- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ആർ ടി സിയിൽ ഗണേശ് ഇഫക്ട് തുടങ്ങുമ്പോൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ കെ ബി ഗണേശ് കുമാറിന്റെ ഇടപെടലുകൾ തുടങ്ങി. ചെലവ് ചുരുക്കുകയും അഴിമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വാഹനഘടകങ്ങൾ വാങ്ങുന്നതിനുള്ള ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായി. മന്ത്രി ഗണേശിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.
മൂന്നുമാസത്തേക്കുള്ള അവശ്യ ഘടകങ്ങൾ മാത്രമാകും വാങ്ങുക. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്വേർ സജ്ജീകരിക്കും. ആവശ്യമില്ലാത്ത ഘടകങ്ങൾ ഇപ്പോഴും വാങ്ങുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് നേരത്തെ ഗണേശ് കുമാർ അറിയിച്ചിരുന്നു. എല്ലാ മാസവും മുടങ്ങാതെ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടി കൂടിയാണ് ഇതെല്ലാം. പ്രായോഗിക തലത്തിലെ ചെലവ് കുറയ്ക്കൽ തുടങ്ങി വയ്ക്കുകയാണ് ഗണേശ് കുമാർ.
ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള വരുമാനം കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്നില്ലെന്ന മാനേജ്മെന്റ് നിലപാട് തട്ടിപ്പാണെന്ന കണക്കുകൾ പുറത്തു വന്നിരുന്നു. 2023 ജനുവരി 22 മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള ഒരു മാസത്തെ വരുമാനം 194.91 കോടിയായിരുന്നു. ശരാശരി പ്രതിദിന വരുമാനം 6.29 കോടി. ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടമായ 2022 നവംബർ 14 മുതൽ 2022 ഡിസംബർ 14 വരെയുള്ള വരുമാനമാകട്ടെ 214.30 കോടിയും. ശരാശരി പ്രതിദിന വരുമാനം 6.913 കോടി. ശബരിമല തീർത്ഥാടനവും ക്രിസ്മസ് അവധിയും ചേരുന്ന 2022 ഡിസംബർ 14 മുതൽ 2023 ജനുവരി 13 വരെയുള്ള വരുമാനം 227.23 കോടിയായിരുന്നു. ഈ കണക്കുകളെല്ലാം ഗണേശും പരിശോധിച്ചു. ഇതിന് ശേഷമാണ് ചെലവ് ചുരുക്കി എല്ലാം നേരെയാക്കാനുള്ള തീരുമാനം.
പ്രതിദിന ശരാശരി വരുമാനം 7.33 കോടി രൂപ. ഇവയുടെ ശരാശരി എടുത്താൽ 6.84 കോടി. പ്രതിമാസ വരുമാനം 212 കോടി. കോർപറേഷന്റെ കണക്കുകൾ പ്രകാരം പ്രതിമാസ ചെലവുകൾ ഇങ്ങനെയാണ്. ഡീസൽ 98 കോടി, ശമ്പളം 84 കോടി, ടയർ, സ്പെയർ പാർട്സ് 10 കോടി, വൈദ്യുതി, വെള്ളം, ടോൾ, ഇൻഷുറൻസ് 11കോടി. മറ്റ് ചെലവുകൾ 10 കോടി. ഇതനുസരിച്ച് ആകെ നടത്തിപ്പ് ചെലവ് 213 കോടി. ഇതുകൂടാതെ പെൻഷന് 75 കോടിയും വായ്പ തിരിച്ചടവിനും പലിശക്കുമായി 31 കോടിയും വേണം. അതായത് ഡ്രൈവർക്കും കണ്ടക്ടർക്കും എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകാൻ അവർ കൊണ്ടുവരുന്ന 212 കോടി മതിയാകും. സെപ്യർ പാർട്സിന് കൊടുക്കുന്നത് പരമാവധി കുറയ്ക്കും. മറ്റ് ചെലവുകളും പരിമിതപ്പെടുത്തും. ഇതിലൂടെ തന്നെ കുറച്ച് ലാഭം കിട്ടും. എങ്ങനേയും വരുമാനത്തിൽ നിന്ന് ശമ്പളം കൊടുക്കുകായണ് ലക്ഷ്യം.
ഡിപ്പോകളിലെ വരവ് ചെലവ് യഥാസമയം ചീഫ് ഓഫീസിൽ അറിയിക്കുന്നതിനും സംവിധാനം ഒരുക്കും. നിയമന നിരോധനം തുടരും. വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്കു പകരം പുതിയ നിയമനം ഉണ്ടാകില്ല. എല്ലാ ജീവനക്കാരേയും പണിയെടുപ്പിക്കുമെന്നും ഗണേശ് കുമാർ അറിയിച്ചിട്ടുണ്ട്. അതിവേഗം ലാഭത്തിലേക്ക് കെ എസ് ആർ ടി സിയെ എത്തിക്കാനുള്ള മാസ്റ്റർ പ്ലാനാണ് മന്ത്രി തയ്യാറാക്കുന്നത്. ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനുള്ള മാർഗങ്ങൾ കണ്ടെത്തണം. കെഎസ്ആർടിസി കൂടുതൽ ജനകീയമാക്കുമെന്നും നഷ്ടത്തിലോടുന്ന റൂട്ടുകൾ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.ബി.ഗണേശ്കുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സി.എം.ഡി. ബിജു പ്രഭാകർ സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. ചില കാര്യങ്ങളിൽ ഉദ്യോഗസ്ഥരോടു മന്ത്രി വിശദീകരണം തേടി. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. കോർപറേഷനിൽ ചെലവ് ചുരുക്കൽ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേശ് കുമാറിന്റെ നിർദ്ദേശം. ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലായിരിക്കും ഇനി കൂടുതൽ നിയമനം നടക്കുക. മിനിസ്റ്റീരിയൽ സ്റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ വാളകത്തെ വസതിയിലും യോഗം ചേർന്നിരുന്നു. നേരത്തെ കെഎസ്ആർടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും, ഇപ്പോഴുള്ള അപകടാവസ്ഥയിൽനിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെബി ഗണേശ് കുമാർ പറഞ്ഞിരുന്നു. ഇതിനായി തൊഴിലാളികളും അവരുടെ യൂണിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.
കാര്യങ്ങൾ പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെയുള്ളവ ഉടൻ നടപ്പാക്കുമെന്നും അധികാരമേറ്റയുടൻ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മന്ത്രി കൂടുതൽ തീരുമാനങ്ങളുമായി രംഗത്ത് വരുന്നത്.