- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശ് മന്ത്രിയാകുമ്പോൾ രീതികളും മാറുന്നു; കെ എസ് ആർ ടി സിയിൽ 'വിപ്ലവം' വരുമോ?

തിരുവനന്തപുരം: ഇനി പഴയ പരിപാടികൾ കെ എസ് ആർ ടി സിയിൽ നടക്കില്ല. ധൂർത്തും അഹങ്കാരവും വിലപോവില്ല. ഈ സന്ദേശം നൽകി അനാവശ്യമായി ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടിരിക്കുകയാണ് മാനേജ്‌മെന്റ്. മന്ത്രി കെബി ഗണേശ് കുമാർ ഗതാഗത മന്ത്രിയായതിന്റെ മാറ്റം. സിഎംഡിയുടെ കരങ്ങൾക്ക് കൂടുതൽ ശക്തി വരികയാണ്. യൂണിയൻ നേതാക്കളുടേയും രാഷ്ട്രീയ പരിചയങ്ങളുടേയും പിൻബലത്തിൽ ഇനി കാര്യങ്ങൾ നടക്കില്ലെന്ന് കെ എസ് ആർ ടി സി പറഞ്ഞു വയ്ക്കുകയാണ് ഈ നടപടികളിലൂടെയാണ്.
രണ്ടു സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. പാറശാല ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്. ഇതേ ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്ത് രവി, പാറശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിക്കുന്ന ചാർജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡീസൽ പാഴാക്കാൻ ആരേയും അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഈ നടപടികളിലും ചർച്ചയാക്കുകായണ് സിഎംഡി. ഇനി എല്ലാ യൂണിറ്റുകളിലും സിഎംഡി അപ്രതീക്ഷിത സന്ദർശനം നടത്തും. മന്ത്രി ഗണേശും ഇത് ആലോചിക്കുന്നുണ്ട്. ഇതിലൂടെ ജീവനക്കാരുടെ പ്രവർത്തന വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം. യൂണിയനുകളുടെ അതിപ്രസരത്തെ വകവയ്ക്കാതെയുള്ള 'വിപ്ലവമാണ്' ഈ നടപടികൾ. ഇതിനെ യൂണിയനുകൾ എങ്ങനെ നേരിടുമെന്ന ചോദ്യമാണ് ഉയരുന്നതും.
ഇപ്പോൾ നടപടിക്ക് കാരണമായ സംഭവം ജനുവരി 9ന് ആയിരുന്നു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിൻകര - കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന സിഎസ് 88 (ജെഎൻ 548) നമ്പർ ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബസ് സ്റ്റാർട്ടിങ്ങിൽ നിർത്തിയിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ സെൽഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവർ പരുഷമായി മറുപടി നൽകി. ഒരു തുള്ളി ഡീസൽ പോലും പാഴാക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ അനാവശ്യമായി ബസ് സ്റ്റാർട്ടിങ്ങിൽ നിർത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത താൽക്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ 20 മിനിറ്റോളം എൻജിൻ ഓഫാക്കാതെ ബസ് സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തി.
വരുമാനത്തിന്റെ 50 ശതമാനത്തോളം തുക ഡീസലിനായി ചെലവാകുന്ന നിലവിലെ സാഹചര്യത്തിൽ, 20 മിനിറ്റോളം ബസ് സ്റ്റാർട്ട് ചെയ്ത് ഡീസൽ ദുരുപയോഗം ചെയ്തത് നിരുത്തരവാദപരമായ പ്രവൃത്തിയായതു കൊണ്ടാണ് താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടത്. കോർപറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ ശ്രീജിത്ത് രവി, തന്റെയൊപ്പം ജോലി ചെയ്ത താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതു തടഞ്ഞില്ല. ഇതിനാണു കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തത്. ബസിന്റെ തകരാർ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് കെ.സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. മൂന്ന് പേരും ഒരേ തെറ്റാണ് ചെയ്തതെന്നാണ് വിലയിരുത്തൽ. തെറ്റ് ചെയ്താൽ ഉടൻ നടപടിയെടുക്കുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. യൂണിയനുകളേയും വിഷമത്തിലാക്കുന്നതാണ് നടപടി.
കോർപറേഷൻ പ്രതിമാസം 12 കോടിയോളം രൂപ സ്‌പെയർ പാർട്‌സിനായി ചെലവാക്കുന്നുണ്ട്. ഈ ബസിന് ആവശ്യമായ സ്‌പെയറുകൾ സമയബന്ധിതമായി വരുത്തി തകരാർ പരിഹരിച്ചില്ല, വാഹനങ്ങളുടെ സൂപ്പർ ചെക്ക് നടത്തിയില്ല, കോർപറേഷൻ നിഷ്‌കർഷിച്ചിരിക്കുന്ന തരത്തിൽ യഥാസമയം വാഹന പരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തി നഷ്ടമുണ്ടാക്കി എന്നിവ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് പാറശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിക്കുന്ന ചാർജ്മാൻ കെ.സന്തോഷ് കുമാറിനെതിരായ നടപടി. മുമ്പ് ഇത്തരത്തിൽ വിശദമായ നടപടികൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഒരു പിഴവുണ്ടായാൽ കാര്യകാരണം കണ്ടെത്തി നടപടികൾ വരുമെന്ന സന്ദേശമാണ് ഗതാഗത മന്ത്രിയും സിഎംഡിയും നൽകുന്നത്.
ഇത്തരം തെറ്റുകൾ ചെയ്യുന്നത് അനുവദിക്കില്ല. ബസുകളുടെ അറ്റകുറ്റപണികൾ യഥാസമയം നിറവേറ്റണമെന്നാണ് ഗതാഗത മന്ത്രി എടുത്തിരിക്കുന്ന തീരുമാനം. ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷമാണ് മൂന്ന് പേർക്കെതിരെ നടപടി എടുക്കുന്നത്.

