകയും ചെയ്തു. പെർമിറ്റ് പുതുക്കാനുള്ള അപേക്ഷകളിൽ പലതിലും ദൂരപരിധി പാലിച്ചിട്ടുമില്ല.
ഇങ്ങനെയുള്ള ബസുകളുടെ വിവരങ്ങളും സമയപ്പട്ടികയും ആർ.ടി.ഓഫീസുകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർമാർ ശേഖരിച്ചു്. നാലുമാസത്തിനുള്ളിൽ ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളടക്കം ഓടിക്കാനാണ് കോർപ്പറേഷന്റെ നീക്കം. കട്ടപ്പുറത്തിരിക്കുന്ന 748 ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നത് ഇതിന് വേണ്ടിയാണ്. ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെയും നിയമിക്കും.
റൂട്ടുകൾ ഏറ്റെടുക്കാനുള്ള കെ.എസ്.ആർ.ടി.സി.തീരുമാനം നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ പൂർണമായും തകർക്കും. ഗ്രാമപ്രദേശങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. ഏറ്റെടുക്കുന്നത്. ദൂരപരിധി പാലിച്ച് നടത്തുന്ന സർവീസുകൾ ജനങ്ങൾക്ക് പ്രയോജനകരമാകില്ല. ഉടമകൾക്കും ഈ സർവീസുകൾ നഷ്ടമുണ്ടാക്കുമെന്നാണ് വാദം.
സംസ്ഥാനത്തെ 31 റൂട്ടുകൾ ദേശസാത്കരിച്ച് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് 140 കി.മീ. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്തിയത്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾക്ക് എത്ര ദൂരവും സർവിസ് നടത്താനുള്ള അനുമതി കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിനെ ബാധിച്ചതായി ചൂണ്ടിക്കാട്ടി എം.ഡി.യായിരിക്കെ രാജമാണിക്യമാണ് സർക്കാറിന് കത്ത് നൽകിയത്. മോട്ടോർ വാഹനച്ചട്ടമനുസരിച്ച് ഓർഡിനറി സർവിസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയർസ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തുകയും വേണം. ഇതാണ് കഴിഞ്ഞ സർക്കാർ എടുത്തുകളഞ്ഞത്.
ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകളെ 2013ൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇതിനത്തെുടർന്ന് പെർമിറ്റ് നഷ്ടപ്പെട്ട 228 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാണ് ചട്ടഭേദഗതി കൊണ്ടുവന്നത്. 241 റൂട്ടുകളിലാണ് ഇവ സർവിസ് നടത്തിയിരുന്നത്. 800 കിലോമീറ്ററിലധികം ദൂരം സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സി ബസുകൾക്കൊപ്പം ഓടുന്നുണ്ട്. പിന്നീട് ദൂരപരിധി വിനയായി മാറി. സ്വകാര്യ ബസുകൾക്ക് പെർമിറ്റും നഷ്ടമായി.
മറുനാടന് മലയാളി ബ്യൂറോ