തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്നും സിഎംഡി ബിജു പ്രഭാകർ ഒഴിയുമെന്ന് സൂചന. വൈദ്യുതബസ് വാങ്ങലിൽ ഉൾപ്പെടെ മന്ത്രി കെ.ബി. ഗണേശ്‌കുമാറുമായുള്ള അഭിപ്രായഭിന്നത കെ.എസ്.ആർ.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന് ബിജുപ്രഭാകറിന്റെ മാറ്റത്തിന് വഴിതെളിയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിക്കു താത്പര്യമില്ലെങ്കിൽ സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധനാണെന്നാണ് മാതൃഭൂമി വാർത്ത. ഇതോടെ കെ എസ് ആർ ടി സിയിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുകയാണ്.

ഇ-ബസുകൾ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സർക്കാർ തിരുത്തിയിരുന്നു. എന്നാൽ, താൻ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തിൽ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതിൽ ഗണേശ് കുമാറിന് അതൃപ്തിയുണ്ട്. ഇനി തീരുമാനം എടുക്കില്ലെന്നും എല്ലാം ഉദ്യോഗസ്ഥർ പറയുമെന്നും ഗണേശ് പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗണേശ് പറഞ്ഞതാണ് ശരിയെന്ന് വിശദീകരിച്ച് കോൺഗ്രസ് എംഎൽഎ എം വിൻസന്റ് തെളിവുകളും പുറത്തു വിട്ടു. ഇതെല്ലാം കെ എസ് ആർ ടി സി നേതൃത്വത്തിന് പുതിയ തലവേദനയാണ്.

സ്‌പെയർപാർട്‌സ് വാങ്ങൽ, ഓൺലൈൻ നിരീക്ഷണസംവിധാനം, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയിൽ ഉൾപ്പെടെ മുൻഗാമി ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കാരങ്ങളിൽ കാതലായ മാറ്റം ഗണേശ്‌കുമാർ നിർദ്ദേശിച്ചിട്ടുണ്ട്. ബിജുപ്രഭാകർ തിങ്കളാഴ്ച മന്ത്രിയെ കാണുന്നുണ്ട്. സിറ്റി ഡിപ്പോകളിലെ ബസുകളുടെ ഷെഡ്യൂൾ പരിഷ്‌കരണമാണ് ചർച്ചാവിഷയം. ഈ യോഗത്തിന് മുമ്പ് ബിജു പ്രഭാകർ രാജി സന്നദ്ധത അറിയിക്കും. ഇതിൽ മന്ത്രി എന്തു നിലപാട് എടുക്കുമെന്നതാണ് പ്രസക്തം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് തീരുമാനിക്കുമെന്നതും നിർണ്ണായകമാണ്. ബിജു പ്രഭാകറിന്റെ രാജി മുഖ്യമന്ത്രി അംഗീകരിക്കില്ലെന്നാണ് സൂചന.

വൈദ്യുതബസുകൾ ലാഭകരമാണെന്ന റിപ്പോർട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഗണേശ്‌കുമാർ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാൻ ബിജുപ്രഭാകർ ഓസ്‌ട്രേലിയിലെ സിഡ്നിയിലേക്ക് പോയതിനാൽ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയെ കണ്ടത്. ബസുകളുടെ വരുമാനം അടുത്തദിവസം തൊഴിലാളിസംഘടനകൾക്ക് കൊടുക്കാറുള്ളതിനാൽ ഇതിൽ രഹസ്യസ്വഭാവമില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്.

കെഎസ്ആർടിസി സ്വിഫറ്റ് കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്ന് കാണിച്ച് മാനേജ്‌മെന്റ് മന്ത്രിക്ക് നൽകിയ കണക്കുകളിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്നും പി.എം.ഐ കമ്പനിയുടെ 50 ഇലക്ട്രിക് ബസുകളുടെ പർച്ചേസുകളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് സംശയിക്കുന്നതായും എം.വിൻസെന്റ് എംഎൽഎ വാർത്താസമ്മേളനത്തിൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രണ്ടോ മൂന്നോ ഇലക്ട്രിക് ബസുകൾ വാങ്ങി ഓടിച്ച് ഗുണനിലവാരം മനസ്സിലാക്കാതെ ഒറ്റയടിക്ക് 50 ബസുകൾ നാല് ശതമാനം കിഫ്ബി വായ്പയ്ക്ക് വാങ്ങിയത് അഴിമതി ആണെന്നും പുതിയ ബസുകളിൽ റിജക്ടഡ് സ്റ്റിക്കർ ഒട്ടിച്ചിരുന്നതായും ആരോപിച്ചു.

ഇലക്ട്രിക് ബസുകളുടെ പർച്ചേസ് ഉടമ്പടിയും, വാങ്ങുന്നതിന് മുൻപ് ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടും മാനേജ്‌മെന്റ് പുറത്തു വിടണം.മാനേജ്‌മെന്റ് കണക്കുകൾ പ്രകാരം 6026 രൂപ ഒരു ബസ്സിന് പ്രതിദിന വരുമാനവും 4752 രൂപ പ്രതിദിന ചെലവുമാണ്, എന്നാൽ യഥാർത്ഥ ചെലവിൽ ലോൺ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂടെ കൂട്ടിയാൽ 4546 രൂപ കൂടെ വരും. ഒരു ഇലക്ട്രിക് ബസ് പ്രതിദിനം 9299 രൂപയാണ് യഥാർഥ ചെലവ്. അങ്ങനെയാകുമ്പോൾ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 3273 രൂപയും പ്രതിവർഷം 11.78 ലക്ഷം രൂപയും നഷ്ടം വരും. അങ്ങനെ 50 ബസുകൾക്ക് പ്രതിവർഷം 5.89 കോടി നഷ്ടത്തിലാണ് ബസ് ഓടിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

നിലവാരമില്ലാത്ത മെഷീനുകൾ വാങ്ങിയിട്ട് അത് മറയ്ക്കാൻ 2 വർഷത്തിനിടയിൽ വീണ്ടും പ്രതിവർഷം 10 കോടിയിലേറെ രൂപ ചെലവിട്ട് പുതിയ ഇറ്റിഎമ്മുകൾ വാങ്ങുകയാണ്. ജീവനക്കാരുടെ എൻപിഎസ്, എൻഡിആർ, പിഎഫ് തുടങ്ങി ശംബളത്തിൽ നിന്നും പിടിക്കുന്ന ഒരു രൂപ പോലും അവർക്കു നൽകുന്നില്ല. പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഒന്നര വർഷമായി തടഞ്ഞു വച്ചിരിക്കുന്നു. കെഎസ്ആർറ്റിസിയെ മുച്ചൂടും മുടിച്ച് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മാനേജ്‌മെന്റിനെ പുറത്താക്കി ക്യത്യമായി ശംബളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാനുള്ള നടപടികൾ പുതിയ ഗതാഗത മന്ത്രി സ്വീകരിക്കണം.

ജീവനക്കാരെ പട്ടിണിയിലാക്കിയ പരാജയപ്പെട്ട പരിഷ്‌കാരങ്ങൾ ഏകപക്ഷീയമായി കൊണ്ടുവന്ന മാനേജ്‌മെന്റിൽ നിന്നും കെ.എസ് ആർ.ടി.സിക്ക് നഷ്ടമായ കോടികണക്കിന് രൂപ പിടിച്ചെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.