- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജു പ്രഭാകറിന്റെ മാറ്റത്തിൽ അനിശ്ചിതത്വം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ തൽകാലം മാറ്റില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഒഴിവാക്കി തരണമെന്ന് ബിജു പ്രഭാകർ ആവശ്യം ഉന്നയിച്ചിരുന്നു. ബിജു പ്രഭാകറെ മാറ്റും വരെ കെ എസ് ആർ ടി സിയിൽ നയപരമായ ഇടപെടലൊന്നും നടത്തില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ കാര്യത്തിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ബിജു പ്രഭാകറിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയവും.
എന്നാൽ കെഎസ്ആർടിസി -സ്വിഫ്റ്റ് എംഡി സ്ഥാനം ബിജുപ്രഭാകർ ഒഴിഞ്ഞേ മതിയാകൂവെന്ന തീരുമാനത്തിലാണ് ബിജു പ്രഭാകർ. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്നാണ് വിശദീകരണം. ജോലിത്തിരക്കുകളാൽ കെഎസ്ആർടിസിക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഗതാഗത വകുപ്പ് മന്ത്രി വന്നതും മന്ത്രി ഗണേശ് കുമാറിന്റെ തീരുമാനങ്ങൾക്കും നടപടികൾക്കും വിലക്കും തിരുത്തും വന്നതും മറ്റും പ്രതിസന്ധിക്ക് കാരണമാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്.
വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടും ചീഫ് സെക്രട്ടറി വി.വേണുവിനോടുമാണ് ബിജു പ്രഭാകർ തന്നെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. പുതിയ മേധാവിയെ നിയോഗിക്കുന്നതുവരെ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിന് ചുമതല നൽകുന്നതും മന്ത്രി ആലോചിച്ചിരുന്നു. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസ തുടർന്നാണ് പദവി ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സ് ബിജു പ്രഭാകറിനൊപ്പമാണ്. തൽകാലം മാറ്റേണ്ടതില്ലെന്നാണ് പക്ഷം.
മാറാനുള്ള ബിജുപ്രഭാകറിന്റെ താൽപ്പര്യം ഗതാഗത മന്ത്രിയുടെ ഓഫീസ് വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചില്ല. ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആ സ്ഥാനത്ത് തുടരാനാണ് സാദ്ധ്യത. കെ.ടി.ഡി.എഫ്.സി സി.എം.ഡിയുടെ ചുമതലയും ബിജുവിനാണ്. ഇലക്ട്രിക് ബസുമായുള്ള വിവാദങ്ങളാണ് മന്ത്രിയേയും കെ എസ് ആർ ടി സി എംഡിയേയും അകറ്റിയത്. ഇതോടെയാണ് ബിജു പ്രഭാകർ സ്ഥാനം ഒഴിയാൻ സന്നദ്ധനായത്.
കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടര വർഷമായി നടന്നുവന്ന പരിഷ്‌കാര പ്രവർത്തനങ്ങളെല്ലാം ശരിയല്ലെന്ന മന്ത്രി ഗണേശ് കുമാറിന്റെ നിലപാടിൽ ബിജു പ്രഭാകർ അതൃപ്തനായിരുന്നു. ഇ ബസ് നഷ്ടമാണെന്ന് അധികാരമേറ്റ ഉടൻ മന്ത്രി ഗണേശ് വാദിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്തു വന്നത്. ഇത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.
അതിനു പിന്നാലെ എം.ഡിയെ മാറ്റാനുള്ള നീക്കം സജീവമായിരുന്നു. ഇതിനിടെ ഗതാഗതമന്ത്രിക്ക് അനുകൂലമായ കണക്കും പുറത്തു വന്നു. ഇ ബസിൽ അഴിമതിയും ആരോപിച്ചു.